കഴിഞ്ഞുപോയ വന്‍പ്രളയത്തിന്റെ വാര്‍ഷികത്തില്‍ മറ്റൊരു മഴക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഭീകരതയ്ക്കുമുന്നില്‍ നില്ക്കുമ്പോള്, കഴിഞ്ഞു പോയതിനേയും വരാനിരിക്കുന്നതിനേയും താരതമ്യം ചെയ്യുന്നതു സ്വാഭാവികം മാത്രം. മഴ കനക്കുംതോറും മുന്‍ അനുഭവങ്ങളുടെ വികൃതമുഖം ഓരോരുത്തരുടേയും മനസ്സില്‍ തെളിയാതിരിക്കില്ല. അതാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആശങ്കനിറഞ്ഞ മനസ്സുകളുടെ നാടാണ് ഇന്നു കേരളം. സന്നാഹങ്ങളും രക്ഷാദൗത്യവുമായി സൈന്യം അടക്കം രംഗത്തുണ്ടെന്നത് ആശ്വാസകരംതന്നെ.
പക്ഷേ, സാന്ത്വനങ്ങള്ക്കെല്ലാം അപ്പുറമാണ് ജനങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ. അത് അങ്ങനെയായത് അനുഭവങ്ങളുടെ വ്യാപ്തി അത്രവലുതായതുകൊണ്ടാണ്. ഈ ആശങ്ക ഈ നാടിനെ ഇനിയും എത്രനാള്‍ അലട്ടും എന്നതാണ് മനസ്സിലെ വലിയ ആശങ്ക. വടക്കന്‍ ജില്ലകളെ വിഴുങ്ങിയ ഇത്തവണത്തെ കനത്ത മഴയുടെ ഏറ്റവും വലിയ ഭീകരത കണ്ടത് വയനാട്ടിലാണ്. നോക്കിനില്‍ക്കെ ഒരു പ്രദേശം മുഴുവന്‍ ഒഴുകിമാഞ്ഞു പോകുന്നതും കെട്ടിടങ്ങളും മനുഷ്യരുമടക്കം മണ്ണിനടിയിലാകുന്നതും നേരിട്ടുകണ്ട് അനുഭവിച്ചവരുടെ വിറങ്ങലിച്ച വിലാപങ്ങളാണ് ജനമനസ്സിനെ വല്ലാതെ ബാധിച്ചിരിക്കുന്നത്. മേപ്പാടി പുത്തുമലയിലെ ഈ മണ്ണിടിച്ചിലില്‍ നൂറേക്കറോളം ഭൂമി ഒഴുകിപ്പോയതായാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കനത്ത മഴയും ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മരണ സംഖ്യ തിട്ടപ്പെടുത്തിയിട്ടില്ല. ഒരു ഇടവേളയ്ക്കുശേഷം ശക്തമായ മഴയുടെ ദിനങ്ങള്‍ തിരിച്ചുവരുമെന്ന മുന്നറിയിപ്പ് ആശങ്കയ്ക്കു ആഴം കൂട്ടുകയും ചെയ്യുന്നു.
പ്രകൃതികോപം ലോകത്തെവിടെയും ഉണ്ടാകാവുന്ന അനിവാര്യമായ ദുരന്തം തന്നെയാണ്. പ്രകൃതിയുടെ സംഹാരതാണ്ഡവത്തെ തടയാനുള്ള കരുത്ത് മനുഷ്യന് ഇനിയും കൈവന്നിട്ടുമില്ല. ആ യാഥാര്‍ഥ്യം ബാക്കിനില്‍ക്കുമ്പോഴും, ദുരന്തത്തിന്റ ആഴം കുറയ്ക്കാനുള്ള മുന്‍കരുതല്‍ എടുക്കാന്‍ നാം സജ്ജരാകുന്നില്ല എന്ന സത്യം ബോധ്യപ്പെടുത്തുകകൂടിയാണ് ഓരോ പ്രകൃതിദുരന്തങ്ങളും ചെയ്യുന്നത്. ദുരന്തം ആര്‍ത്തലച്ച് എത്തുമ്പോള്‍ മാത്രം മഴക്കാലത്തെക്കുറിച്ചു ചിന്തിക്കുന്ന രീതിക്ക്, കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തോടെയെങ്കിലും മാറ്റം വരേണ്ടതായിരുന്നു. ചുരുങ്ങിയത്, കേരളം അങ്ങനെ പ്രതീക്ഷിച്ചു.
കേരളത്തേ മുഴുവന്‍ എടുത്തുകുലുക്കിയ ആ ദുരന്തത്തെ നേരിടാന്‍ നാടുമുഴുവന്‍ ഒന്നിച്ച് അണിനിരന്ന അനുഭവം ഒത്തൊരുമയുടേതായിരുന്നെങ്കിലും ഭാവിയിലേയ്ക്കുള്ള കരുതലിന്റേതുകൂടിയാകേണ്ടതായിരുന്നു. ഇനി ഇതുപോലൊന്ന് ഉണ്ടാകരുത് എന്ന ദൃഢനിശ്ചയം എടുക്കേണ്ടിയിരുന്നതു ജനസമൂഹമല്ല, അവരെ നയിക്കുന്ന ഭരണസംവിധാനമായിരുന്നു. അക്കാര്യത്തില്‍ അവര്‍ വരുത്തിയ വീഴ്ചകൂടിയാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് കരുതിയാല്‍ തെറ്റില്ല.
കേരളത്തിന്റെ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും അതു പ്രകൃതിയില്‍ വരുത്താവുന്ന മാറ്റങ്ങളേയും അതിന്റെ തീവ്രതയേയും കുറിച്ച് പഠിക്കാനുള്ള ശാസ്ത്രീയ സമീപനത്തെക്കുറിച്ച് നാം ഇനിയും ചിന്തിച്ചിട്ടില്ല. മലനിരകളും താഴ്വാരങ്ങളും തീരങ്ങളും സമതലങ്ങളും നദികളും തടാകങ്ങളും ഇടകലര്‍ന്ന കേരളത്തിന്റെ ഭൂപ്രകൃതിയെ കാലാവസ്ഥാമാറ്റങ്ങള്‍, പ്രത്യേകിച്ചു മഴക്കാലം ബാധിക്കുന്നതു ഈ ഭൂപ്രകൃതിയുടെ പ്രത്യേകതയ്ക്കനുസരിച്ചായിരിക്കും. അപ്പോള്‍ അതിനുള്ള പരിഹാരവും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കും. പലരാജ്യങ്ങളും അവരവരുടെ ഭൂപ്രകൃതിയും കാലാവസ്ഥയും കണക്കാക്കിയാണ് പ്രകൃതിദുരന്ത നിവാരണ പദ്ധതികള്‍ മുന്‍കൂട്ടി തയാറാക്കുന്നത്.
കൃത്യമായ സമയക്രമമനുസരിച്ചു വര്‍ഷാവര്‍ഷം വരുന്ന മഴക്കാലത്തേയും വേനലിലെ വരള്‍ച്ചയേയും നേരിടുന്നതിന് വ്യക്തമായ ധാരണ ഇന്നും നമുക്ക് ഇല്ലാതെ പോകുന്നതിന് ആരെയാണു കുറ്റപ്പെടുത്തേണ്ടത്? ജാഗ്രതാനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും അവധികളുമല്ല, മുന്‍കരുതലും നടപടികളുമാണ് വേണ്ടത്. ആരു ഭരിച്ചാലും കേരളത്തിലെ ജനത്തിനുവേണ്ടത് സുരക്ഷിതത്വവും സംരക്ഷണവുമാണ്. അതിന്റെ മറ്റൊരു ഓര്മപ്പെടുത്തലായിക്കണ്ട് ഈ മഴക്കെടുതിയേയും ഒരേ മനസ്സോടെ ഒരുമിച്ചു നേരിടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: