ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370ലെ വകുപ്പുകള്‍ റദ്ദാക്കി, രാജ്യത്ത് മറ്റെവിടെയുമെന്നപോലെ ഭരണഘടനാ വ്യവസ്ഥകള്‍ കശ്മീരിലും ബാധകമാക്കിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയില്‍ മഴനനഞ്ഞ് സന്തോഷിക്കാവുന്ന ഒരു സംഘടനയുണ്ട്-ആര്‍എസ്എസ്. കശ്മീരികളെ വര്‍ഗീയമായി ധ്രുവീകരിക്കുകയും വിഘടനവാദം വളര്‍ത്തുകയും ചെയ്യുന്ന ഈ ഭരണഘടനാവ്യവസ്ഥ റദ്ദാക്കണമെന്ന് ആര്‍എസ്എസ് തുടക്കംമുതലേ ആവശ്യപ്പെട്ടുപോരുന്നതാണ്. 1950കളുടെ തുടക്കംമുതല്‍ 50-ലേറെ പ്രമേയങ്ങളാണ് ആര്‍എസ്എസിന്റെ അഖില ഭാരതീയ കാര്യകാരി മണ്ഡല് (എബികെഎം), അഖില ഭാരതീയ പ്രതിനിധി സഭ (എബിപിഎസ്), കേന്ദ്രീയ കാര്യകാരി മണ്ഡല് (കെകെഎം) എന്നിവ പാസ്സാക്കിയിട്ടുള്ളത്. ഈ പ്രമേയങ്ങളിലെല്ലാംതന്നെ ആര്‍ട്ടിക്കിള്‍-370 നീക്കിയേതീരൂ എന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയമായ കാരണങ്ങളാലോ, ദേശീയവും അന്തര്‍ദേശീയവുമായ സമ്മര്‍ദ്ദങ്ങളാലോ ഈ ആവശ്യത്തില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോയിട്ടില്ല.
ആര്‍ട്ടിക്കിള്‍-370 ഭൂമിയിലെ ഒരുശക്തിക്കും ഇല്ലാതാക്കാനാവില്ലെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും ബുദ്ധിജീവികളും സാഹിത്യകാരന്മാരുമൊക്കെ ആറ് പതിറ്റാണ്ടിലേറെയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്. വ്യക്തമായ ഭൂരിപക്ഷം നേടി വാജ്പേയിസര്‍ക്കാര്‍ 1999ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ ഭീഷണി പലകോണുകളില്‍നിന്നും ഉയര്‍ന്നുകേട്ടു. യുപിഎ സര്‍ക്കാര്‍ നിയോഗിച്ച പ്രശസ്ത പത്രപ്രവര്ത്തകന് ദിലീപ് പഡ്ഗാവോങ്കര്‍ അധ്യക്ഷനും പ്രൊഫ. എം.എം. അന്‍സാരി, പ്രൊഫ. രാധാകുമാര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കശ്മീര്‍ സമിതി, ആര്‍ട്ടിക്കിള്‍-370 ശക്തിപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
ഇക്കാലമത്രയും ആര്‍ട്ടിക്കിള്‍-370 നീക്കം ചെയ്യണമെന്നതില്‍ യാതൊരു സംശയവും ഇല്ലാതിരുന്ന സംഘടന ആര്‍എസ്എസാണ്. 1996ല്‍ എകെബിഎം പാസ്സാക്കിയ പ്രമേയം ഈ വ്യവസ്ഥയുടെ സ്വഭാവം ‘താല്‍ക്കാലികം’ ആണെന്നും ഭരണഘടനയില്‍ ഇത് ‘തീര്‍ത്തും അധികപ്പറ്റാണ്’ എന്നും വ്യക്തമാക്കി. ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ ജമ്മു കശ്മീരിന് ‘സ്വയം ഭരണാധികാരം’ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസ്സാക്കുകയുണ്ടായി. 2000ലെ എബികെഎം പ്രമേയത്തിലൂടെ ഇതിനെതിരെ ആര്‍എസ്എസ് ശക്തമായി പ്രതികരിച്ചു. ”ആര്‍ട്ടിക്കിള്‍-370 യഥാസമയം റദ്ദാക്കിയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെയൊരു പതനത്തില്‍ എത്തില്ലായിരുന്നു” എന്ന് പ്രമേയം ചൂണ്ടിക്കാട്ടുകയും ചെയ്തു.
എബിപിഎസ് 2010ല്‍ പാസ്സാക്കിയ പ്രമേയത്തിലൂടെ ആര്‍എസ്എസ് മുന്നറിയിപ്പിന്റെ സ്വരത്തില്‍ സംസാരിച്ചു. ”താല്ക്കാലികവും മാറ്റാവുന്നതുമായ വ്യവസ്ഥ എന്ന നിലയ്ക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ആര്‍ട്ടിക്കിള്‍370 റദ്ദാക്കുന്നതിനുപകരം വിഘടനവാദികളുടെ കയ്യിലെ ഉപകരണമായി തുടരുകയാണ്” എന്നതായിരുന്നു ഇത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ നോക്കിയല്ല, രാഷ്ട്രത്തിന്റെ ഉത്തമതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ആര്‍ട്ടിക്കിള്‍-370 എന്തുവിലകൊടുത്തും റദ്ദാക്കേണ്ടതാണെന്ന നയം ആര്‍എസ്എസ് സ്വീകരിച്ചത്. ഭരണഘടനയില്‍ വീണ്ടുവിചാരമില്ലാതെ ഉള്‍പ്പെടുത്തിയ ഈ വ്യവസ്ഥ റദ്ദാക്കാമെന്ന വാഗ്ദാനം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളുണ്ട്. അപ്പോഴും ആര്‍എസ്എസിന് ഇക്കാര്യത്തില്‍ നിലപാടുമാറ്റം ഉണ്ടായില്ല.
ജമ്മു കശ്മീരിനെ പുനഃസംഘടിപ്പിച്ച് ജമ്മു, ലഡാക്ക് എന്ന രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ മോദിസര്‍ക്കാര്‍ നടപടിയിലും ആര്‍എസ്എസ് മുന്‍പേ പറന്ന പക്ഷിയാണ്. 1995ല്‍ എബികെഎം പാസ്സാക്കിയ പ്രമേയം ജമ്മു മേഖലയ്ക്ക് ‘സ്വയംഭരണ കൗണ്‍സില്‍’ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ആവര്‍ത്തിച്ചും വിശദീകരിച്ചും 2002ല്‍ മറ്റൊരു പ്രമേയവും പാസ്സാക്കി. ”ജമ്മു മേഖലയ്ക്ക് പ്രത്യേക സംസ്ഥാനപദവി നല്‍കുന്നതിലൂടെ മാത്രമേ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ എന്നാണ് അവിടെയുള്ളവര്‍ കരുതുന്നത്. ജമ്മു കശ്മീര്‍ നാഷണല്‍ ഫ്രണ്ട് (ജെകെഎന്‍എഫ്) നേതൃത്വം നല്കിയ പ്രക്ഷോഭങ്ങളിലൂടെ ഈ ആവശ്യം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്.” ജെകെഎന്എഫിന് ആര്‍എസ്എസ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ആര്‍എസ്എസിന്റെ സുശക്തവും സുതാര്യവുമായ ഈ നയവും നിലപാടും രണ്ടാം സര് സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ 1967ല്‍ ‘ഓര്‍ഗനൈസര്‍’ വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ”കശ്മീരിനെ സംരക്ഷിക്കാന്‍ ഒരൊറ്റ വഴിയേയുള്ളൂ – സമ്പൂര്‍ണമായ ലയനം. ആര്‍ട്ടിക്കിള്‍-370 പോയേതീരൂ. പ്രത്യേകപതാകയും പ്രത്യേകഭരണഘടനയും പോകണം. വടക്കുകിഴക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍ കരസേനവഴി കേന്ദ്രത്തിന് കൈകാര്യം ചെയ്യാനാവുമെങ്കില്‍, തന്ത്രപ്രധാനമായ ഇതേ കാരണങ്ങളാല്‍ കശ്മീരിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍ എന്തുകൊണ്ട് കൈകാര്യം ചെയ്തുകൂടാ?” ഈ ചോദ്യത്തോട് പക്ഷേ അധികാരത്തിലുള്ളവര്‍ പ്രതികരിച്ചില്ല.
ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ അഭ്യര്‍ത്ഥനമാനിച്ച് കശ്മീര്‍ രാജാവ് ഹരിസിങ്ങിനെ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ പ്രേരിപ്പിച്ച രാഷ്ട്രതന്ത്രജ്ഞന് കൂടിയായിരുന്നു ഗുരുജി ഗോള്‍വല്‍ക്കര്‍. കലങ്ങിമറിഞ്ഞ അന്തരീക്ഷം മുതലെടുത്ത് ഗോത്രവര്‍ഗക്കാരുടെ മറപറ്റി കശ്മീരിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച പാക്സൈന്യത്തെ തുരത്താന്‍ ഭാരതസേനയെ എങ്ങനെയൊക്കെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സഹായിച്ചതെന്ന് വാള്‍ട്ടര്‍ ആന്‍ഡേഴ്സണും ശ്രീധര്‍ ദാംലെയും ചേര്‍ന്നെഴുതിയ ‘ബ്രദര്‍ഹുഡ് ഇന്‍ സാഫ്രണ്‍’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ഇപ്പോഴത്തെ സര്‍സംഘചാലക് മോഹന്‍ ഭാഗവത് 2017ലെ വിജയദശമി സന്ദേശത്തില്‍ ഒരുകാര്യം വ്യക്തമായി പറഞ്ഞിരുന്നു. ജമ്മു- കശ്മീരിലെ ജനങ്ങളെ രാജ്യത്തെ മറ്റിടങ്ങളുമായി പൂര്‍ണതോതില്‍ യോജിപ്പിക്കുന്നതിന് ആവശ്യമായ ഭരണഘടനാ ഭേദഗതികള്‍ നടത്തേണ്ടതുണ്ട് എന്നതായിരുന്നു അത്. ഇങ്ങനെ സംഭവിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് പ്രഖ്യാപിച്ച് പലരും രംഗത്തുവരികയുണ്ടായി. പറയുന്നത് ആര്‍എസ്എസ് സര്‍സംഘചാലക് ആണെന്നും, ആലോചനകൂടാതെ എന്തെങ്കിലും പറയുന്നവരല്ല ഈ പദവിയിലിരിക്കാറുള്ളതെന്നും വിമര്‍ശകര്‍ ആലോചിച്ചില്ല.
ആഗസ്റ്റ് അഞ്ചിനാണല്ലോ ആര്‍ട്ടിക്കിള്‍-370 നീക്കംചെയ്തുകൊണ്ടുള്ള പ്രമേയം ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ആറുദിവസം മുന്‍പ്, ജൂലൈ 30ന് ലക്നൗവിലെ വൃന്ദാവനില്‍ സംന്യാസിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത മോഹന്‍ ഭാഗവതിനോട് ഒരു സംന്യാസി ചോദ്യമുന്നയിച്ചു. ആര്‍ട്ടിക്കിള്‍-370 റദ്ദാക്കുമോ എന്നതായിരുന്നു ചോദ്യം. അങ്ങയുടെ ആഗ്രഹം അധികംവൈകാതെ സഫലീകരിക്കപ്പെടും എന്നാണ് സര്‍സംഘചാലക് പുഞ്ചിരിയോടെ മറുപടിനല്‍കിയത്. ആര്‍ട്ടിക്കിള്‍-370, അതിലെ വകുപ്പുകളിലൊന്നായ 35-എ എന്നിവ റദ്ദാക്കാനുള്ള പ്രമേയം രാജ്യസഭ അംഗീകരിച്ചതിനോടുള്ള മോഹന്‍ ഭാഗവതിന്റെ പ്രതികരണം അര്‍ത്ഥപൂര്‍ണമായിരുന്നു. ”ധീരമായ തീരുമാനത്തെ അഭിനന്ദിക്കുന്നു. ജമ്മു കശ്മീരിനുമാത്രമല്ല, രാഷ്ട്രത്തിന് മുഴുവന്‍ ഇത് അത്യാവശ്യമാണ്. രാഷ്ട്രീയ താല്‍പ്പര്യങ്ങളും വിയോജിപ്പുകളും മാറ്റിവച്ച് എല്ലാവരും ഈ നടപടിയെ പിന്തുണയ്ക്കണം.”
ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം പതിറ്റാണ്ടുകള്‍നീണ്ട ആശയസമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും യുക്തിസഹമായ പര്യവസാനമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ചരിത്രപരമായ ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: