കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അനധികൃത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതി നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഓള്‍ ഇന്ത്യ ശബരിമല ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ അടക്കമുള്ളവരെ പ്രതിയാക്കി നിയമവിരുദ്ധമായി എടുത്തിരിക്കുന്ന കേസുകള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ശബരിമല കര്‍മസമിതി നേതാക്കളായ എസ്‌ജെആര്‍ കുമാറും കെ.പി ശശികല ടീച്ചറും റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തത്.
ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ജനുവരി മൂന്നിന് സമാധാനപരമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ യുവതികളെ പ്രവേശിപ്പിച്ച ജനുവരി രണ്ട് മുതല്‍ ഭക്തജന പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭക്തജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നതോടെ അതിനെ സര്‍ക്കാര്‍ അക്രമമായി ചിത്രീകരിച്ച് കേസെടുത്തു. ശബരിമല കര്‍മസമിതി നേതാക്കള്‍ക്കെതിരെ നൂറുകണക്കിന് കേസുകളാണ് സംസ്ഥാനത്ത് ഉടനീളമുള്ള പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്.
മാത്രമല്ല ഹര്‍ത്താലില്‍ ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക് നേതാക്കളും ഉത്തരവാദികളാണെന്നുകാട്ടി ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജിനല്‍കി. അതിന്റെ പശ്ചാത്തലത്തില്‍ ശബരിമല കര്‍മസമിതിയുടെ അഖിലേന്ത്യാ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ഡിജിപിക്ക് കത്തെഴുതി.
തുടര്‍ന്ന് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍, പിഎസ്‌സി മുന്‍ ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തു. ഇത് നിയമ വിരുദ്ധമാണെന്നും റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജ്ജി നല്‍കിയത്. കേസ് ഈ മാസം 21 ന് പരിഗണിക്കും.
















