Categories: Varadyam

കഥകളിയിലെ ശങ്കരസംഗീതം

നൃത്തഗീതവാദ്യങ്ങള്‍ സമഞ്ജസമായി സമ്മേളിച്ചിട്ടുളള  കേരളീയകലയാണ് കഥകളി. ഇതില്‍ നൃത്തത്തിനും ഗീതത്തിനും വാദ്യത്തിനും വളരെ പ്രാധാന്യമുണ്ട്. വേഷക്കാരന്റെ മുദ്രകള്‍ക്കനുസരിച്ച് കഥാപാത്രത്തിന്റെ സ്ഥായിഭാവം ഉള്‍ക്കൊണ്ടുകൊണ്ട് ആസ്വാദകര്‍ക്ക് സംഗീതത്തിലൂടെ കഥകളിയെ മനസിലാക്കിക്കുകയാണ് ഒരു കഥകളിപ്പാട്ടുകാരന്റെ ധര്‍മ്മം. അങ്ങിനെ വേഷക്കാരനോട് ചേര്‍ന്ന്പാടുന്ന ഇന്നത്തെ കഥകളി ഗായകരില്‍ പ്രധാനിയാണ് പത്തിയൂര്‍ ശങ്കരന്‍കുട്ടി.   

മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരിലൂടെയാണ് കഥകളി സംഗീതത്തിന്റെ പരിവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശനിലൂടെ ഇത് വളരെയധികം പുഷ്ടിപ്പെട്ടു. കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ്, കലാമണ്ഡലം ഗംഗാധരന്‍ എന്നിവര്‍ കഥകളിസംഗീതത്തെ വളര്‍ത്തി വലുതാക്കി. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി, വെണ്‍മണി ഹരിദാസ്, കലാമണ്ഡലം ഹൈദരാലി എന്നിവരിലെത്തിയതോടുകൂടി സംഗീതത്തിന് പുതിയ മാനം കൈവന്നു. മറ്റൊരു സമുദായത്തില്‍നിന്നു വന്ന് ശാസ്ത്രീയ സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ഗസല്‍ തുടങ്ങിയ മേഖലകളില്‍ പാണ്ഡിത്യം നേടിയ കലാകാരനാണ് ഹൈദരാലി. കഥകളി സംഗീതമാണ് തന്റെ മേഖലയെന്ന് മനസ്സിലാക്കി കഥകളിത്തം നിലനിര്‍ത്തി അഭിനയ പോഷണത്തിനുതകുംവിധം സംഗീതത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി കഥകളി സംഗീതം ലളിതമായും ശക്തമായും ഉപയോഗിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഹൈദരാലിയുടെ രീതികളെ പിന്‍തുടര്‍ന്ന് സംഗീതത്തിന്റെ തനിമ ആസ്വാദകനിലേയ്‌ക്ക് എത്തിക്കുന്ന കലാകാരന്‍മാരിലൊരാളാണ് പത്തിയൂര്‍ ശങ്കരന്‍കുട്ടി. 

കഥകളി അറിഞ്ഞ് ആസ്വദിക്കുന്നവര്‍  മുതല്‍ ആദ്യമായി കളി കാണുവാന്‍ വന്നിട്ടുളള കാണികളെ വരെ ‘ ഒരേ ചരടില്‍ കോര്‍ത്ത പുഷ്പങ്ങള്‍  പോലെ’ ആസ്വാദനതലത്തിലേയ്‌ക്ക് എത്തിക്കുന്നതില്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടിക്കുളള മികവ് അനിതരസാധാരണമാണ്.. പഴയകാല തെക്കന്‍ കേരളത്തിലെ കഥകളിപ്പാട്ടുകാരെ ശ്രവിച്ച് ഈ രംഗത്ത് എത്തിയ പത്തിയൂര്‍, ആര്‍.എല്‍.വി. സംഗീത കോളേജില്‍ ചിട്ടയായ കര്‍ണ്ണാടക സംഗീതപഠനം നടത്തി ആ വഴിയില്‍ സഞ്ചരിക്കാതെ കഥകളി സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വതന്ത്ര സംഗീതമായ കര്‍ണ്ണാടക സംഗീതത്തില്‍നിന്ന് സ്വാംശീകരിച്ച സ്വരഗതികള്‍ ഏറെ അസ്വാതന്ത്ര്യങ്ങളുളള കഥകളിപ്പാട്ടിലും യുക്തമായും ആനുപാതികമായും ഉപയോഗിക്കുവാന്‍ പത്തിയൂരിന് കഴിഞ്ഞിട്ടുണ്ട്. 

സമകാലീന കഥകളിപ്പാട്ടുകാരില്‍ പലരും കര്‍ണ്ണാടക സംഗീതത്തെ കഥകളിപ്പദത്തില്‍  കുത്തിനിറയ്‌ക്കുവാന്‍ ശ്രമിക്കുന്നവരാണ്. അമിതമായ സംഗീതവത്കരണം കഥകളിപ്പാട്ടിനെ അരങ്ങ് ധര്‍മ്മത്തില്‍നിന്ന് വ്യതിചലിപ്പിക്കുമെന്ന് പത്തിയൂര്‍ തിരിച്ചറിയുന്നു. അതിനാലാവണം അദ്ദേഹത്തിന്റെ ആലാപനം രാഗാര്‍ദ്രമാകുന്നതും, രാഗകോലാഹലം ആകാത്തതും. കരുണരസത്തെ ഗാഢമായി സ്വരലയനം ചെയ്യുവാന്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടി പ്രത്യേക വൈഭവം പ്രകടിപ്പിക്കുന്നുണ്ട്. ദേവയാനീചരിതത്തിലെ 

‘ സുന്ദര കളേബര’ (നാഥനാമക്രിയ), നളചരിതം മൂന്നാം ദിവസത്തിലെ ‘വിജനേബത’  (തോടി ), ‘ മറിമാന്‍കണ്ണി’ (ദ്വിജാവന്തി), കര്‍ണ്ണശപഥത്തിലെ ‘എന്തിഹ നന്‍മാനസേ’ (ഹിന്ദോളം) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. 

രാഗാവേശങ്ങളെ ചടുല-ക്ഷണിക-ത്രസിപ്പിക്കലുകള്‍ക്ക് അപ്പുറം ശാസ്ത്രീയമായ രാഗശാക്തീകരണത്തിലൂടെ കഥകളിപ്പദങ്ങളെ സംഗീതയാത്രകള്‍ ആക്കുകയാണ് പത്തിയൂര്‍. ഇതിന് തീര്‍പ്പും, മുഴുപ്പും നല്‍കുവാന്‍ പൊന്നാനി പാട്ടുകാരന് അവശ്യംവേണ്ടുന്ന ആഴത്തിലുളള പടുത്വം പത്തിയൂരിന് ആവോളം ഉണ്ട്. 

1964 ഡിസംബര്‍ 30-ന് കഥകളിപ്പാട്ടുകാരനായിരുന്ന മഠത്തില്‍തെക്കേതില്‍ കൃഷ്ണപിളളയുടെയും മഴുപേയില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും മക്കളില്‍ നാലാമനായി ശങ്കരന്‍കുട്ടി ജനിച്ചു. അഞ്ചാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഏവൂര്‍ പരമേശ്വരന്‍നായരുടെയും ശങ്കരപ്പിളളയുടെയും ശിക്ഷണത്തില്‍ കഥകളിവേഷ പഠനത്തിന് കച്ചകെട്ടി.  1978ല്‍ ഏവൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ‘ഗുരുദക്ഷിണ’യിലെ ശ്രീകൃഷ്ണവേഷം കെട്ടി കഥകളി അരങ്ങേറ്റം നടത്തി. തുടര്‍ന്ന് പലവേദികളിലും കുട്ടിത്തരം വേഷങ്ങള്‍ ചെയ്തു. പ്രീഡ്രിഗി പഠനകാലത്ത് കഥകളിസംഗീതത്തില്‍ ആകൃഷ്ടനായ ശങ്കരന്‍കുട്ടി അച്ഛന്റെ കീഴില്‍ കഥകളി സംഗീതപഠനം ആരംഭിച്ചു. തുടര്‍ന്ന് ഏവൂര്‍ കണ്ണമ്പിളളി ക്ഷേത്രത്തില്‍ കഥകളിസംഗീതം അരങ്ങേറി. സംഗീതമാണ് തന്റെ രംഗമെന്ന് മനസ്സിലാക്കിയ ശങ്കരന്‍കുട്ടി സംഗീതം പഠിക്കണമെന്ന് അച്ഛനോട് ശഠിച്ചു. ശങ്കരന്‍കുട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അച്ഛന്‍ അന്നാട്ടിലെ കഥകളിപ്പാട്ടിന്റെ ആചാര്യനായിരുന്ന തകഴി കുട്ടന്‍പിളളയുടെ നിര്‍ദ്ദേശാനുസരണം തൃപ്പൂണിത്തുറയിലുളള ആര്‍.എല്‍.വി.മ്യൂസിക് കോളേജില്‍ ഗാനഭൂഷണം ഡിപ്‌ളോമയ്‌ക്ക് ചേര്‍ത്തു. 4 വര്‍ഷത്തെ ഗാനഭൂഷണം ഡിപ്‌ളോമ പഠനത്തിന്‌ശേഷം ഒരു വര്‍ഷത്തെ ഹ്രസ്വകാല കഥകളിസംഗീത കോഴ്‌സിന് കഥകളിയുടെ തട്ടകമായ കലാമണ്ഡലത്തിലെത്തി. കലാമണ്ഡലം ഗംഗാധരന്‍, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, രാമവാരിയര്‍ എന്നിവരുടെ കീഴില്‍ കഥകളി സംഗീത പഠനം നടത്തി. 

1984-ല്‍ കലാമണ്ഡലത്തില്‍വെച്ച് ഹൈദരാലിയുമായി പരിചയപ്പെടുന്നതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായി ശങ്കരന്‍കുട്ടി കണക്കാക്കുന്നത്. തുടര്‍ന്ന് ഹൈദരാലിയോടൊപ്പം കേരളത്തില്‍ അങ്ങോളമിങ്ങോളമുളള വിവിധ അരങ്ങുകളില്‍ പ്രവര്‍ത്തിക്കാനായതിലൂടെ ഒരു ഒന്നാംകിട കഥകളിസംഗീതജ്ഞനാകുവാന്‍ ശങ്കരന്‍കുട്ടിയ്‌ക്കായി. കഥകളി സംഗീതത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്ന രാഗങ്ങളെ കൂടാതെ മാണ്ട്, ശുഭപന്തുവരാളി തുടങ്ങിയ രാഗങ്ങള്‍ അക്കാലത്ത് ഹൈദരാലി ഉപയോഗിച്ചിരുന്നതാണ്. ഹൈദരാലിയോടുളള സഹവര്‍ത്തിത്വംമൂലം ഇത്തരത്തിലുളളരാഗങ്ങളും കഥകളിക്ക് ചേരുംവിധം ഉപയോഗിക്കാനും  ശങ്കരന്‍കുട്ടിയ്‌ക്കായി. കളരിപരിചയം കുറവുളള ഒരാളെ അരങ്ങത്ത് കൂടെ നിര്‍ത്തി അരങ്ങ്ശ്രദ്ധിച്ച് കൂടെ പാടിച്ചുകൊണ്ടുപോകാന്‍ കഴിവുളളയാളായിരുന്നു ഹൈദരാലി. അങ്ങിനെ ഹൈദരാലിയോടൊപ്പം തെക്കന്‍ കേരളത്തില്‍ കചദേവയാനി, ഹരിശ്ചന്ദ്രചരിതം, നിഴല്‍ക്കുത്ത് തുടങ്ങി പാട്ടുകാര്‍ക്ക് പ്രാധാന്യമുളള വേദികളിലും വടക്ക് നാടകീയ മുഹൂര്‍ത്തങ്ങളുളള  നളചരിതം, കര്‍ണ്ണശപഥം മുതലായ കളികളിലും സജീവസാന്നിധ്യമായി ശങ്കരന്‍കുട്ടി രംഗത്ത് വന്നു. ചിട്ടപ്രധാനമായ കോട്ടയം കഥകളിലടക്കം പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെ ഒഴിച്ചുകൂടാനാകാത്ത പിന്നണി പാട്ടുകാരന്‍ കൂടിയാണ് ഇന്ന് പത്തിയൂര്‍ ശങ്കരന്‍കുട്ടി.  

2005ല്‍ കലാമണ്ഡലം കൂത്തമ്പലത്തില്‍ നളചരിതം ഒന്നാം ദിവസത്തില്‍ കലാമണ്ഡലം ഗോപിയാശാന്റെ  നളനും, കലാമണ്ഡലം പത്മനാഭന്‍ നായരുടെ ഹംസവുമായും, നളചരിതം രണ്ടാംദിവസത്തില്‍ കലാമണ്ഡലം രാമന്‍കുട്ടിയാശാന്റെ കാട്ടാളവേഷത്തിനും ഒരേയരങ്ങില്‍ പാടാനായത് തന്റെ ഭാഗ്യവും നേട്ടവുമായി ശങ്കരന്‍കുട്ടി കാണുന്നു. ഇരുപത്തിയഞ്ചോളം വര്‍ഷമായി പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെ വേഷങ്ങള്‍ക്ക് ശിങ്കിടിയായും പൊന്നാനിയായും പാടാന്‍ കഴിഞ്ഞതും തന്റെ സുകൃതമായി ശങ്കരന്‍കുട്ടി കരുതുന്നു.  

കഥകളിസംഗീതരംഗത്ത് തനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെയും കലാമണ്ഡലം ഹൈദരാലിയുടെയും  അനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം നന്ദിപൂര്‍വ്വം സ്മരിക്കുന്നു. കഥകളിക്കൊട്ടിന്റെ  താളവട്ടത്തിനകത്തുനിന്ന് കൊണ്ട് വേഷക്കാരന്റെ ചലനങ്ങള്‍ക്കും കഥാപാത്രത്തിന്റെ സ്ഥായിഭാവത്തിനും അനുസരിച്ച് മുദ്രയും ആട്ടവും അറിഞ്ഞു പാടുന്ന ഹൈദരാലിക്ക് ശേഷം അത്തരത്തില്‍ പാടുന്ന അപൂര്‍വ്വം കലാകാരന്‍മാരിലൊരാളാണ് പത്തിയൂര്‍ ശങ്കരന്‍കുട്ടിയെന്ന് കഥകളിയിലെ ഇതിഹാസതുല്യനായ  ഗോപിയാശാന്‍ അഭിപ്രായപ്പെടുന്നു. 

ഗുരുവായൂര്‍, കോട്ടയ്‌ക്കല്‍, കൊട്ടാരക്കര, തിരുവല്ല, തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട, കളര്‍കോട് മഹാദേവക്ഷേത്രം തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളമുളള കഥകളി വേദികളില്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടി സജീവ സാന്നിധ്യമാണ്. 

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെഗ്‌ളൂരു തുടങ്ങി ഇന്ത്യയിലും അബുദാബി, ദുബായ്, സിംഗപ്പൂര്‍, മസ്‌ക്കറ്റ്, സ്‌പെയിന്‍ തുടങ്ങി വിദേശ രാജ്യങ്ങളിലും കഥകളി വേദികളില്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടി കഥകളി സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 2018-ലെ കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് (കഥകളി സംഗീതം ) ലഭിച്ചത് പത്തിയൂര്‍ ശങ്കരന്‍കുട്ടിയ്‌ക്കാണ്.  കേരള കലാമണ്ഡലം അവാര്‍ഡും, വിവിധ കഥകളി സംഘടനകളുടെ അടക്കം നിരവധി പുരസ്‌കാരങ്ങളും പത്തിയൂരിന് ലഭിച്ചിട്ടുണ്ട്. 

മഞ്ജുവാണ് സഹധര്‍മ്മിണി, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ശ്യാംകൃഷ്ണ, യദുകൃഷ്ണ എന്നിവര്‍ മക്കളാണ്. ഈ വരുന്ന ഓഗസ്റ്റ് 27-ന് ആലപുഴ ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍വെച്ച് കഥകളി ആസ്വാദകലോകവും, നാട്ടുകാരും ചേര്‍ന്ന് പത്തിയൂര്‍ ശങ്കരന്‍കുട്ടിയെ ആദരിക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക