തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ കൊന്ന കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. വടക്കേക്കാട് സ്വദേശി ഫെബീര്‍ ആണ് പിടിയിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫെബീര്‍ പിടിയിലാകുന്നത്.
കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കാളിത്തമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ചങ്ങരംകുളത്ത് നിന്നുമാണ് കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സിനോജും സംഘവും കസ്റ്റഡിയിലെടുത്തത്. ഫെബീര്‍ എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.
കേസിലെ മറ്റ് പ്രതികളെക്കുറിച്ചും ഇയാളില്‍ നിന്ന് പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃത്യത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും ഉടന്‍ അറസ്റ്റിലാവുമെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സി.ഡി. ശ്രീനിവാസന്‍ അറിയിച്ചു. ഫെബീറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജൂലൈ 31 നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊന്നത്.
















