കുവൈത്ത് സിറ്റി : ഇന്ത്യയുടെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യന്‍ എംബസി വിപുലമായാണ് ആഘോഷിച്ചത്. വര്‍ണാഭമായ പരിപാടികളാണ് ആഘോഷപരിപാടികളോടനുബന്ധിച്ച് സംഘടിപ്പിച്ചത്. രാവിലെ 8മണിക്ക് ഇന്ത്യന്‍ അംബാസിഡര്‍ ജീവാസാഗര്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം ഇന്ത്യന്‍ സമൂഹവുമായി അംബാസിഡര്‍ പങ്കുവച്ചു.
ഇന്ത്യന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള ആള്ക്കാര് ആഘോഷപരിപാടികളിലേക്ക് എത്തിച്ചേര്‍ന്നു. നാട്ടിലെ പ്രളയക്കെടുതിയുടെ നടുക്കത്തിലായതിനാല് മലയാളികള്‍ക്കിടയിലെ പതിവ് ആവേശം കാണാനായില്ല. എങ്കിലും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ എല്ലാവര്‍ക്കുമൊപ്പം അവരും അണിചേര്‍ന്നു. സാംസ്കാരിക പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍, ക്യാമ്പുകളില്‍ നിന്നും തൊഴിലാളികളടക്കം ചടങ്ങിന് സാക്ഷികളായി.
മുന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ സ്വതന്ത്ര്യദിന സന്ദേശത്തില്‍ അംബാസിഡര്‍ അനുസ്മരിച്ചു. വിവിധ സംഘടനകളിലെയും കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും ആഘോഷങ്ങളുടെ മോടികൂട്ടി. കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും വിപുലമായ പരിപാടികളോടെയാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: