ഒരുപിടി ആഹാരത്തിന്റെ പേരില്‍ അട്ടപ്പാടിയില്‍ മധുവെന്ന വനവാസി യുവാവിനെ തല്ലിക്കൊന്നത് പരിഷ്ക്കൃത സമൂഹത്തിലെ ചിലരാണെങ്കില്‍ കല്ലേക്കാട് എആര്‍ ക്യാമ്പിലെ കുമാറെന്ന വനവാസി പോലീസുകാരന്റെ മരണത്തിന് ഇടയാക്കിയത് സഹപ്രവര്‍ത്തകരാണ്.
ഉത്തരേന്ത്യയില്‍ ദളിത് പീഡനം നടന്നുവെന്നാരോപിച്ച് കേരളത്തില്‍ കോലാഹലം സൃഷ്ടിക്കുന്ന ഇടത് സര്‍ക്കാരും സാംസ്ക്കാരിക നായകരും പുരോഗമനവാദികളുമൊന്നും കുമാറിന്റെ മരണം ‘അറിഞ്ഞിട്ടില്ല’. പ്രതികരിച്ചിട്ടുമില്ല.
ഏറ്റവുമധികം ദളിത്പീഡനം നടക്കുന്നത് കേരളത്തിലാണെന്നതിന് തെളിവാണ് കുമാറിന്റെ മരണം. ക്യാമ്പില്‍ കടുത്ത വംശീയ അധിക്ഷേപമാണ് അട്ടപ്പാടി കാവുണ്ടിക്കല്‍ കുന്നന്ചള്ള ഊരില്‍നിന്നുള്ള കുമാര്‍ നേരിട്ടത്. ജൂലൈ 25ന് രാത്രിയാണ് കുമാറിന്റെ മൃതദേഹം ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് കണ്ടെത്തിയത്. ആത്മഹത്യയായി ചുരുങ്ങുമായിരുന്ന മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെയാണ് സംഭവം വിവാദമായത്. ഏഴുവര്‍ഷം മുമ്പ് പോലീസില്‍ ജോലിക്ക് കയറിയ കുമാര്‍ ഒന്നരവര്‍ഷം മുമ്പാണ് കല്ലേക്കാട് ക്യാമ്പിലെത്തുന്നത്. ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം.
ക്യാമ്പില്‍ കടുത്ത ജാതീയവിവേചനവും അവഹേളനവും നേരിട്ടിരുന്നതായി ഭാര്യ സജിനിയോടും സഹോദരന് രങ്കന് മൂപ്പനോടും പറഞ്ഞിരുന്നു. ഡെപ്യൂട്ടി കമാന്‍ഡന്‍ഡ്, ഡ്യൂട്ടി ഡീറ്റെയില്‍ ചെയ്യുന്ന പോലീസുകാര്‍, എസ്ഐ, എഎസ്ഐ ഉള്‍പ്പെടുയുള്ളവര്‍ ജാതീയമായി അധിക്ഷേപിച്ച് അധികഡ്യൂട്ടി ചെയ്യിപ്പിച്ചിരുന്നത്രെ. ഇതിനിടെ ഭാര്യയെയും മാസംതികയാതെ ജനിച്ച കുഞ്ഞിനെയും കൊണ്ടുവരേണ്ടതിനാല്‍ പുതിയ ക്വാര്‍ട്ടേഴ്സിലേക്ക് വീട്ടുസാധനങ്ങള്‍ മാറ്റിയിരുന്നു.
ജോലിക്കുപോയ തക്കത്തിന് ആരോപണവിധേയരായവര്‍ പൂട്ട്പൊളിച്ച് അവ വീണ്ടും പഴയ ക്വാര്‍ട്ടേഴ്സില്‍ കൊണ്ടിട്ടു. മെയ് എട്ടിന് ക്യാമ്പിലെ പോലീസ് ബാരക്കില്നിര്ത്തി മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. വിവസ്ത്രനാക്കി മര്‍ദ്ദിച്ചിരുന്നതായും പറയുന്നു. ഈ സമയത്ത് മൊബൈല്‍ ഫോണ്‍, റൂമിന്റെ താക്കോല്‍, യൂണിഫോം എന്നിവ ഡ്യൂട്ടി ഓഫീസറായിരുന്ന ഉദ്യോഗസ്ഥന് കൊടുക്കാത്തതിനെ തുടര്‍ന്ന് എസ്ഐയുമായി തര്‍ക്കമുണ്ടായി. സംഭവങ്ങളില്‍ മനംമടുത്ത കുമാര്‍ മെയ് ഒമ്പത് മുതല്‍ ജൂലൈ 19 വരെ അവധിയെടുത്തു. മെയ് എട്ടിന് ഡ്യൂട്ടി ഓഫീസര്‍ വാങ്ങിവച്ച ഫോണ്‍ മൂന്നു മാസങ്ങള്‍ക്ക്ശേഷം ജൂലൈ 15നാണ് നല്‍കിയത്. അന്നുതന്നെ റൂമിന്റെ താക്കോലും, യൂണിഫോമും നല്കി. റൂമില്‍നിന്ന് ടിവി നഷ്പ്പെട്ടിരുന്നു.
ക്യാമ്പിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ജൂലൈ 17ന് ജില്ലാപോലീസ് മേധാവിയെ കണ്ട് കുമാറും സഹോദരന് രങ്കനും പരാതി പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും പുതിയ ക്വാര്‍ട്ടേഴ്സ് അനുവദിക്കാമെന്നും നേരിട്ട് ഇടപെടുമെന്നും എസ്പി ഉറപ്പുനല്‍കി. ഭാര്യയ്ക്ക് പരീക്ഷയുള്ളതിനാല്‍ അഞ്ച്ദിവസം കൂടെ ലീവ് നീട്ടി. 23ന് ഭാര്യയുടെ പരീക്ഷ കഴിഞ്ഞശേഷം ട്രെയിന്‍ കയറ്റിവിട്ടു. 24ന് രാവിലെ 9.30ന് സജിനിയെ വിളിച്ച് താന്‍ ഡ്യൂട്ടിയിലാണെന്ന് പറഞ്ഞു. പിന്നീട് ഫോണ്‍ സ്വിച്ച്ഓഫ് ആയി. 25ന് വൈകിട്ട് 4.24ന് സജിനിക്ക് വാട്സ് ആപ്പ് മെസേജ് അയച്ചിരുന്നു. അരമണിക്കൂറിന് ശേഷം തിരിച്ചുവിളിച്ചപ്പോള്‍ കിട്ടിയില്ല. കുമാര്‍ ട്രെയിന്‍തട്ടി മരിച്ചെന്ന വിവരം രാത്രി 11.30ന് ലഭിച്ചു.
ഭര്‍ത്താവ് അനുഭവിച്ച പീഡനങ്ങളേക്കുറിച്ച് സജിനിയുടെ വാക്കുകള്‍:
വനവാസിയായതിന്റെ പേരില്‍ ശാരീരികമായും മാനസികമായും അദ്ദേഹത്തിന് പീഡനം ഏല്ക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നതും അതുതന്നെയാണ്.
ഞാനും മനുഷ്യനല്ലെ? പഴയ ക്വാര്‍ട്ടേഴ്സിലെ പ്രശ്നങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പുതിയ ക്വാര്‍ട്ടേഴ്സ് അനുവദിച്ചത്. അവധിയില്‍ പോകുന്നതിന്മുമ്പ് വീട്ടുസാധനങ്ങള്‍ പുതിയ ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചെങ്കിലും തിരിച്ചുവന്നപ്പോള്‍ പഴയ ക്വാര്‍ട്ടേഴ്സില്‍ത്തന്നെ തള്ളി പുതിയ ക്വാര്‍ട്ടേഴ്സിനു വേറൊരും പൂട്ടിട്ട നിലയിലായിരുന്നു. പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലന – തുടങ്ങിയ കാര്യങ്ങളായിരുന്നു മൂന്നുപേജുള്ള ആത്മഹത്യക്കുറിപ്പിലുള്ളത്.
ഡിസി സുരേന്ദ്രന്, സിപിഒ ആസാദ്, എസ്ഐ, എഎസ്ഐ, റൈറ്റര്‍, ഡ്യൂട്ടി ഡീറ്റെയില്‍ ചെയ്യുന്ന നാല് പോലീസുകാര്‍ എന്നിവരായിരുന്നു ഇതിനുപിന്നില്‍.
ഇതിനുമുമ്പ് കുടുംബാംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഒരു ട്രോള്‍ ഫോര്‍വേഡ് ചെയ്തപ്പോള്‍ അറിയാതെ പോലീസ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഗ്രൂപ്പിലേക്കും പോയി. ഇതേതുടര്‍ന്ന് ബന്ധപ്പെട്ട പാര്‍ട്ടിയെ കളിയാക്കിക്കൊണ്ട് ഗ്രൂപ്പില്‍ മെസേജിട്ടെന്നാരോപിച്ച് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചു. ഗ്രൂപ്പില്‍ മാപ്പുപറഞ്ഞ് മെസേജ് അയക്കാനും, ഓരോ അഡ്മിനെയും ഫോണില്‍വിളിച്ച് മാപ്പുപറയാനും ആവശ്യപ്പെട്ടിരുന്നു. അധികൃതര്‍ പറഞ്ഞതുപോലെ കുമാര്‍ ചെയ്യുകയും ചെയ്തു.
ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. പ്രതിസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ആയതിനാല്‍ കേസ് അട്ടിമറിക്കപ്പെടും. അന്വേഷണത്തില്‍ തൃപ്തിയില്ല. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തെളിവുകള്‍ നശിപ്പിക്കും. ജുഡീഷ്യല്‍ അന്വേഷണം വേണം. ഭര്‍ത്താവ് അവസാനമായി ജില്ലാപോലീസ് മേധാവിയെ കാണുന്നതിന് മുമ്പ് ക്യാമ്പില്‍ യൂണിഫോം എടുക്കാനെത്തിയപ്പോള്‍, ഇനിയൊന്നും ആവര്‍ത്തിക്കില്ലെന്നും ഇതുവരെ ഇവിടെ നടന്നതൊന്നും പറയരുതെന്നും ആവശ്യപ്പെട്ടിരുന്നു. പേരറിയില്ലെങ്കിലും കുമാറിന്റെ സഹോദരന് രങ്കന് ആളെ തിരിച്ചറിയും.
മരണശേഷം ക്വാര്‍ട്ടേഴ്സ് പരിശോധിച്ചപ്പോള്‍ ടിവി തിരികെ കൊണ്ടുവച്ചതായി കാണപ്പെട്ടു. 25ന് രാത്രി ട്രെയിന്‍തട്ടി മരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഒരു കാല് മണിക്കൂറുകള്‍ തെരഞ്ഞശേഷമാണ് കണ്ടെടുത്തത്. അപ്പോഴൊന്നും ലഭിക്കാതിരുന്ന ആത്മഹത്യാക്കുറിപ്പ് രണ്ടുദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം കിടന്നിരുന്നതിന് സമീപത്തുനിന്നാണ് ലഭിച്ചത്. കവറിനകത്ത് മൊബൈല്‍, ബൈക്കിന്റെ താക്കോല്‍, ആത്മഹത്യാക്കുറിപ്പ് എന്നിവ ഉണ്ടായിരുന്നു. കത്തില്‍ നല്‍കിയിരിക്കുന്ന തീയതി ജൂണ്‍ 26 എന്നാണ്. മാത്രമല്ല മൃതദേഹം പരിശോധിക്കുമ്പോള്‍ ഷര്‍ട്ട് ഉണ്ടായിരുന്നില്ല. നിരവധിപൊരുത്തക്കേടുകള് ഉണ്ട്.
ഞങ്ങളും മനുഷ്യരല്ലെ? എത്ര സഹിക്കും? ഒരു സാംസ്ക്കാരിക നായകരും വിളിച്ചില്ല. ഈ ജില്ലക്കാരനായ പട്ടികവര്ഗജാതി വകുപ്പു മന്ത്രി എ.കെ. ബാലന് പോലും വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: