തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം 86 ആയി. ദുരന്തം ഏറ്റവും കൂടുതല്‍ നാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നും തെരച്ചില്‍ തുടരും. ഇതുവരെ 19 പേരുടെ മൃതദേഹമാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്തിയത്. കണക്കുകള്‍ പ്രകാരം ഇനിയും 40 പേര്‍ മണ്ണിനടിയില്‍ ഉണ്ടെന്നാണ് കരുതുന്നത്. പുത്തുമലയില്‍ ഏഴു പേരേയും കണ്ടെത്താനുണ്ട്.
വയനാട്ടിലും മലപ്പുറത്തുമുണ്ടായ ദുരിത ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. അതേസമയം പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിട്ടു.
പ്രദേശത്ത് നിയമ വിരുദ്ധമായി നടന്നുവരുന്ന മരം മുറിക്കലും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലുമാണ് മണ്ണിടിച്ചിലിന് കാരണമായത്. ദുരന്തമുണ്ടായ സ്ഥലത്ത് വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ചെരിഞ്ഞ പ്രദേശങ്ങളില്‍ സംഭരിക്കപ്പെടുന്ന വെള്ളം മര്‍ദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുള്‍പൊട്ടല്‍. വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുള്‍പൊട്ടല്‍ നാഭിയെന്നാണ് വിളിക്കുക. എന്നാല്‍ പുത്തുമലയില്‍ ഇതല്ല സംഭവിച്ചത്. വലിയ തോതിലുള്ള മണ്ണിടിച്ചിലാണ്. അതിനാല്‍ ഈ ദുരന്തത്തെ ഉരുള്‍പൊട്ടലെന്ന് വിളിക്കുന്നത് തെറ്റാണെന്നും മണ്ണ് സംരക്ഷ വകുപ്പ് അറിയിച്ചു.
അതിനിടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ടെങ്കിലും അത് കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ട് മുന്നറിയിപ്പില്ല.
ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. മഴയും ദുരിതാശ്വാസ പ്രവര്‍ത്തനവും കണക്കിലെടുത്ത് ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
















