ഇന്ന് ഭാരതം മറ്റൊരു സ്വാതന്ത്ര്യദിനംകൂടി ആഘോഷിക്കുകയാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം കൈവശംവച്ചിരുന്ന ഭാരതഭൂമിയെ സഹനസമരംകൊണ്ട് തിരിച്ചുപിടിച്ച ദിവസത്തിന്റെ ഓര്‍മപുതുക്കല്‍. ദേശീയ സ്വാതന്ത്ര്യദിനം കരിദിനമായും കരിങ്കാലിദിനമായും കണ്ട് ചങ്ങലയും മതിലുമൊക്കെ പണിതവരുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ ഭാരതവിരുദ്ധ മുദ്രാവാക്യം വിളിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചവരുമുണ്ടായിരുന്നു. ചിലര്‍ സ്ഫോടനങ്ങളും വിധ്വംസകപ്രവര്‍ത്തനങ്ങളും നടത്തി ഓഗസ്റ്റ് 15ന്റെ മഹത്വത്തെ കളങ്കപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഭാരതീയര്‍ സ്വാതന്ത്ര്യദിനം ദേശീയപതാക ഉയര്‍ത്തിയും സമരസ്മരണകള്‍ ഉണര്‍ത്തിയും ആഘോഷിച്ചിരുന്നു. എന്നാല്‍ ഇത്തവണ ആഘോഷത്തിന് വലിയ മറ്റൊരു മാനംകൂടിയുണ്ട്. ജമ്മുകശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചശേഷം നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷം എന്നതാണത്. കശ്മീരില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ ത്രിവര്‍ണപതാക ഇന്നുയരും. മുന്‍പൊന്നും ഉണ്ടാകാത്ത കാര്യമാണിത്. അരലക്ഷത്തോളം പതാകകളാണ് ഇതിനായി അവിടെയെത്തിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലെയും രാഷ്ട്രീയം, കായികം, സിനിമ, സാഹിത്യം തുടങ്ങിയ മേഖലകളിലെ തലയെടുപ്പുള്ളവര്‍ ദേശീയപതാക ഉയര്‍ത്തി കശ്മീരി ജനതയിലും സ്വാതന്ത്ര്യത്തിന്റെ സന്ദേശം എത്തിക്കും.
സ്വാതന്ത്ര്യം ഭാരതത്തിന് നേടിത്തന്നവര്‍ എന്നുപറഞ്ഞ് രാഷ്ട്രീയം കളിക്കുന്നവര്‍ നിര്‍ഭാഗ്യവശാല്‍ ദേശവിരുദ്ധശക്തികള്‍ക്കൊപ്പം നില്ക്കുന്ന കാഴ്ചയും ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രത്യേകതയാണ്. കശ്മീരിനെ പൂര്ണസ്വതന്ത്രയാക്കി ഭാരതത്തില്‍ ലയിപ്പിക്കാത്തതിന് പ്രധാനകാരണം 370-ാം വകുപ്പായിരുന്നു. അത് മാറ്റണമെന്ന് ഔദ്യോഗിക നിലപാടെടുത്തിരുന്നവരാണ് കോണ്‍ഗ്രസ്. പാര്‍ലമെന്റ് ഇക്കാര്യം നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഗീയ പ്രീണനത്തിന്റെയും വോട്ടുരാഷ്ട്രീയത്തിന്റെയും കുടുംബതാല്പ്പര്യത്തിന്റെയും പേരില്‍ നടപടിയെടുത്തില്ല. ബിജെപിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ പൂപറിക്കുന്ന ലാഘവത്തോടെ 370-ാം വകുപ്പ് ചരിത്രത്തിന്റെ ഭാഗമാക്കിയപ്പോള്‍ അനുകൂലിക്കുന്നതിന് പകരം എതിര്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. കശ്മീരിനെ പ്രശ്നബാധിത പ്രദേശമായി എന്നും കാണണമെന്ന ആഗ്രഹത്തോടെയായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനവും പ്രസ്താവനകളും. കശ്മീരില്‍ എന്തൊക്കെയോ അരുതാത്തത് നടക്കുന്നുവെന്ന് മൈക്ക് കെട്ടി പറയാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്. ഇടത് നേതാക്കള്‍ അത് ചെയ്തതില്‍ അത്ഭുതപ്പെടാനില്ല. ദേശീയതയെ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാകാത്ത അവര്‍ അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. 1947 ആഗസ്റ്റ് 15ന് ലഭിച്ച സ്വാതന്ത്ര്യത്തെ സ്വാതന്ത്ര്യമായി ആദ്യകാലത്തൊന്നും കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിച്ചില്ലെന്ന ചരിത്രംകൂടി കൂട്ടിവായിക്കണം.
സ്വാതന്ത്ര്യ സമരത്തിന്റെ അവകാശംപേറുന്ന കോണ്‍ഗ്രസുകാര്‍ക്കും ഭാരതം നിരവധി ദേശീയതകളുടെ കൂട്ടായ്മയാണെന്ന് പറഞ്ഞുനടക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്കുന്ന ചുട്ട മറുപടികൂടിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവികളെല്ലാം എടുത്തുകളഞ്ഞ് മറ്റേതുസംസ്ഥാനത്തെയുംപോലെ ആക്കിയതിനുശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യദിനം എന്നതുമാത്രമല്ല കാരണം. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥവും അതിന്റെ ശക്തിയും എന്താണെന്ന് ഭാരതീയരെയും ലോകത്തെയും കാട്ടിക്കൊടുക്കുന്ന ശക്തമായ ഒരു ഭരണനേതൃത്വത്തിന്റെ കീഴിലാണ് ഇത്തവണത്തെ ആഗസ്റ്റ് 15 കടന്നുവരുന്നത് എന്നതാണത്. ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും ഉറപ്പാക്കുമെന്നും ഓരോ ഭാരതീയനും പ്രതിജ്ഞ ചെയ്യാനും ഉജ്ജ്വലമായ സ്വാതന്ത്ര്യസമര ചരിത്രം അയവിറക്കുവാനും സ്വാതന്ത്ര്യത്തിനായി ബലിദാനികളായവരുടെ ജീവിതം പഠിക്കാനും ഈ ആഘോഷവേളയില്‍ നമുക്ക് കഴിയണം. ത്രിവര്‍ണപതാക നാടെങ്ങും പാറിക്കളിക്കുമ്പോള്‍ ഉണ്ടാകുന്ന അഭിമാനബോധമായിരിക്കണം നമ്മുടെ ശക്തി. അതിനുതകുന്ന നേതൃത്വമാണ് നമുക്കുള്ളതെന്ന് അഭിമാനിക്കാം. ലോകം ഭാരതത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ സ്വാതന്ത്ര്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പ്രയോഗപഥത്തില്‍ കൊണ്ടുവരാന്‍ നമുക്ക് കഴിയണം. പുതിയൊരു ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷമായി ഇത്തവണത്തെ ആഘോഷങ്ങളെ വിലയിരുത്തിയാലും തെറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: