Categories: Samskriti

മധുരം മധുരതരം

ഉത്കൃഷ്ടവും ഉന്നതവുമായ ഒരു മനുഷ്യമഹാമാതൃക അന്വേഷിക്കുകയാണ് ആദികവിയായ വാത്മീകി. ത്രിഭുവന സഞ്ചാരിയായ നാരദന് നാലുശ്ലോകങ്ങളില്‍ തന്റെ ഇംഗിതം സമര്‍പ്പിക്കുന്നു.  ഒരു നരനു വേണ്ടത് പതിനഞ്ചു ഗുണങ്ങളത്രെ. ഒരുവനെ പുരുഷര്‍ഷഭനാക്കുന്ന ഭാവരേഖകള്‍ ഇങ്ങനെ: ധര്‍മജ്ഞന്‍, കൃതജ്ഞന്‍, സത്യവാന്‍, ദൃഢവ്രതന്‍, വീര്യവാന്‍, ശുചിവ്രതന്‍, സര്‍വഭൂതഹിതന്‍, വിദ്വാന്‍, സമര്‍ഥന്‍, പ്രിയദര്‍ശനന്‍,  ആത്മവാന്‍, ജിതക്രോധന്‍, ദ്യുതിമാന്‍, അനസൂയ വിശുദ്ധന്‍, രൗദ്രവാന്‍. 

തപസ്വിയായ ശ്രീനാരദന്‍, തൊണ്ണൂറ്റിമൂന്ന് ശ്ലോകങ്ങളില്‍ ഏതാണ്ട് അറുപത്തിയാറോളം സദ്ഗുണങ്ങള്‍  തിങ്ങിയിണങ്ങി അഭംഗുരഭംഗി നിറഞ്ഞ, ഇക്ഷ്വാകു വംശപ്രഭവനായ ഒരു നരോത്തമന്റെ ജീവിതകഥാ സംക്ഷേപം വാത്മീകിക്കു നല്‍കുന്നു. 

ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിങ്ങനെ ആറുഭാഗങ്ങളിലായി ഇരുപത്തി നാലായിരം ശ്ലോകങ്ങളില്‍ ദേവര്‍ഷി പറഞ്ഞ ചെറുകഥയെ ഋഷികവി, വിടര്‍ത്തിപ്പറഞ്ഞപ്പോള്‍ വിശ്വസാഹിത്യത്തിനു ലഭിച്ച വിശ്രുതഗ്രന്ഥമാണ് ‘വാത്മീകി രാമായണം’. രാമായണം ഇതിഹാസ്യ കാവ്യമാകുന്നു. ഇതിഹാസ ലക്ഷണമിങ്ങനെ: 

‘ധര്‍മാഥകാമമോക്ഷാണാ –

മുപദേശ സമന്വിതം

 പൂര്‍വവൃത്തം കഥായുക്ത-  

 മിതിഹാസം പ്രചക്ഷതേ’

രാമായണ രചനയുടെ ആധാരശ്രുതി ഇതാണ്. ‘രാമോ വിഗ്രഹവാന്‍ ധര്‍മഃ’. ധര്‍മം ഉടല്‍പൂണ്ട വിഗ്രഹം ശ്രീരാമന്‍. ധര്‍മം അതൊന്നുണ്ടെങ്കില്‍ അര്‍ഥകാമമോക്ഷങ്ങള്‍ ഉറപ്പായി. വാത്മീകിക്ക് ശ്രീരാമന്‍ വിഷ്ണുവോ അവതാരമോ ഒന്നുമല്ല. ഒരു നല്ലമനുഷ്യന്‍ മാത്രം. 

എന്തൊക്കെയാണ് രാമായണ പാഠങ്ങള്‍?

ഉത്തമഗൃഹജീവിതമാതൃക, പിതൃപുത്രബന്ധത്തിന്റെ വിലോഭനീയത, ഭാര്യാഭര്‍തൃബന്ധത്തിന്റെ സത്ഭാവങ്ങള്‍, ഉദാത്തമായ സഹോദര സ്‌നേഹം, ഭൂതദയ, സദാചാരബോധം, സത്യനിഷ്ഠ.

നാടും നഗരവും കാടും മേടും  കടലും മറുനാടും ഇതിഹാസസ്ഥലികളാകുന്നു. നരനും വാനരനും ദേവനും അസുരനും എന്തിന് സമസ്തജീവലോകത്തിന്റേയും പ്രതിനിധികള്‍ ഇതിഹാസത്തിലെ കഥാപാത്രങ്ങളും. നൂറ്റാണ്ടുകളുടെ പ്രവാഹത്തിനിടയില്‍ രാമായണ സാഹിത്യം എന്നൊരു വിഭാഗം തന്നെ പരിഗണിക്കേണ്ടതായി വന്നിട്ടുണ്ട്. 

ഭക്തിമാര്‍ഗപ്രസ്ഥാനത്തിലെ രാമകഥാവ്യാപ്തി എട്ടാം നൂറ്റാണ്ടിനു ശേഷമാണ് പൂര്‍ണത നേടിയത്. നവീന ഭാഗവതധര്‍മത്തില്‍ ശ്രീരാമന് അവതാരപുരുഷന്റെ സ്ഥാനമാണുള്ളത്. മിക്കപുരാണങ്ങളിലും രാമകഥയോ അതുമായി ബന്ധമുള്ള സംഭവങ്ങളോ കുറഞ്ഞപക്ഷം രാമന്റെ പേരെങ്കിലുമോ കാണാം. 

കുട്ടി രാമായണം ശ്രീനാരദന്‍ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്. 

 ‘യഃ പഠേദ്രാമചരിതം

 സര്‍വപാപൈഃ പ്രമുച്യതേ’

രാമായണ പഠിതാക്കള്‍ സര്‍വപാപങ്ങളില്‍ നിന്നും വിമോചിക്കപ്പെടുന്നു. രാമായണമെങ്ങനെ വായിക്കണമെന്നും കേള്‍ക്കണമെന്നും ആചാര്യന്‍ പറയുന്നുണ്ട്. 

 ‘ധര്‍മാര്‍ഥ കാമസഹിതം

 ശ്രോതവ്യമനസൂയാ’

 ധര്‍മകാമാര്‍ഥ ചിന്തകളോടെ അസൂയവെടിഞ്ഞ് രാമായണം കേള്‍ക്കുക. ആദികവിക്ക് ആത്മപ്രണാമം! 

കൂജന്തം രാമരാമേതി

മധുരം മധുരാക്ഷരം

ആരുഹ്യ കവിതാ ശാഖാം  

വന്ദേ വാത്മീകി കോകിലം !

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക