നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ പുതിയ ഭാരതം പിറന്നിരിക്കുന്നു എന്നതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവയൊക്കെ ദൂരീകരിക്കപ്പെടുകയാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, ഇത്തരം സംശയങ്ങള്‍ രണ്ടാം മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നു. കശ്മീരിന് പ്രത്യേകപദവി നല്കുന്ന ഭരണഘടനാ വകുപ്പായ 370, ഇതിന്റെ ബലത്തില്‍ കശ്മീരികളല്ലാത്തവര്‍ക്ക് സ്വത്തവകാശം നിഷേധിക്കുന്ന 35-എ വകുപ്പ് എന്നിവ റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രഖ്യാപനം പുതിയ ഭാരതത്തിന്റെ പിറവിയാണ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമാണ് തീരുമാനം. ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല. ഭാരതം സ്വാതന്ത്ര്യം നേടിയ 1947 ആഗസ്റ്റ് 15, രാഷ്ട്രം റിപ്പബ്ലിക്കായ 1950 ജനുവരി 26 എന്നിവയ്ക്കൊപ്പം 2019 ആഗസ്റ്റ് അഞ്ച് എന്ന ദിനവും ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. എന്നല്ല, ഇപ്പോഴാണ് സ്വതന്ത്ര ഭാരതം അക്ഷരാര്‍ഥത്തില്‍ റിപ്പബ്ലിക്കായത്.
മറ്റ് പല നാട്ടുരാജ്യങ്ങളെയും പോലെ നിരുപാധികമായി ഇന്ത്യയില്‍ ചേരാനാണ് കശ്മീര്‍ മഹാരാജാവ് ഹരിസിങ് തീരുമാനിച്ചത്. ഈ തീരുമാനത്തിലേക്ക് രാജാവിനെ എത്തിക്കുന്നതില്‍ ആര്‍എസ്എസിന്റെ രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
എന്നാല്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ, മതപരമായ വിഘടനവാദത്തിന്റെ വക്താവായ ഷേക്ക് അബ്ദുള്ളയുടെ താളത്തിനു തുള്ളി ഈ തീരുമാനത്തെ തുലച്ചുകളയുകയാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ചെയ്തത്. ഒരര്‍ഥത്തില്‍ ഷേക്ക് അബ്ദുള്ളയ്ക്ക് കശ്മീരിനെ വെള്ളിത്തളികയില്‍ വച്ച് നല്‍കുകയായിരുന്നു. ഇതിന് കരുവാക്കിയതാകട്ടെ ഭരണഘടനാനിര്മാണസഭയില് അംഗമായിരുന്ന എസ് ഗോപാലസ്വാമി അയ്യങ്കാരു. കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി കാണാന്‍ ആഗ്രഹിച്ചവരുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു ഈ പ്രത്യേക പദവി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുള്ള പൗരന്മാര്ക്ക് കശ്മീരില്‍ നിഷേധിക്കപ്പെട്ട സ്വത്തവകാശം പാക്കിസ്ഥാനിലേക്കു പോയവര്‍ക്ക് അനുവദിച്ചു എന്നത് ഇതിന് തെളിവാണ്.
അസ്ഥിര സ്വഭാവമുള്ള 370-ാം വകുപ്പ് ഒരുതരത്തില്‍ പറഞ്ഞാല്‍, ഭരണഘടനയില്‍ ഒളിച്ചുകടത്തുകയായിരുന്നു. കശ്മീരിന് പ്രത്യേക പദവി നിലവില്‍ വന്ന അന്നുമതുല്‍ അത് വിഘടനവാദത്തിന് വളംവച്ചു. സ്വാഭാവികമായി ഇല്ലാതാകുമെന്ന് കരുതപ്പെട്ട വകുപ്പ് അനുദിനം ശക്തിപ്പെടുകയായിരുന്നു. ഇതിനെതിരെ, ഭാരതത്തില്‍ രണ്ട് ഭരണഘടനയും രണ്ട് പതാകയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കശ്മീരിലേക്ക് മാര്‍ച്ച് ചെയ്ത ജനസംഘം സ്ഥാപകനും, സ്വതന്ത്ര ഭാരതത്തിലെ ആദ്യ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയുമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെ ഷേക്ക് അബ്ദുള്ള അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ദേശസ്നേഹിയായ മുഖര്‍ജി തടവില്‍ കിടന്ന് മരിച്ചു. വളരെ വിദഗ്ദ്ധമായി ആസൂത്രണം ചെയ്യപ്പെട്ട ‘മെഡിക്കല്‍ മര്‍ഡര്‍’ ആയിരുന്നു അതെന്ന ആരോപണം ഇപ്പോഴും ശക്തമായി നിലനില്ക്കുന്നു. ഇപ്പോഴിതാ, ആറരപതിറ്റാണ്ടിനുശേഷം ആ ദേശസ്നേഹിയുടെ ആത്മാവിന് മോക്ഷം ലഭിച്ചിരിക്കുകയാണ്.
ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതം സൃഷ്ടിക്കുന്ന, പാക്കിസ്ഥാന്റെ കൈനിലമായി കശ്മീരിനെ നിലനിര്‍ത്തുന്ന 370-ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യം ആര്‍എസ്എസും ജനസംഘവും ബിജെപിയും ഉള്‍പ്പെടുന്ന സംഘപരിവാര്‍ പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചുപോരുന്നതാണ്. ജനസംഘത്തിന്റെയും ബിജെപിയുടെയും തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ഈ ആവശ്യം സ്ഥിരമായി സ്ഥാനം പിടിച്ചുപോന്നു. ഇത് മുന്‍നിര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ നടത്തുകയുണ്ടായി. എന്നാല്‍ മറ്റുള്ളവര്‍ ഒറ്റക്കെട്ടായി ഈ ആവശ്യത്തെ എതിര്‍ത്തു. 370-ാം വകുപ്പ് റദ്ദാക്കുന്നതുപോയിട്ട് അതിനെക്കുറിച്ച് സ്വതന്ത്രമായ ചര്‍ച്ചകള്‍ നടത്തുന്നതുപോലും കുറ്റകരമായി ചിത്രീകരിക്കപ്പെട്ടു. ആര് അധികാരത്തില്‍വന്നാലും കശ്മീരിന്റെ പ്രത്യേക പദവിയെ തൊട്ടുകളിക്കാനാവില്ലെന്ന് രാജ്യസ്നേഹമില്ലാത്തവര്‍ ദേശീയശക്തികളെ നിരന്തരം വെല്ലുവിളിച്ചു. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഇസ്ലാമികശക്തികളും ഇക്കാര്യത്തില്‍ കൈകോര്‍ത്തു. പാക്കിസ്ഥാനും ഒപ്പംചേര്‍ന്നു.
കശ്മീരിന്റെ പ്രത്യേക പദവി മാത്രമല്ല, അതിന്റെ പേരില്‍ വിഘടനവാദികളും കപടമതേതരവാദികളും ഇക്കാലമത്രയും നടത്തിയ വെല്ലുവിളികളും പൂര്‍വകാല പ്രാബല്യത്തോടെ ഇപ്പോള്‍ റദ്ദായിരിക്കുന്നു. 370-ാം വകുപ്പ് റദ്ദാക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന് 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തല്‍പ്പരകക്ഷികള്‍ മുറവിളി കൂട്ടുകയായിരുന്നു. ഈ ഭീഷണി രണ്ടാം മോദി സര്‍ക്കാര്‍ തെല്ലും വകവയ്ക്കുന്നില്ല. നെഹ്റുവിന്റെ ഇന്ത്യ എന്നേക്കുമായി തിരോഭവിക്കുകയാണ്, നരേന്ദ്ര ഭാരതമാണ് നിലവിലുള്ളതെന്ന് തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് ഇനി വിശ്രമിക്കാം. മോദിയുടെ സാരഥ്യത്തില്‍ ആധുനിക ചാണക്യനായ അമിത് ഷാ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ കശ്മീര്‍ ഭാരതത്തിന്റേതു മാത്രമായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: