മാവേലിക്കര: സ്ഥലപരിമിതി കാരണം യുഐടിയും എക്സലന്‍സ് സെന്ററും മാവേലിക്കരക്ക് നഷ്ടമാകാന്‍ സാധ്യത. മാവേലിക്കര നിയോജക മണ്ഡലത്തില്‍ യുഐടി ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ട് രണ്ട് വര്‍ഷമായി.
സ്ഥല പരിമിതിയാണ് യുഐടി ആരംഭിക്കാന്‍ തടസമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രകലാ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ നടത്തുന്ന രാജാരവിവര്‍മ്മ എക്സലന്‍സ് സെന്റര്‍ ആരംഭിച്ചെങ്കിലും സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുകയാണ്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിപോഷിപ്പിക്കാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്. യുഐടിക്ക് സ്ഥലം ഏറ്റെടുക്കാനായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ല. മാവേലിക്കര ഗവ. ബോയ്സ് സ്കൂളിനോട് ചേര്‍ന്ന ബുക്ക് ഡിപ്പോ യുഐടിക്കായി ഏറ്റെടുക്കാന്‍ നീക്കമുണ്ടായെങ്കിലും കെട്ടിടത്തിന്റെ ബലക്ഷയം തടസമായി സംഘം ചൂണ്ടിക്കാട്ടി. രാജാ രവിവര്‍മ്മ സെന്റര്‍ ഫോര്‍ എക്സലെന്‍സ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് രാജാ രവിവര്‍മ്മ ചിത്രകലാ കോളേജിന്റെ അധീനതയിലുള്ള പഴയ കെട്ടിടത്തിലാണ്. എന്നാല്‍ കെട്ടിടത്തിനുള്ളിലെ സ്ഥലപരിമിതി കാരണം മുഴുവന്‍ കോഴ്സുകളും നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.
മാവേലിക്കരയില്‍ നിന്ന് പ്രവര്‍ത്തനം മാറ്റിയ ജലസേചനവകുപ്പിന്റെ സബ്ഡിവിഷന്റെ കൈവശമുള്ള നിരവധി കെട്ടിടങ്ങള്‍ ഉപയോഗശൂന്യമാണ്. ഇവരുടെ അധീനതയിലുള്ള സ്ഥലത്ത് ജലസേചനവകുപ്പിന്റെ രണ്ട് സബ് ഓഫീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ബാക്കിയുള്ള സ്ഥലം കാടുപിടിച്ചു ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി യുഐടിക്കായി പുതിയ കെട്ടിടങ്ങള്‍ പണിയാമെന്നിരിക്കെയാണ് സ്ഥലമില്ലെന്ന വിചിത്രവാദം അധികൃതര്‍ ഉയര്‍ത്തുന്നത്.
ഇവ കൂടാതെ മുന്‍പ് ക്ലോറൈഡ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന ചെട്ടികുളങ്ങര കമ്പനിപ്പടിയില്‍ ഏക്കറുകണക്കിന് സ്ഥലമാണ് ഉപയോഗശൂന്യമായി നോര്‍ക്കയുടെ കൈവശമുള്ളത്. നോര്‍ക്കയില്‍ നിന്ന് സ്ഥലം യുഐടിക്കും രാജാ രവിവര്‍മ്മ എക്സലെന്‍സ് സെന്ററിനും ഏറ്റെടുത്ത് നല്‍കാമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞുവെങ്കിലും ഫലം കണ്ടില്ല. വര്‍ഷങ്ങളായി സ്ഥലം ഏറ്റെടുക്കല്‍ ജോലികള്‍ പോലും പൂര്‍ത്തിയാകാത്തതിനാല്‍ യുഐടിയും സെന്ററും മാവേലിക്കരക്ക് നഷ്ടമാകുമെന്നസ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: