തിരുവനന്തപുരം: നൂറ്റാണ്ടിന്റെ പൈതൃകം പേറുന്ന ഒരു പാലം ഇപ്പോള്‍ ചരക്കു ലോറികളുടെ പാര്‍ക്കിംഗ് യാര്‍ഡ്. പഴമയുടെ അടയാളമായി അവശേഷിക്കുന്ന വെള്ളനാട് കൂവക്കുടി പഴയ പാലമാണ് അവഗണനയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തുന്നത്.
കാടുമൂടി ഇഴജന്തുക്കളുടെ സഞ്ചാര പഥമായി മാറിയ പാലം ഇപ്പോള്‍ ചരക്കു ലോറികളുടെ പാര്‍ക്കിംഗ് ഏര്യയാണ്. കരിങ്കല്ലും കുമ്മായക്കൂട്ട് മിശ്രിതവും കൊണ്ടു നിര്‍മിച്ച ഈ മുത്തശ്ശിപ്പാലം ഇപ്പോഴും ഒരു കുലുക്കവുമില്ലാതെ നില്‍ക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിന് മുന്‍പ് ബ്രിട്ടീഷ് സാങ്കേതിക വിദ്യയില്‍ കരമനയാറിന് കുറുകെ നിര്‍മ്മിച്ചതാണ് കൂവക്കുടി പാലം.
അരുവിക്കര കുടിവെള്ള പദ്ധതിക്കായി വെള്ളം എത്തുന്നത് അഗസ്ത്യമലയില്‍ നിന്നും ജനിക്കുന്ന കരമനയാര്‍ വഴിയാണ്. ബ്രിട്ടീഷുകാര്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ ആറായി കിടന്ന ഭാഗം കൂടുതലായി വ്യാപിച്ചു. അങ്ങനെ കരഭൂമിയും വെള്ളത്തിനടിയിലായി. ജലം കെട്ടിനില്‍ക്കുന്നതിനാല്‍ ആഴവും ചെളിയും കൂടി. അങ്ങനെ കൂവക്കുടി ഒരു മരണക്കുഴിയായി മാറിപ്പോയി. സഞ്ചാരികള്‍ക്കായി ഇവിടെ രാജഭരണക്കാലത്ത് പാലം പണിതു. അങ്ങനെ റോഡ് വന്നു. ഗതാഗതവും സ്ഥാപിച്ചു. കാട്ടാക്കട നിന്നും നെടുമങ്ങാട്ടേയ്ക്കും തിരിച്ചും പോകുന്നത് ഈ പാലം വഴിയാണ്. അക്കാലത്ത് കൂവക്കുടി പാലത്തിന് സമീപം വെളിയന്നൂരില്‍ ബ്രിട്ടീഷുകാരുടെ ധാതു ഖനന ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. ധാതു ദ്രവ്യങ്ങളുടെ കയറ്റുമതിക്ക് ഇവര്‍ക്ക് കരമനയാറിന് കുറുകെ പാലം ആവശ്യഘടകവുമായിരുന്നു.
കാലം ചെന്നതോടെ പാലത്തിന് ബലക്ഷയം ഉണ്ടായി. മണലൂറ്റു കാരണം പാലത്തിന്റെ അടിത്തട്ട് പൂര്‍ണ്ണമായും നശിച്ചു. കാലപ്പഴക്കത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് പഴയപാലത്തിനു സമാന്തരമായി ഒന്പതുകോടി ചെലവില്‍ പുതിയ പാലം നിര്‍മിച്ചു. ഇതോടെ പഴയ പാലത്തെ യാത്രക്കാര്‍ കൈയൊഴിഞ്ഞു. അധികൃതരുടെ അനാസ്ഥയില്‍ പഴയപാലം കാടുകയറി.
കൂവക്കുടി പാലവും ആളൊഴിഞ്ഞ പരിസരവും ഇപ്പോള്‍ മദ്യപന്മാരുടേയും സാമൂഹ്യവിരുദ്ധരുടെയും ആവാസ കേന്ദ്രം. പ്രദേശത്ത് രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളുന്നതും പതിവ്. പഴയ പാലത്തെ സംരക്ഷിച്ച് ചരിത്ര സ്മാരകമായി നിലനിര്‍ത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: