നിങ്ങളുടെ ഭാവനക്കനുസൃതമായിരിക്കും നിങ്ങളുടെ ഈശ്വരന്. നിങ്ങളുടെ ഭാവനക്ക് അനുരൂപമായ പ്രതികരണമാണ് ഈശ്വരശക്തിയില്നിന്നും നിങ്ങള്‍ക്കു ലഭിക്കുന്നത്. ഭാവന ശുദ്ധവും ഉത്കൃഷ്ടവുമായിരിക്കണം. ഭാവം വിശുദ്ധമാകുമ്പോള്‍ ഈശ്വരന് നിങ്ങളുടെ സ്വന്തമാണെന്ന അനുഭവം ഉണ്ടാകും. ഭാവനയുടെ ശക്തികൊണ്ട് ഭക്തന് വിഗ്രഹത്തില്‍ ഈശ്വരനെ പ്രത്യക്ഷീകരിക്കുന്നു.
ഈശ്വരവേദിയില് ജീവിതചര്യകളെ നിരന്തരമായി അര്‍പ്പിക്കുന്നതിന്,മാനുഷിക ബന്ധങ്ങളെ ആത്മീയബന്ധങ്ങളായി സമുദ്ധരിക്കുന്നതിന്,ഈശ്വരനുമായി ആത്മീയ ബന്ധം സ്ഥാപിക്കുന്നതിന്,പ്രപഞ്ചത്തെ ഈശ്വരന്റെ ലീലാവിലാസങ്ങളായി കാണുന്നതിന് ഭാവം അനുപേക്ഷണീയമാണ്. ഭാവമാണ് നിങ്ങളുടെ ആദ്ധ്യാത്മികജീവിതത്തിന് ആഹ്ളാദവും,ഓജസ്സും,വര്‍ണ്ണപ്പൊലിമയും നല്‍കുന്നത്.
ഭാവനാരഹിതനായ ഒരുവന് ആന്തരിക ശുഷ്ക്കത അനുഭവപ്പെടും. തനിക്കും ഈശ്വരനുമിടക്കുള്ള അകല്‍ച്ച വര്‍ദ്ധിക്കും. സാധനാനുഷ്ഠാനം വിരസവും ശ്രമകരവുമായി തോന്നും. സേവനമാകട്ടെ ഒരുതരം നാട്യമായി പരിണമിക്കും. നിരന്തരമായ ഭാവനകൊണ്ട് ഭാവം പ്രബലമാകുമ്പോള്‍, ഭാവനയിലെ ഈശ്വരന് അനുഭവവേദ്യമായ സത്യവസ്തുവായി മാറും. തത്വവാദം ചിന്താമണ്ഡലത്തിലാണ് വര്‍ത്തിക്കുന്നത്. അതുകൊണ്ട് ഈശ്വരാനുഭവം ലഭിക്കുകയില്ല. നിങ്ങള്‍ക്കു പ്രഭാഷണം ചെയ്യാന്‍ കഴിഞ്ഞേക്കും. പക്ഷേ ഈശ്വരനെക്കുറിച്ചുള്ള ഭാവംകൂടാതെ, നിങ്ങള്‍ക്ക് ധാര്‍മ്മിക ധീരതയോ ആന്തരികമായ ആത്മീയശക്തിയോ ലഭിക്കുന്നതല്ല. ഭാവമാണ് ഈശ്വരനുമായുള്ള ധന്യമായ സാമീപ്യാനുഭൂതി നിങ്ങള്‍ക്കു നല്‍കുന്നത്. നിര്‍മ്മല മനസ്സായ പുഷ്പത്തിലെ പൂന്തേനാണ് ഭാവം.
















