പ്രതാപവാനും പ്രജാവത്സലനും പ്രഭാവശാലിയുമായ അജന്റെ പുത്രനായ ദശരഥന്. ആദര്‍ശശുദ്ധിയും പ്രവൃത്തിചാതുര്യവുമുള്ള ഭരണാധികാരി. രഘുവംശരാജാക്കന്മാരുടെ മഹത്തായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് അയോധ്യയ്ക്ക് സമൃദ്ധിയും സൗന്ദര്യവും നല്കുന്ന ദശരഥന്റെ പ്രഥമ പത്നിയാണ് കൗസല്യ. ബഹുഭാര്യാത്വം നിഷിദ്ധമോ, പാപകര്മമോ ആയി കരുതാതിരുന്ന കാലസന്ധിയില്‍ കൗസല്യയുടെ നിര്‍ദേശമനുസരിച്ച് ദശരഥന് വേട്ടതാണ് സുമിത്രയെ. ഒരമ്മയും മകളും പോലെ കൗസല്യയും സുമിത്രയും. കൗസല്യാസുമിത്രമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ദശരഥന് മൂന്നാമത് അതിസുന്ദരിയായ കൈകേയിയെ വിവാഹം ചെയ്തു. സപത്്നികളുടെ ബന്ധദാര്‍ഢ്യം രാമായണത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം.
അനപത്യത മഹാദു:ഖങ്ങളില്‍ ഒന്നത്രേ. നരജീവിതമായ വേദനയ്ക്ക് മരുന്നാണ് ഒന്നാലോചിച്ചാല്‍ മക്കള്‍. സന്താനമില്ലാത്തവര്‍ നടത്തുന്ന ഒരനുഷ്ഠാനമാണ് പുത്രകാമേഷ്ടി. ഇഷ്ടി എന്നാല്‍ യജ്ഞം. വെറുമൊരു ആചാരം മാത്രമല്ല, ഫലവത്തായ ചികിത്സകൂടിയാണിത്. ഭാര്യ ശാന്തയോടൊത്ത് പുത്രകാമേഷ്ടിക്കെത്തിയ ശൃംഗി ഋഷിയോട് ദശരഥന് പറഞ്ഞു; ‘ഭഗവന്‍, കുലവര്ധനയും രാജ്യക്ഷേമവും തന്ന് അനുഗ്രഹിക്കണം’ ഋഷിയുടെ മറുപടി ഇങ്ങനെ: ‘മഹാരാജാവേ, അങ്ങേയ്ക്ക് നാലുപുത്രന്മാരുണ്ടാകും.’
യജ്ഞദ്രവ്യങ്ങള്‍ നാല് : ഇഷ്ടം, മിഷ്ടം, പുഷ്ടം, ശിഷ്ടം. ഇഷ്ടം സുഗന്ധമുള്ളവ. മധുരമുള്ളവ മിഷ്ടം. പുഷ്ടം പോഷകാംശമുള്ളവ. ഓഷധികളാണ് ശിഷ്ടം. യജ്ഞത്തില്‍ തയ്യാറാക്കുന്ന ഔഷധമാണ് യജ്ഞപ്രസാദമെന്ന നിലയ്ക്ക് പാല്പായസമായും നെയ്യായും നല്‍കുന്നത്. യജ്ഞസമാപ്തിക്കു ശേഷം ഒരു വര്‍ഷം തികയുന്ന ചൈത്രമാസം. ദശരഥപത്നിമാരുടെ സുഖപ്രസവം.
കൗസല്യ: ഉത്തരായനം, ചൈത്രമാസം, നവമി, പുനര്‍വസു
(പുണര്‍തം) തിങ്കളാഴ്ച
കൈകേയി: ചൈത്രം, ശുക്ലപക്ഷം, പുഷ്യം (പൂയം), ചൊവ്വാഴ്ച.
സുമിത്ര: ചൈത്രം, ശുക്ലപക്ഷം, ബുധനാഴ്ച.
നരവര്ഗനവാതിഥികളെ എഴുത്തച്ഛന് ഇങ്ങനെവര്ണിക്കുന്നു;
”ശ്യാമള നിറംപൂണ്ട
കോമളകുമാരനു
രാമനെന്നൊരു
തിരുനാമവുമിട്ടാനല്ലോ
ഭരണനിപുണനാം
കൈകേയീ തനയനു
ഭരതനെന്നു നാമ-
മരുളിച്ചെയ്തു മുനി
ലക്ഷമണാന്വിതനായ
സുമിത്രാതനയനു
ലക്ഷ്മണനെന്നുതന്നെ
നാമവുമരുള്‍ ചെയ്തു
ശത്രുവൃന്ദത്തെ ഹനി-
ച്ചീടുക നിമിത്തമായ്
ശത്രുഘ്നനെന്നു
സുമിത്രാത്മജാവരജനും…”
സാര്‍ഥക നാമങ്ങള്‍ സന്താനങ്ങള്‍ക്കു നല്കാന് രാമായണ സംസ്ക്കാരമുള്ള ഓരോ ഹൈന്ദവനും ശ്രദ്ധിക്കണം. പരിഷ്ക്കാരം മൂത്ത് നിരര്‍ഥക പദങ്ങള്‍ മക്കള്ക്കിടാതിരിക്കാനുള്ള വിവേകമെങ്കിലും കുറഞ്ഞ പക്ഷമുണ്ടാകണം. രാമനാമധാരികളെങ്കിലും ധര്മമൂര്ത്തികളാവേണ്ടതല്ലേ? രാമനാമത്തിന്റെ പ്രസിദ്ധി ശ്രദ്ധിക്കുക. ‘രമയതി പ്രജാ: പ്രജകളെ രമിപ്പിക്കുന്നവന്‍ രാമന്. രമതേഎസ്മിന് യോഗിന: ഇതി രാമ:’ യോഗികള്‍ ഏതില്‍ രമിക്കുന്നുവോ അത് രാമന്. ലക്ഷ്മിയില്‍ രമിക്കുന്നവന് രാമന്. അതായത് ഐശ്വര്യപതി.
രാജകുമാരന്മാര്ക്ക് പത്തു പതിനൊന്നു വയസ്സ് പ്രായം. ദശരഥന് മന്ത്രിയോടു പറഞ്ഞു; രാജകുമാരന്മാരെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൊണ്ടു പോകൂ. അവര്‍ ജനങ്ങളുടെ സ്ഥിതി മാത്രമല്ല, പുണ്യസ്ഥലങ്ങളുടെ ദിവ്യതയും മനസ്സിലാക്കട്ടെ. കന്യാകുമാരി മുതല്‍ കശ്മീരം വരെ, കിഴക്കന്‍ കടല്‍ മുതല്‍ പടിഞ്ഞാറന്‍ കടല്‍ വരെ പഠനയാത്ര. സുമന്ത്രരാണ് വഴികാട്ടി. ആരുടേയും ജീവിതത്തിന്റെ ആദ്യകാലത്തു ലഭിക്കുന്ന അനുഭവമുദ്രകള്ക്കു മുകളിലാണ് പില്ക്കാല ജീവിതത്തിന്റെ ജയപരാജയങ്ങള്‍. ഫ്ളാറ്റിനും വില്ലയ്ക്കും പുറത്തുള്ള ലോകം മക്കള്‍ക്ക് ചെറുപ്പത്തില്‍ കാണാനും അറിയാനും അച്ഛനമ്മമാര്‍ അവസരം നല്‍കേണ്ടതാണ്.
രാമായണസുധ:1, ഫലശ്രുതി
9446442081
പ്രതികരിക്കാൻ ഇവിടെ എഴുതുക: