ഉത്ക്രാന്തിഗത്യധികരണം തുടരുന്നു.
സൂത്രം തഥാ ച ദര്‍ശയതി
അപ്രകാരം തന്നെ ശ്രുതിയും കാണിക്കുന്നുണ്ട്.
ഹൃദയത്തിനുള്ളിലിരിക്കുന്ന അണുസ്വരൂപമായ ആത്മാവിന്റെ ചൈതന്യം സകല രോമങ്ങളിലും നഖത്തിന്റെ അറ്റം വരെയും വ്യാപിച്ചിട്ടുണ്ടെന്ന് ശ്രുതിയും വ്യക്തമാക്കുന്നു. നഖശിഖാന്തം ഒരേ ചൈതന്യം തന്നെ വ്യാപിച്ചിരിക്കുന്നു. ഛാന്ദോഗ്യോപനിഷത്തില്‍ ‘ആലോമഭ്യ: ആനഖാഗ്രേഭ്യ: ‘ബ. ശരീരം മുഴുവന്‍ ജീവ ചൈതന്യം വ്യാപിക്കുന്നു. അതിനാല്‍ ജീവാത്മാവ് അണുവാണെന്നും ശരീരത്തില്‍ ഒരിടത്തിരിക്കുന്നുവെന്നും ചൈതന്യം മുതലായ ഗുണങ്ങളാല്‍ ശരീരം മുഴുവന്‍ വ്യാപിക്കുന്നുവെന്നും ഉറപ്പിക്കുന്നു.
സൂത്രം പൃഥഗുപദേശാത്
വേറെയായി ഉപദേശിച്ചിരിക്കുന്നതിനാല്‍ ജീവനും ചൈതന്യവും വേറെയാണെന്ന് കരുതണം. പ്രത്യേകമായി ശ്രുതിയില്‍ ഉപദേശിച്ചിരിക്കുന്നതിനാല്‍ ആത്മാവ് ആകൃതി കൊണ്ട് അണുവാണെങ്കിലും പ്രഭാവം കൊണ്ട് അനന്തമാണ്.
ജീവാത്മാവ് അണുവാണ് എന്ന് പറയുന്ന ശ്രുതിയില്‍ തന്നെ അത് അനന്തമെന്നും പറയുന്നു.
‘സ ചാനന്ത്യായ കല്പതേ’ അതിനെ അനന്തമായി കല്പിക്കുന്നു.
കഠോപനിഷത്തില്‍ ജീവനെ മഹാന് എന്ന് വിശേഷിപ്പിക്കുന്നുണ്ട്.
ജീവനെ അണുവില്‍ വെച്ച് അണുവും മഹത്തില്‍ വെച്ച് മഹത്തുമായി പറയുന്നു.
കൗഷീതകി ഉപനിഷത്തില്‍ ‘പ്രജ്ഞയാ ശരീരം സമാരുഹ്യ’ പ്രജ്ഞയാല്‍ ശരീരത്തില്‍ വ്യാപിച്ചിരിക്കുന്നു എന്ന് പറയുന്നു. ഇത് ജീവനും പ്രജ്ഞ അഥവാ ചൈതന്യവും വേറെയാണെന്ന് സൂചിപ്പിക്കുന്നു. ബൃഹദാരണ്യകത്തില്‍ ‘തദേഷാം പ്രാണാനാം വിജ്ഞാനേന വിജ്ഞാനമദായ ‘ അവന് ഇന്ദ്രിയങ്ങളുടെ വിജ്ഞാനത്താല്‍ വിജ്ഞാനത്തെ സ്വീകരിക്കുന്നു. ഇത് ജീവനും വിജ്ഞാനവും വേറെയെന്ന് വ്യക്തമാക്കുന്നു.
സൂത്രം തദ്ഗുണസാര ത്വാത്തു തദ് വ്യപദേശ: പ്രാജ്ഞവത്
എന്നാല്‍ ബുദ്ധിയുടെ ഗുണങ്ങളായ ഇച്ഛാദ്വേഷ സുഖദു:ഖങ്ങളെ പ്രധാനമായി സ്വീകരിച്ചതിനാല്‍ ജീവന് അണുവാണെന്ന വ്യപദേശം സംഭവിക്കുന്നു. യഥാര്‍ത്ഥത്തില്‍ ജീവന് ബ്രഹ്മത്തെപ്പോലെ വിഭുവാണ്. ജീവന് അണുവാണെന്നും ചൈതന്യം മുതലായ ഗുണങ്ങളെ കൊണ്ടാണ് എല്ലാം അറിയുന്നതെന്നും ജൈനന്മാര് തുടങ്ങിയവരുടെ അഭിപ്രായത്തെയാണ് പറഞ്ഞത് ഇനി വേദാന്ത മതമെന്താണെന്ന് ഈ സൂത്രത്തില്‍ പറയുന്നു.
ജീവന് ഉണ്ടായതിനെപ്പറ്റി ശ്രുതിയില്‍ എവിടെയും പറഞ്ഞിട്ടില്ല. ‘തത് സൃഷ്ട്വാ തദേവാനുപ്രാവിശത്’ സൃഷ്ടിച്ചതിനു ശേഷം ബ്രഹ്മം തന്നെ അതില്‍ പ്രവേശിച്ചുവെന്ന് പറഞ്ഞിട്ടുമുണ്ട്. ബ്രഹ്മത്തെപ്പോലെ ജീവനും വിഭുവാണെന്നത് ശ്രുതി സ്മൃതികളില്‍ കാണാം. അണുവായ ജീവന് ശരീരവുമായി ബന്ധപ്പെട്ട വേദന മുഴുവന്‍ അറിയാന്‍ കഴിയില്ല. കാലില്‍ മുള്ള് തറച്ചാല്‍ ദേഹം മുഴുവന്‍ വേദന ഉണ്ടാകാറില്ല. കാലില്‍ മാത്രമേ വേദനയുണ്ടാകൂ. ഗുണം എപ്പോഴും ഗുണിയെ ആശ്രയിച്ചിരിക്കും. ചൈതന്യമെന്ന ഗുണം ദേഹം മുഴുക്കെ വ്യാപിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ ചൈതന്യം ഗുണമല്ല. ജീവ സ്വരൂപം തന്നെയാണ്.
തീയിന് ചൂടും വെളിച്ചവും പോലെ ജീവന്റെ സ്വരൂപം ചൈതന്യമാണ്. ജീവനെ അതിനാല്‍ വിഭുത്വഗുണത്തോടു കൂടിയതായി ശ്രുതി പറയുന്നു. അത് അണു പരിമാണമല്ല. ഉപാധികളുമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് ജീവന് സംസാരം വന്ന് പെടുന്നത്. അപ്പോള്‍ ബുദ്ധിയുടേയും മനസ്സിന്റെയും അണുത്വമുള്പ്പടെയുള്ള ഗുണങ്ങള്‍ ജീവന്റെതായി ആരോപിക്കുന്നു. ഇതില്ലെങ്കില്‍ ജീവന് സംസാരിത്വമില്ല. പരമാത്മാവിനെ പോലെ നിത്യ മുക്തസ്വരൂപമാണ്. ബ്രഹ്മത്തില്‍ നിന്ന് വേറിട്ടതല്ല ജീവഭാവം. അധ്യാസം കൊണ്ട് വേറെയെന്ന് തോന്നിക്കുന്നതാണ്. മുമ്പ് പറഞ്ഞതായ ഉത്ക്രാന്തി, ഗതി, ആഗതി എന്നിവയൊക്കെ അധ്യാസം കൊണ്ട് ഉണ്ടാകുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: