ആലപ്പുഴ: ജില്ലയില്‍ ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 27 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 372 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ഔദ്യോഗിക കണക്ക്. ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. നഗരത്തില്‍ വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ട നിലയിലാണ്. ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ ഓടുകള്‍ പറന്നു പോയി. പല വീടുകളുടെയും മേല്‍ക്കൂരകള്‍ക്ക് ഭാഗികമായ നാശവുമുണ്ടായി.
മഴ കുറഞ്ഞെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ചതോടെകുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീഷണയില്‍. ശക്തമായ മഴ ഇന്നും തുടര്‍ന്നാല്‍ ജലനിരപ്പ് ഉയരാനിടയുണ്ട്. ഇതിനിടെ ഡാമുകള്‍ തുറന്നത് കുട്ടനാട്ടിലേക്ക് വെള്ളം ഒഴുകിയെത്താനും ജലനിരപ്പ് വലിയ തോതില്‍ ഉയരാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇതോടൊപ്പം മേഖലയില്‍ കനത്ത മഴ പെയ്യുന്നതും വെള്ളത്തിന്റെ അളവ് കൂട്ടും. മഴ ശക്തമായതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വില്ലേജ് ഓഫീസര്‍മാര്‍ക്ക് തഹസില്‍ദാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 11 വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ചെങ്ങന്നൂര്‍, എടനാട്, തലവടി, കൊരട്ടിശേരി, മുട്ടാര്‍, എടത്വ, പാണ്ടനാട് എന്നിവിടങ്ങളില്‍ സേഫ് ക്യാമ്പുകള്‍ ആരംഭിച്ചു. മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍, സ്തീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് താമസസ്ഥലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കില്‍ നേരത്തെ തന്നെ സേഫ് ക്യാമ്പുകളിലേക്ക് മാറാന്‍ അവസരം ഒരുക്കും.
ക്രമാതീതമായി പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആറന്മുള പള്ളിയോടങ്ങള്‍ക്ക് ഇന്നലെ നിശ്ചയിച്ചിരുന്ന വള്ളസദ്യ വഴിപാടുകള്‍ നടത്താനായില്ല.
















