കായംകുളം: തീരദേശമേഖലയായ കണ്ടല്ലൂരില്‍ നിലംപൊത്താറായ വീട്ടില്‍ ഉള്ളുപിടഞ്ഞ് നിര്‍ധന കുടുംബം. കായംകുളത്തിന് പടിഞ്ഞാറ് കണ്ടല്ലൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് അധികൃതരുടെ അനാസ്ഥയില്‍ ഓണമ്പള്ളി ജങ്ഷന് പടിഞ്ഞാറ് മണിമന്ദിരത്തില്‍ ഉദയകുമാറും കുടുംബവും കരുണതേടുന്നത്.
അഞ്ചു വര്‍ഷമായി വീടെന്ന സ്വപ്നവുമായി പെയിന്റിങ് തൊഴിലാളിയായ ഉദയകുമാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തോറും കയറി ഇറങ്ങുകയാണ്. വീട് നല്‍കാമെന്ന് പറഞ്ഞു പഞ്ചായത്ത് അധികൃതര്‍ വര്‍ഷങ്ങളായി പറ്റിക്കുകയാണെന്ന് ഉദയകുമാര്‍ പറയുന്നു. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഭാര്യയും മക്കളുമായി ഭീതിയോടെയാണ് ഉദയകുമാര്‍ കഴിയുന്നത്. ഷീറ്റ് ഇട്ട് മറച്ച മേല്‍ക്കൂര ഏതു നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയാണ്. സിപിഎമ്മിന്റെ സജീവ പ്രവര്ത്തകന് ആയിരുന്ന ഉദയകുമാര്‍ പാര്‍ട്ടിയുടെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും നേതൃത്വം നിരാകരിക്കുകയായിരുന്നു.
സിപിഎം ഭരണനേതൃത്വം നല്കുന്ന പഞ്ചായത്തില്‍ അപേക്ഷ നല്കി മടുത്തതായും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതല്ലാതെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഷെഡ് നില്ക്കുന്ന സ്ഥലം ഭാര്യാമാതാവിന്റെ പേരില്‍ ആയതിനാല്‍ ആദ്യം പഞ്ചായത്ത് അധികൃതര്‍ തടസം പറഞ്ഞു. പിന്നീട് റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍ക്കൊള്ളിച്ച് വീണ്ടും അപേക്ഷ നല്‍കിയെങ്കിലും വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഉത്തരവ് ഇല്ലെന്ന് പറഞ്ഞ് ഈ കുടുബത്തെ പറഞ്ഞയക്കുകയായിരുന്നു.
മൂന്നുമാസം മുന്‍പ് കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ഇനിയുള്ള ഏക പ്രതീക്ഷ കമ്മീഷനില്‍ ആണെന്ന് ഉദയകുമാറും ഭാര്യ രാജിയും പറയുന്നു. കമ്മീഷന്റെ സിറ്റിങ്ങും കഴിഞ്ഞു ഇപ്പോള്‍ പഞ്ചായത്തും താന്‍ വിശ്വസിച്ച പാര്‍ട്ടിയും തന്നെയും കുടുബത്തെയും കൈയൊഴിഞ്ഞതായി ഉദയകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: