പൊതുപ്രവര്‍ത്തനരംഗം നേരിടുന്ന വലിയ പ്രശ്നം മാതൃകകളുടെ അഭാവമാണ്. ജീവിതം തന്നെ സമൂഹത്തിന് വേണ്ടി സമര്‍പ്പിക്കുവാന്‍ തയ്യാറാകുമ്പോള്‍ ആ വ്യക്തിത്വത്തിന് ചുറ്റും ആകൃഷ്ടരായി ജനങ്ങള്‍ ഒത്തുകൂടുക സ്വാഭാവികം മാത്രം. അദ്ദേഹത്തില്‍ നിന്നും മഹത്തായ സന്ദേശങ്ങള്‍ ഏറ്റുവാങ്ങും. അങ്ങനെയാണ് സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാവുക. 25 വര്‍ഷം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ എം.പി. മന്മഥന് സാര്‍ തന്റെ നിസ്തന്ത്രമായ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലുണ്ടാക്കിയ മാറ്റം ഇന്നും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു. അറുപത് വര്‍ഷത്തിലേറെ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക ധാര്‍മ്മിക രംഗങ്ങളില്‍ ആദര്‍ശനിഷ്ഠമായ ജീവിതം നയിച്ച് മന്മഥന് സാര്‍ വേറിട്ടൊരു വ്യക്തിത്വമായത് അദ്ദേഹത്തിന്റെ അചഞ്ചലവും ധീരോദാത്തവുമായ നിലപാടുകളും ലാളിത്യമേറിയ പൊതുപ്രവര്‍ത്തനജീവിതവും വഴിയാണ്. ആകര്‍ഷകമായ ആ ഉജ്ജ്വല വ്യക്തിത്വം ജനങ്ങള്‍ക്കാകെ ആശയും ആവേശവുമായി. മദ്യവര്‍ജ്ജനം, ഭൂദാനം, സര്‍വ്വോദയം, അദ്ധ്യാപനം, കലാരംഗം, സാമുദായികം, പൗരാവകാശ സംരക്ഷണം, മതസൗഹാര്‍ദ്ദ യത്നങ്ങള്‍, പത്രപ്രവര്‍ത്തനം തുടങ്ങി വിവിധമേഖലകളിലും സന്ദര്‍ഭങ്ങളിലും അദ്ദേഹം കാട്ടിയ പ്രതിബദ്ധതയും നല്കിയ സംഭാവനകളും കൈവരിച്ച നേട്ടങ്ങളും നാടിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തി. അങ്ങനെ ഏവര്‍ക്കും മാതൃകയായ ഒരു ആദര്‍ശപുരുഷനും അജാതശത്രുവുമായിത്തീര്ന്നു എം.പി. മന്മഥന്.
1967ല്‍ ഞാന്‍ പ്രീഡിഗ്രിക്ക് കോട്ടയം ബസേലിയസ് കോളജില്‍ പഠിക്കുമ്പോഴാണ് മന്മഥന് സാറിനെ പരിയപ്പെടുന്നത്. ജനജാഗ്രത് സേന എന്ന പേരില്‍ സാമൂഹ്യതിന്മകള്ക്കെതിരെ കെട്ടിപ്പടുക്കുന്ന ബഹുജന പ്രസ്ഥാനത്തിന്റെ പ്രചരണാര്‍ത്ഥം കോളജ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാനാണ് അദ്ദേഹം എത്തിയത്. മദ്യം, മയക്കുമരുന്ന്, അഴിമതി, സ്ത്രീധനം, തുടങ്ങി ഒട്ടേറെ സാമൂഹ്യവിപത്തുകള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് നടത്തിയ പ്രസംഗം വിദ്യാര്‍ത്ഥികളെ ഇളക്കിമറിച്ചു. ജനജാഗ്രത് സേനയില്‍ പ്രവര്‍ത്തിക്കണമെന്ന് മന്മഥന് സാര്‍ ആവശ്യപ്പെട്ടു. കുറേ സ്കൂള്‍- കോളജ് വിദ്യാര്‍ത്ഥികളെ നേരില്‍ കണ്ട് ഞങ്ങള്‍ പ്രചാരണം നടത്തി. ഏറ്റെടുക്കുന്ന വിഷയങ്ങളോട് സാര്‍ കാണിച്ച പ്രതിബന്ധതയും ആത്മാര്‍ത്ഥയും എനിക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞ അവസരങ്ങളായിരുന്നു അവ. പല രാഷ്ട്രീയ നേതാക്കളും അറുപഴഞ്ചന്‍ പ്രതിലോമകാരിയെന്ന് വിളിച്ച് അപഹസിച്ചപ്പോഴെല്ലാം പതറാതെയും കാലിടറാതെയും സാമൂഹ്യവിപത്തുകളോട് സന്ധിയില്ലാത്ത പോരാട്ടം തുടര്‍ന്നു. വിമര്‍ശനങ്ങളോട് പ്രതികരിച്ചത് നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു. ആളില്ലാത്തവരുടെ നേതാവ് എന്നായിരുന്നു ചില രാഷ്ട്രീയ നേതാക്കളുടെ പരിഹാസം. ആള്‍ക്കൂട്ടത്തിനും കയ്യടിക്കും വേണ്ടിയല്ല, ഹൃദയത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് തന്റെ പ്രവര്‍ത്തനമെന്ന് സാര്‍ തിരിച്ചടിച്ചു.
തിരുനക്കര, വൈക്കം, ഏറ്റുമാനൂര്‍ തുടങ്ങി പ്രശസ്ത ക്ഷേത്രങ്ങളിലെ ഉത്സവവേളകളില്‍ മന്മഥന് സാറിന്റെ മതപ്രഭാഷണം കേള്‍ക്കാന്‍ പതിനായിരങ്ങള്‍ തിങ്ങിക്കൂടുമായിരുന്നു. ചെറുകോല്‍പ്പുഴ, കുളത്തൂര്‍മൂഴി മതകണ്വന്ഷനുകളില് നിത്യസാന്നിദ്ധ്യമായിരുന്നു. അവിടെയെല്ലാം കേട്ടിട്ടുള്ള പ്രഭാഷണങ്ങള്‍ ഇന്നും മനസ്സില്‍ ജ്വലിച്ചു നില്ക്കുന്നു. വാക്കുകളെ അടുക്കോടും ചിട്ടയോടുംകൂടി അണിനിരത്തി ആശയങ്ങളുടെ മധുരോദാരമായ ശബ്ദഘോഷയാത്രയാണ് മന്മഥന് സാറിന്റെ പ്രസംഗം.
1977 നവംബര്‍ 14ന് ജന്മഭൂമി ദിനപ്പത്രത്തിന്റെ മുഖ്യപത്രാധിപരായി ചുമതലയേറ്റു. നിരന്തരം യാത്രചെയ്ത് പ്രസംഗിച്ച് നടക്കുന്ന തനിക്കെങ്ങനെ ഒരിടത്തിരുന്ന് പത്രപ്രവര്‍ത്തനം നടത്താനാവുമെന്ന് പലരും സംശയം പ്രകടിപ്പിച്ചതായി ഉദ്ഘാടനസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എന്റെ പേനയുടെ പിന്നില്‍ ജനങ്ങള്‍ക്കുവേണ്ടി തുടിക്കുന്ന ഒരു ഹൃദയമുണ്ട്. ധര്‍മ്മമാണ് എന്റെ വഴി. പത്രപ്രവര്‍ത്തനം ജനസേവനമാണ്. അത് നിര്‍വഹിക്കാനാണ് ഞാന്‍ ജന്മഭൂമിയുടെ മുഖ്യപത്രാധിപരായത്’.
മന്മഥന് സാറിന്റെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍ കരഘോഷം മുഴക്കി സദസ്സ് സ്വീകരിച്ചു. മുറുക്കാന്‍ചെല്ലവും പേനയും മാറിമാറി വലംകയ്യില്‍ ഇടതടവില്ലാതെ വന്നുപോകുമ്പോഴെല്ലാം കടലാസുകളില്‍ അടര്‍ന്നുവീണ അക്ഷരക്കൂട്ടുകള്‍ ഉജ്ജ്വലങ്ങളായ മുഖപ്രസംഗങ്ങളായിരുന്നു.
1983 ഏപ്രില്‍മാസം. നിലയ്ക്കല്‍ പ്രക്ഷോഭം കൊടുമ്പിരികൊണ്ട സമയം. ആറായിരത്തില്‍പ്പരം പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചും കരുണാകരന് സര്‍ക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സന്ദര്‍ഭങ്ങളില്‍ സമാധാനത്തിന്റെ സന്ദേശവുമായി മന്മഥന്‍സാര്‍ രംഗത്തുവന്നത് വിഷയത്തിന് പുതിയമാനം പകര്‍ന്നു. അറസ്റ്റും അതിക്രമവും നിര്‍ത്തിവയ്ക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ച് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം എല്ലാ വിഭാഗവും അംഗീകരിച്ചു. മന്മഥന് സാര്‍ പ്രശ്ന പരിഹാരാര്‍ത്ഥം ആദ്യം പി. പരമേശ്വര്‍ജിയെ കണ്ട് സംസാരിച്ചു. നിലക്കല്‍ സെന്റ് തോമസിന്റെ പള്ളിയാണെന്ന ക്രൈസ്തവ സഭയുടെ അവകാശവാദം ഉപേക്ഷിക്കുകയും അവിടം ശബരിമല പൂങ്കാവനമാണെന്ന ഹിന്ദുക്കളുടെ വിശ്വാസം പരിരക്ഷിക്കുകയും ചെയ്യാതെ പ്രശ്നം പരിഹരിക്കില്ലെന്ന് പരമേശ്വര്‍ജി വ്യക്തമാക്കി. ക്രൈസ്തവസഭകളെ ഹിന്ദുവികാരം അറിയിക്കാമെന്നും അതിനനുസരിച്ച് ഒത്തുതീര്‍പ്പിലെത്താമെന്നും മന്മഥന്‍സാര്‍ ഉറപ്പു നല്കി. മൂന്നുമാസക്കാലം ക്രൈസ്തവസഭാമേലദ്ധ്യക്ഷന്മാരുമായി നടത്തിയ നിരന്തരമായ ചര്‍ച്ചയിലൂടെ സമവായത്തിലെത്താന്‍ കഴിഞ്ഞു. ഉഭയകക്ഷി സമ്മേളനത്തില്‍ കാണിച്ച സഹിഷ്ണുതയും ധര്‍മ്മാധിഷ്ഠിതമായ സമീപനവും ശരിയോടുള്ള പ്രതിബദ്ധതയും മന്മഥന്‍സാറിനെ വേറിട്ടൊരു വ്യക്തിത്വമാക്കി.
അടിയന്തരാവസ്ഥക്കാലത്ത് നടന്ന ജനകീയസമരങ്ങള്‍ നാളിതുവരെ കേരളം കണ്ടിട്ടുള്ള ജനമുന്നേറ്റങ്ങളില്‍ എന്തുകൊണ്ടും സവിശേഷ പ്രധാന്യം അര്‍ഹിക്കുന്നു. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കുംവേണ്ടിയുള്ള അചഞ്ചലമായ നിലപാട് ഏവരുടെയും പ്രശംസ പിടിച്ചെടുത്തു. 1984ല്‍ മട്ടാഞ്ചേരി കൂവപ്പാടത്തും മൂവാറ്റുപുഴയില്‍ ഊരമനയിലും തൃശൂരില്‍ അഴിമാവിലും തിരുവനന്തപുരത്ത് പാളയത്തും മദ്യവര്‍ജ്ജനത്തിന് വേണ്ടി നടത്തിയ സത്യഗ്രഹ സമരങ്ങള്‍ മദ്യമുക്തകേരളത്തിന് വേണ്ടിയുള്ള ചരിത്രസംഭവങ്ങളായിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയാരുന്നപ്പോള് നടത്തിയ ഉത്പന്നപ്പിരിവ് പൊതുപ്രവര്‍ത്തകര്‍ക്കെല്ലാം പ്രേരണയും പ്രചോദനവുമായി. പാട്ട് പാടിയും കഥപറഞ്ഞും വീടുവീടാന്തരം ഉത്പന്നങ്ങള്‍ സംഭരിക്കുന്ന ജനസമ്പര്‍ക്കയജ്ഞം മറ്റാരെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. പ്രായം ചെന്ന പലരും ഇപ്പോഴും അക്കാലത്തെ പാട്ടും പ്രസംഗവും ആവേശപൂര്‍വം ഓര്‍ക്കുന്നു. എല്ലാ രംഗത്തും തന്റെ വ്യക്തിപ്രഭാവം കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചെടുക്കാന്‍ കഴിഞ്ഞ സര്‍വാദരണീയനായ ധീഷണശാലിയായിരുന്നു മന്മഥന് സാര്‍. നിലക്കല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ സ്വാമി സത്യാനന്ദ സരസ്വതി തന്റെ ഗുരുനാഥനായ മന്മഥന് സാര്‍ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആശ്രമത്തിലെത്തിയ സന്ദര്‍ഭം ഹൃദയാവര്‍ജ്ജകമായിരുന്നു. സ്വാമിജി പറഞ്ഞു; ”നല്ലൊരു ഗുരുനാഥനാണ് അങ്ങ്. മനുഷ്യസ്നേഹിയും സത്യസന്ധനും ധര്‍മ്മനിഷ്ഠനുമാണ്. അങ്ങ് ഏറ്റെടുത്ത ദൗത്യം വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. ക്ലാസുമുറിയില്‍ വെച്ച് അങ്ങില്‍ നിന്നും മനഃപാഠമാക്കിയ ആദര്‍ശമാണ് എന്റെ കരുത്ത്”. എം.ജി. കോളജില്‍ ചെലവഴിച്ച വിദ്യാര്‍ത്ഥി ജീവിതാനുഭവങ്ങള്‍ സ്വാമിജി പങ്കുവച്ചു. ആ ഗുരുശിഷ്യസംഗമം സാംസ്കാരിക ധാര്‍മ്മിക കേരളത്തിന്റെ ഇച്ഛാശക്തിയെ പ്രോജ്വലമാക്കി. കേരള സമൂഹ മനസിനെ വളരെയേറെ സ്വാധീനിക്കാന്‍ കഴിഞ്ഞ നിസ്വാര്ത്ഥജനസേവകനായിരുന്നു എം.പി. മന്മഥനെന്ന് ജീവിതത്തിലെ ഓരോ സംഭവവും തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: