വാതിലില്‍ തുടരെയുള്ള മുട്ടുകേട്ടാണുണര്‍ന്നത്. നേരംപുലര്ന്നുവരുന്നതേയുള്ളു. വാതില്‍ തുറന്നപ്പോള്‍ കേട്ടത് ‘ബുദ്ധിമുട്ടായോ’ എന്ന ചോദ്യമാണ്. നീളന്‍ കുടയും ബാഗുമായി, യാത്രാക്ഷീണവും പ്രായവും നല്കിയ കിതപ്പുമായി ഒരാള്‍. അകത്തേക്ക് ക്ഷണിക്കുന്നതിനു മുന്‍പേ കയറിവന്നു. ഇരിക്കുന്നതിനു മുന്‍പേ പറഞ്ഞുതുടങ്ങി. ”ഫോണില്‍ വിളിച്ചിരുന്നു. കിട്ടിയില്ല. അപ്പോപിന്നെ നേരില്‍ കാണാമെന്ന് കരുതിയിങ്ങ് പോന്നു. അന്ന് പുല്‍പ്പള്ളിയില്‍ കണ്ടപ്പോള്‍ ഏറെയൊന്നും പറയാന്‍ പറ്റിയില്ല. ചിലതുകൂടി പറയാനുണ്ട്”
സമയവുമായുള്ള യുദ്ധത്തില്‍, ഡെഡ്ലൈനിനെ തോല്‍പ്പിക്കേണ്ട ന്യൂസ് ഡസ്കിലെ തിരക്കിനിടയില്‍, രാത്രിയില്‍ മൊബൈലില്‍ പുല്‍പ്പള്ളി നീലകണ്ഠന് നായര്‍ എന്നു തെളിഞ്ഞുവന്നത് പലതവണ കണ്ടതാണ്. എടുക്കാനായില്ല. തിരിച്ചുവിളിക്കേണ്ടതായിരുന്നല്ലോ എന്ന കുറ്റബോധം മനസ്സില്‍ നിറയുമ്പോള്‍ ”സാരമില്ല. തിരക്കാണെന്നറിയാം.” തോല്‍പ്പിക്കുകയാണ് വീണ്ടും പുല്‍പ്പള്ളിയിലെ പഴയ വിപ്ലവവീര്യം. പണ്ട് പുല്‍പ്പള്ളിയിലെ ഭൂപ്രമാണിമാരെ വിറപ്പിച്ച കര്‍ഷക സംഘം നേതാവ്. ഭരണകൂടത്തേയും പോലീസിനേയും വെല്ലുവിളിച്ച ‘നക്സലൈറ്റ്’. ഞാന്‍ മാവോയിസ്റ്റല്ല മനുഷ്യനാണെന്ന് ലോകത്തോട് പ്രഖ്യാപിക്കാന്‍ വെമ്പുന്ന യഥാര്‍ത്ഥ വിപ്ലവകാരി.
മനസ്സിലെ ആദ്യ പ്രതിഷേധം
പ്രായത്തേയും അനാരോഗ്യത്തേയും മക്കളുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധങ്ങളേയും മറികടന്ന് യാത്ര ചെയ്യുകയാണ് സി. എന്‍. നീലകണ്ഠന് നായര്‍. പുതിയ സൗഹൃദങ്ങളിലേക്ക്, പഴയ ബന്ധങ്ങള്‍ക്ക് സ്നേഹത്തിന്റെ അഷ്ടബന്ധമുറപ്പിക്കാന്, ജരാനരകള്‍ കീഴടക്കിയ ശരീരത്തില്‍ നരകയറാത്ത വീര്യമുള്ള മനസ്സുമായി. കിതയ്ക്കുന്നുണ്ടെങ്കിലും വാക്കുകള്‍ക്ക് പഴയ ഉറപ്പുണ്ട്. പുല്‍പ്പള്ളിയിലെ കര്‍ഷകര്‍ക്കുവേണ്ടി ഉയര്‍ന്ന ശബ്ദം. കമ്യൂണിസവും മാവോയിസവുമല്ല, മനുഷ്യനെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന മാനവ ദര്‍ശനത്തിലാണ് തന്റെ നില്‍പ്പും നിലപാടുകളുമെന്ന് പൂരിപ്പിക്കുകയാണ് നീലകണ്ഠന് നായര്‍. മുന്നിലിരിക്കുന്നത് പഴയ പുല്‍പ്പള്ളി സ്റ്റേഷനാക്രമണ കേസിലെ പ്രതിയല്ല; ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന അയ്യപ്പജ്യോതിയില്‍ തിരി തെളിച്ചതിന്റെ ചാരിതാര്‍ത്ഥ്യം നിറഞ്ഞ മനസ്സിന്റെ ഉടമ.
”മാറ്റം അനിവാര്യമാണ്. മാറാത്തതായി മാറ്റമൊന്നേയുള്ളു. പുല്‍പ്പള്ളി സ്റ്റേഷനാക്രമണ കേസിലെ നക്സലൈറ്റായി മാത്രം വിശേഷിപ്പിക്കപ്പെടാന്‍ താല്‍പ്പര്യമില്ല. ചെറുപ്പത്തില്‍ പലതവണ മല കയറിയിട്ടുണ്ട്. അയ്യപ്പനാണ് സര്‍വ്വസ്വം. ദൈവത്തോടുള്ള ഭക്തി ചുറ്റുമുള്ള മനുഷ്യനോടുള്ള ആര്‍ദ്രമായ അനുതാപമാണെന്ന വിശ്വാസദാര്‍ഢ്യമാണ് അന്നും എന്നും നയിച്ചത്. അറിവുകള്‍ തിരിച്ചറിവുകള്‍, കൂടുതല്‍ കൂടുതല്‍ ആഴത്തിലുള്ള അനുഭവങ്ങള്‍ അത് തെളിയിച്ചുകൊണ്ടിരിക്കുന്നു.”
കുട്ടിക്കാലത്ത് വീട്ടില്‍ ഏറ്റവും വലിയ ജോലി ആഴമുള്ള കിണറില്‍ നിന്ന് വെള്ളം കോരലായിരുന്നു. ജാതിയില്‍ താണതെന്ന് അന്ന് കരുതിപ്പോന്നവര്‍ക്ക് വീട്ടിലെ കിണര്‍ തൊടാന്‍ അവകാശമില്ല. കുടിവെള്ളത്തിന് നിരനിരയായി എത്തിയവര്‍ക്ക് കിണറില്‍നിന്ന് വെള്ളം കോരിക്കൊടുക്കണം. മനസ്സില്‍ ആദ്യമുണ്ടായ പ്രതിഷേധം അതായിരുന്നു.
കരിമത്തെ കര്‍ഷക നേതാവ്
നിലവറയിലെ നെല്ല് പാടത്ത് പണിയെടുക്കുന്നവന്റേത്് കൂടിയാണെന്നറിയാമായിരുന്നതു കൊണ്ടാണ് മീനച്ചിലില്‍ നിന്ന് പുല്‍പ്പള്ളിയിലെത്തിയപ്പോള്‍ കര്‍ഷകസംഘത്തിന്റെ നേതാവായത്. വയനാട്ടില്‍, പുല്‍പ്പള്ളിയില്‍ ഭൂപ്രമാണിമാര്‍ കൃഷിഭൂമി കൈയടക്കിവാണ കാലം. ഭൂപരിഷ്കരണം നടപ്പിലായിട്ടും കൃഷിഭൂമിയില്‍ കര്‍ഷകനും വനവാസിക്കും അവകാശം ലഭിച്ചില്ല. അന്യാധീനപ്പെട്ട ഭൂമിയില്‍ കാലെടുത്തുവെയ്ക്കാന് പോലും അവകാശമില്ലാത്തവര്‍. വര്‍ഗ്ഗസമരത്തിലൂടെ മാത്രമല്ല ജനകീയ ജനാധിപത്യമാര്ഗ്ഗത്തിലൂടെയും തൊഴിലാളി വര്‍ഗ്ഗത്തിന് മോചനം നേടാനാവുമെന്ന് പ്രഖ്യാപിച്ചവര്‍ തിരുവനന്തപുരത്ത് രണ്ടാം തവണ അധികാരത്തിലെത്തിയിട്ടും കോരന് പഴയ കുമ്പിളില്‍ത്തന്നെ കഞ്ഞികുടിച്ചുകൊണ്ടിരുന്ന കാലം.
സഹിക്കാനാവാത്ത നീതിനിഷേധം. അന്ന് കരിമം ആയിരുന്നു ഇന്നത്തെ പുല്‍പ്പള്ളി. റേഷന്‍ കടകളില്‍ നിന്നുപോലും അകറ്റി നിര്‍ത്തപ്പെട്ടവരായിരുന്നു പാവപ്പെട്ടവര്‍. അര്‍ഹമായ റേഷന്‍ വിഹിതം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. കാര്‍ഡുടമകളെ സംഘടിപ്പിച്ച് റേഷന്‍ കട പൂട്ടിച്ചുകൊണ്ടായിരുന്നു സമരമുന്നേറ്റത്തിന്റെ തുടക്കം. വിവരമറിയിച്ചതനുസരിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കെ.യു. വര്‍ഗീസ് സ്ഥലത്തെത്തി. മീനങ്ങാടിയില്‍ നിന്ന് കര്‍ഷക സംഘത്തിന്റെയും പാര്‍ട്ടിയുടെയും നേതാക്കളായ എന്‍. വാസുദേവനും വര്‍ഗീസ് വൈദ്യരുമെത്തി. വൈത്തിരിയിലെത്തി തഹസില്‍ദാരെ കണ്ട് കട സീല്‍ ചെയ്യിപ്പിച്ചു. ആദ്യ സമരം, ആദ്യ വിജയം.
കര്‍ഷകസംഘം ജനറല്‍ ബോഡിയില്‍ നേതൃസ്ഥാനത്തേക്ക് തര്‍ക്കം വന്നു. പല പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. സഖാവ് വാസുദേവന്‍ തന്റെ പേര് നിര്‍ദ്ദേശിച്ച് തര്‍ക്കം ഒഴിവാക്കി. 14,998 ഏക്കര്‍ പുല്‍പ്പള്ളി ദേവസ്വം ഭൂമി കയ്യേറ്റം നടക്കുന്ന സന്ദര്‍ഭം. കര്‍ഷക സംഘം പ്രവര്‍ത്തനം ഏറെ ക്ലേശകരമായിരുന്നു. 1650 ഏക്കര്‍ മറുപാട്ടം എന്ന രേഖ കൊടുത്തതൊഴിച്ചാല്‍ ബാക്കി മുഴുവന്‍ കയ്യേറിക്കൊണ്ടിരുന്നു. ഇഎംഎസിന്റെ നേതൃത്വത്തില്‍ സപ്തകക്ഷി ഭരണം. വനം വകുപ്പില്‍ എം.കെ. കൃഷ്ണന്, റവന്യൂ മന്ത്രിയായി കെ.ആര് ഗൗരി, ദേവസ്വം മന്ത്രിയായി പി.ആര്. കുറുപ്പ്. നിവേദനങ്ങള്‍ പരാതികള്‍, ഒന്നും ഫലം കണ്ടില്ല. എകെജിക്ക് സ്വീകരണം തീരുമാനിച്ച് പ്രശ്നം ശ്രദ്ധയില്പ്പെടുത്തണമെന്നുറപ്പിച്ചു. വന്‍ സ്വീകരണം, നിവേദനം നല്കല്. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രശ്നം പരിഹരിക്കാമെന്നേറ്റ് എകെജി മലയിറങ്ങി. ഒന്നും സംഭവിച്ചില്ല. പ്രതീക്ഷകള്‍ കരിഞ്ഞു. വീണ്ടും മന്ത്രി ഗൗരിയമ്മയ്ക്ക് നിവേദനവുമായി ചെന്നപ്പോള്‍ ”നിങ്ങളവിടെ എന്തെങ്കിലും ചെയ്യ്. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല” എന്നായിരുന്നു കടുത്ത മറുപടി.
പുല്‍പ്പള്ളിയിലെ ആക്ഷന്‍
മാനസികമായും ശാരീരികമായും തളര്‍ന്നുപോയി. സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടിലായിരുന്നു. കര്‍ഷകസംഘം സെക്രട്ടറി സ്ഥാനം രാജിവെച്ച് മാറിനില്ക്കാന് തീരുമാനിച്ചു. എന്നാല്‍ ജോയിന്റ് സെക്രട്ടറിയായെങ്കിലും തുടരണമെന്ന് സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. കര്‍ഷക പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആഗ്രഹം മനസ്സില്‍ കെടാതെ ബാക്കിയുണ്ട്. അപ്പോഴാണ് കുന്നിക്കല്‍ നാരായണന് ദേവഗര്ത്തയില് വന്ന് ആളെ വിട്ട് വിളിപ്പിക്കുന്നത്. ദീര്‍ഘനേരം ചര്‍ച്ച നടന്നു. തേറ്റമല കൃഷ്ണന്‍കുട്ടി, ഫിലിപ്പ് എം. പ്രസാദ്, എ. വര്‍ഗീസ്, കുഞ്ഞിരാമന് മാസ്റ്റര്‍, അജിത തുടങ്ങിയവരും മാനന്തവാടി സഖാക്കളുമായി ബന്ധപ്പെട്ടു. ചെവിയില്‍ വസന്തത്തിന്റെ ഇടിമുഴക്കം, സായുധകലാപത്തിലൂടെ വര്‍ഗ്ഗമുന്നേറ്റം- പാര്‍ട്ടിക്ലാസുകള്‍…. മാവോസൂക്തങ്ങള്‍, പുതിയ അന്തരീക്ഷം, പുതിയ പ്രതീക്ഷകള്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെ സമരമുന്നണി തയ്യാറാക്കാനുള്ള പരിശ്രമങ്ങള്‍.
1968 നവംബര്‍ 24നാണ് പുല്‍പ്പള്ളി സമരം നടത്താന്‍ തീരുമാനമായത്. അന്നത്തെ പുല്‍പ്പള്ളി എസ്ഐ ആയിരുന്ന അയ്യപ്പനുമായി ചില രാഷ്ട്രീയ പ്രശ്നങ്ങളാല്‍ ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. എവിടെക്കണ്ടാലും അറസ്റ്റ് ചെയ്യുമെന്ന വാശിയിലുമായിരുന്നു. എസ്ഐയെ ഭയന്നിട്ടല്ലെങ്കിലും പോലീസിന്റെ പിടിയില്‍ പെടേണ്ടെന്ന് കരുതി കരിമത്തേക്ക് അധികം പോകാറില്ല.
അജിത ഉള്‍പ്പടെ പത്തറുപത് പേര് നവംബര്‍ 24ന് കന്നാരം പുഴയുടെ തീരത്ത് വനത്തില്‍ ഒന്നിച്ചുകൂടി. ആയുധങ്ങളും അരിയടക്കമുള്ള സാമഗ്രികളുമായി ദേവസ്വം ഓഫീസ് ആക്രമിക്കാനുള്ള യാത്ര തുടങ്ങി. വയര്‍ലസ് സ്റ്റേഷനില്‍ നിന്ന് തോക്കുകള്‍ എടുക്കണമെന്നായിരുന്നു ആദ്യ പ്ലാന്‍. കാട്ടിലൂടെയുള്ള നീണ്ടയാത്രയ്ക്കുശേഷം പുല്‍പ്പള്ളി ഓപ്പറേഷന് പൂര്‍ത്തിയായി. ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഗോപാലന്റെ കൈയിലെ നാടന്‍ ബോംബ് അബദ്ധത്തില്‍ പൊട്ടി. കൈ അറ്റ് തൂങ്ങിയ നിലയിലായി. താനടക്കം മൂന്നുനാലുപേര്‍ ഗോപാലനെ ശുശ്രൂഷിക്കാനായി നിയോഗിക്കപ്പെട്ടു.
പിന്നീട് ചെകാടിയിലേക്കായി യാത്ര. നേരത്തെ തീരുമാനിച്ച പ്രകാരം ഭൂപ്രമാണിമാരുടെ വീട്ടില്‍നിന്ന് നെല്ല് പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്തു. തിരുനെല്ലി പക്ഷിപാതാളത്തിനടുത്താണ് മറ്റൊരത്യാഹിതം. സംഘത്തിലുണ്ടായിരുന്ന കിസാന്‍ തൊമ്മന് ബോംബ് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റു. മരക്കൊമ്പില്‍ തൂക്കിയിട്ടിരുന്ന സ്ഫോടകവസ്തു നിറച്ച ബാഗ് താഴെ വീണുണ്ടായ സ്ഫോടനത്തിലാണ് തൊമ്മന് പരിക്കേറ്റത്. ശരീരത്തിന്റെ പല ഭാഗങ്ങളും ചിതറിത്തെറിച്ച നിലയിലായിരുന്നു. തന്നെ ഇനി നോക്കേണ്ടെന്നും, വെടിവെച്ചുകൊന്ന് വേദനയില്‍നിന്ന് രക്ഷപ്പെടുത്തണമെന്നുമായിരുന്നു തൊമ്മന്റെ അവസാന അപേക്ഷ.
തളരാത്ത നീതിബോധം
സിഎന്നിന് സ്ഫോടനത്തില്‍ ചില്ലറ പരിക്കുകളേറ്റ് മുഖത്തും ശരീരത്തിലും രക്തമൊഴുകുന്നുണ്ടായിരുന്നു. മാനന്തവാടിയിലെത്തി പരിചയക്കാരനായ വൈദ്യന്റെ ചികിത്സ തേടാനായിരുന്നു തീരുമാനം. സ്ഥലപരിചയമുള്ള ഒരാളോടൊപ്പം മാനന്തവാടിയിലേക്ക് നീങ്ങിയെങ്കിലും കൂടെയുണ്ടായിരുന്ന ആള് കബളിപ്പിച്ച് സ്ഥലം വിട്ടു. ഒരുവിധം തലപ്പുഴയിലെത്തി. കണിയാരത്ത് എത്തി അടുത്തു കണ്ട ബാര്‍ബര്‍ ഷാപ്പിലെ കണ്ണാടി നോക്കിയപ്പോഴാണ് ചോര കട്ടപിടിച്ച മുഖവും ശരീരവും ശരിക്കും കാണുന്നത്. ഉടനെ അടുത്തുള്ള തോട്ടിലിറങ്ങി കളിച്ചെന്നു വരുത്തി. ഒരുവിധം പേരാവൂര്‍ക്കുള്ള ബസ്സില്‍ കയറിപ്പറ്റി. ബസ്സില്‍ പരിചയക്കാരന് കണ്ട് പേടിച്ച് നിലവിളിക്കുമെന്ന നിലയിലായിരുന്നു. പോലീസ് തെരയുകയാണെന്ന് അയാള്‍ ചെവിയില്‍ അടക്കം പറഞ്ഞു. പല ബസ്സുകള്‍ കയറിയും ഇറങ്ങിയും തലശ്ശേരിയിലേക്ക് ട്രെയിന്‍ വഴി ആലുവയിലേക്ക്. മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ അടിമാലിയിലിറങ്ങി. പൊന്മുടി ഡാം വഴി രാജാക്കാട്ടെത്തി. 1969 ഒക്ടോബര്‍ 30 വരെ ഒരു വര്‍ഷം ഒളിവില്‍. അന്നു രാത്രി തിരികെ പുല്‍പ്പള്ളിയിലെ വീട്ടിലെത്തി. എന്നാല്‍ എങ്ങനെയോ വിവരമറിഞ്ഞ് ഉറങ്ങിക്കിടക്കുമ്പോള്‍ രാത്രി സായുധ പോലീസ് സംഘം വീട് വളഞ്ഞു. ‘നിയാണോടാ സിഎന്‍’ എന്ന ചോദ്യത്തോടെയുള്ള അടി. ഏആര്പിക്കാരും ക്രൈംബ്രാഞ്ചുകാരും ലോക്കല്‍ പോലീസും വീട് വളഞ്ഞിരിക്കുകയാണ്. ക്രൂരമര്‍ദ്ദനം നിര്‍ത്തിയത് ഡിഎസ്പി മുരളീകൃഷ്ണദാസിന്റെ അടുത്തെത്തിയപ്പോഴാണ്. മര്‍ദ്ദനമേറ്റ അവശതയില്‍ ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞില്ല. കോഴിക്കോട്ടെത്തിച്ചെങ്കിലും മജിസ്ട്രേറ്റ് ലീവായതിനാല്‍ കൊയിലാണ്ടി മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക്…
കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുമ്പോഴേക്കും ഏറെ വൈകിയിരുന്നു. ജയിലില്‍ പ്രവേശിപ്പിക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ നടക്കാവ് സ്റ്റേഷനിലേക്ക്. പതിവ് തെറ്റിക്കാതെ മര്‍ദ്ദനം. പുല്പ്പള്ളിക്കേസിലെ പിടികിട്ടാപ്പുള്ളിയാണെന്ന വിശേഷണംകൂടി കിട്ടിയതോടെ മര്‍ദ്ദനത്തിന്റെ എണ്ണവും വണ്ണവും കൂടി. ലോക്കപ്പില്‍ കള്ളന്മാര് മുഴുവസ്ത്രത്തിലും, തനിക്ക് അടിവസ്ത്രം മാത്രവും. ഡ്യൂട്ടിക്കെത്തുന്നവര്‍ മുടങ്ങാതെയെത്തി അവരുടെ പങ്ക് നല്കി തിരിച്ചു പോയി. ഭക്ഷണം കഴിച്ചോ എന്നുപോലും ആരും ചോദിച്ചില്ല. പിറ്റേന്ന് ജയിലിലേക്ക്. ഭക്ഷണം കഴിക്കാന്‍ പോലുമാകാതെ അവശനായതിനാല്‍ രണ്ടു ദിവസം ആശുപത്രി വാസം. പിന്നീട് ജയിലിലേക്ക്… ജയിലില്‍ ലഭിച്ച എ ക്ലാസ് തടവുകാരനുള്ള സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ മനസ്സ് സമ്മതിക്കുന്നുണ്ടായിരുന്നില്ല.
ആ കോടതിവിധിയും കടന്ന്
പുല്‍പ്പള്ളി ഓപ്പറേഷനും ജയില്‍വാസവും ഏറെ അനുഭവങ്ങളും അതിലേറെ പാഠങ്ങളുമാണ് നല്‍കിയത്. എ ക്ലാസ് സൗകര്യം വേണ്ടെന്ന് വെയ്ക്കാനുള്ള തീരുമാനത്തോട് ഏറെ എതിര്‍പ്പ് സഹ തടവുകാര്ക്കായിരുന്നുവെന്നത് അത്ഭുതപ്പെടുത്തി. സൗകര്യങ്ങള്‍ വേണ്ടെന്നുവെയ്ക്കാന്‍ പോലും ഏറെ നടപടിക്രമങ്ങള്‍ ഉണ്ടായിരുന്നു. 28 ദിവസത്തിനുശേഷം സാദാതടവുകാരനായി മാറിയപ്പോള്‍ പുറത്ത് സൗകര്യങ്ങള്‍ കുറഞ്ഞെങ്കിലും അകത്ത് ആനന്ദം നിറഞ്ഞു.
തടവും വിചാരണയും വിധിപ്രസ്താവവും ഒക്കെ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. സംസ്ഥാനത്ത് അറിയപ്പെടുന്ന അഭിഭാഷകരാണ് കേസ് വാദിക്കാനെത്തിയത്- കുഞ്ഞിരാമമേനോന്, ഭാസ്കരന് നായര്‍, കുഞ്ഞിരാമ പൊതുവാള് എന്നിവരൊക്കെ. വിധി ദിവസം പതിനെട്ടുപേര്‍ക്ക് കയറാന്‍ പത്തു വണ്ടികള്‍. വണ്ടിയില്‍ മാവോയുടെ ചിത്രം വെയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ പോലീസ് തയ്യാറായില്ല. ചിലരെങ്കിലും ശിക്ഷ ലഭിക്കാതെ പുറത്ത് പോവുമെന്ന് പോലീസ് സംശയിച്ചതിനാല്‍ മര്‍ദ്ദനത്തിന്റെ അവസാന ഡോസ് നല്‍കിയാണ് വാഹനങ്ങളിലേക്ക് കയറ്റിയത്. ബയണറ്റുകൊണ്ട് തലക്കടിയേറ്റ് ബോധരഹിതനായി സിഎന്‍ വണ്ടിയില്‍ കിടന്നു. ജഡ്ജിയുടെ മുമ്പില്‍ താങ്ങിപ്പിടിച്ചാണ് എത്തിച്ചത്. കുന്നിക്കല്‍ നാരായണന് മര്‍ദ്ദനത്തെക്കുറിച്ച് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തന്നെ വെറുതെ വിട്ടുകൊണ്ടായിരുന്നു വിധിപ്രസ്താവം. കുഞ്ഞിരാമമേനോന്റെ കാറില്‍ ആശുപത്രിയിലേക്ക്. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഡോക്ടറുടെ അനുവാദത്തിന് കാത്തുനില്‍ക്കാതെ വീട്ടിലേക്ക് പോന്നു.
അയ്യപ്പനില്‍ ശരണാഗതി
ചാലാടിയില്‍ നീലകണ്ഠന് നായരുടെയും മേനാകുന്നേല്‍ പാര്‍വ്വതി അമ്മയുടെയും ആറാമത്തെ മകനായി മീനച്ചിലിനടുത്ത് തോടനാലില്‍ ജനിച്ച്, 1950കളില്‍ കമ്മ്യൂണിസത്തില്‍ ആകൃഷ്ടനായി. പിന്നീട് രാജാക്കാട്ടിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തു. ‘ജനയുഗ’ത്തിന്റെയും ‘ദേശാഭിമാനി’യുടെയും ഏജന്റും വിതരണക്കാരനുമായി. അങ്ങനെ അങ്ങനെ പ്രവാസിയായി ഇന്നത്തെ പുല്‍പ്പള്ളിയിലെത്തിയ സിഎന്‍ എന്ന സി. നീലകണ്ഠന് നായരുടെ ജീവിതകഥ ഇതിലും ഏറെപ്പറയാനുള്ളതാണ്. ഭൂപ്രമാണിമാരില്‍നിന്ന് ഏറെ വ്യത്യസ്തമല്ല അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റുകാരെന്ന തിരിച്ചറിവ് ഉള്‍ക്കൊള്ളാന്‍ മനസ്സ് പാകമാകേണ്ടിവന്നു. കര്‍ഷകത്തൊഴിലാളികളുടെയും ആദിവാസികളുടെയും ദുരിതജീവിതമാണ് പുല്‍പ്പള്ളി ഓപ്പറേഷനില്‍ അണിനിരക്കാന്‍ പ്രേരിപ്പിച്ചത്. വിശ്വസിച്ചിരുന്ന പാര്‍ട്ടിയുടെ വര്‍ഗവിപ്ലവം വായാടിത്തം മാത്രമാണെന്ന് തിരിച്ചറിഞ്ഞുവെങ്കിലും അന്ന് അതല്ലാതെ മറ്റൊരു മാര്‍ഗ്ഗം തെളിഞ്ഞുകണ്ടില്ല.
ജന്മനാട്ടില് നിന്ന് പുല്പ്പള്ളിയിലെത്തിയപ്പോഴും, കമ്മ്യൂണിസത്തിന്റെ ഊടുവഴികളിലൂടെ ഉഴറിനടന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ അയ്യനുണ്ടായിരുന്നു. വീട്ടുകാര്‍ക്കൊപ്പം മലകയറിയതിന്റെ അനുഭവം. അറിഞ്ഞും അനുഭവിച്ചും ഉണ്ടായ ജീവിതപാഠങ്ങള്‍ നാടിന്റെ തനിമയെ തിരിച്ചറിയാത്തതിനൊന്നും നിലനില്‍ക്കാനാവില്ലെന്ന തിരിച്ചറിവിലാണെത്തിച്ചത്. തുടങ്ങിയേടത്ത് അവസാനിക്കുന്ന യാത്രപോലെ അയ്യപ്പനില്‍ ശരണാഗതി പ്രാപിക്കാന്‍ തോന്നിയതും ചെറുപ്പത്തിലെ ആത്മീയാനുഭവം തന്നെയാകാം. ആദിവാസിയുടെ കണ്ണീരൊപ്പാന്‍ എന്തെങ്കിലും ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹം ജനിപ്പിച്ചതും ഇതേ ആത്മീയത തന്നെ-മാവോയിസത്തേക്കാള് മാനവികതയുടെ സ്പര്‍ശമാണ് ഹൃദയത്തെ ആര്ദ്രമാക്കുന്നത്, അന്നും എന്നും. ജീവിതത്തിലേറ്റ തിരിച്ചടികള്‍ മൂലം അട്ടപ്പാടിയിലേക്കും ഗൂഡല്ലൂരിലേക്കും ജീവിതം പറിച്ചുനടേണ്ടിവന്നപ്പോഴും മനസ്സിനുള്ളില്‍ ഈ ആര്‍ദ്രത തന്നെയായിരുന്നു. ഗൂഡല്ലൂരിലെ താമസക്കാലത്ത് സിഎന്‍ പണിത അയ്യപ്പമഠം ഇന്ന് ക്ഷേത്രമായി കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: