ബാബ ഒരിക്കലും ഉപവസിക്കാറില്ല. മറ്റുള്ളവരെ ഉപവസിക്കാന്‍ സമ്മതിക്കാറുമില്ല. ഉപവസിക്കുന്നവന്റെ മനസ്സിന് ഒരിക്കലും സ്വസ്ഥതയുണ്ടാവില്ലെന്നാണ് ബാബ പറയാറുള്ളത്. പട്ടിണി കിടന്ന് ഒരാളെങ്ങനെ ജീവിത ലക്ഷ്യം നേടും? വിശന്നവയറുമായി ഈശ്വര സാക്ഷാത്ക്കാരം നേടാനാവില്ല. ആദ്യം അന്ത:കരണത്തെ തണുപ്പിക്കുക. വയറ്റില്‍ ഭക്ഷണത്തിന്റെ ഒരംശം പോലുമില്ലാതെ ക്ഷീണിതരായി വലഞ്ഞാല്‍ ദൈവത്തെ കണ്ണു തുറന്ന് കാണുന്നതെങ്ങനെ? കുഴഞ്ഞ നാക്കുമായി ദൈവത്തെ പ്രകീര്ത്തിക്കുന്നതെങ്ങനെ? ഈശ്വരനാമങ്ങള്‍ ശ്രവിക്കുന്നതെങ്ങനെ? നമ്മുടെ അവയവങ്ങളെല്ലാം പ്രസരിപ്പോടെ ഇരുന്നാല്‍ മാത്രമേ ഈശ്വരധ്യാനം പൂര്‍ണതയിലെത്തൂ. അതിനാല്‍ ഉപവാസവും അമിതഭക്ഷണവും ഉപേക്ഷിക്കണം. മനസ്സിന്റെയും ശരീരത്തിന്റേയും ആരോഗ്യത്തിന് മിതഭക്ഷണമാണ് നല്ലത്. ബാബ വിശ്വസിച്ചിരുന്നതും ഭക്തരെ ഉപദേശിച്ചിരുന്നതും അതായിരുന്നു.
ബാബയുടെ ഭക്തനായിരുന്നു കാശിഭായ് കണിത്കര്‍. അദ്ദേഹത്തിന്റെ കത്തുമായി ഒരിക്കല്‍ ഒരു സ്ത്രീ( ശ്രീമതി ഗോഖലെ) ഷിര്‍ദിയില്‍, ബാബയുടെ ശിഷ്യനായ ദാദാ കേല്‍ക്കറുടെ അടുത്തെത്തി. ബാബയെ കാണണം. ആ കാല്ക്കല് ഇരുന്ന് മൂന്നു ദി വസം ഉപവാസമനുഷ്ഠിക്കണം. അതായിരുന്നു അവരുടെ വരവിന്റെ ലക്ഷ്യം. ഹോളി ആഘോഷങ്ങളുടെ കാലമായിരുന്നു അത്. ശ്രീമതി ഗോഖലെ എത്തുന്നതിന് തലേന്നാള്‍ ദാദാ കേല്‍ക്കറെ അരികെ വിളിച്ച് ബാബ, പറഞ്ഞു, ‘ എന്നെ കാണാനെത്തുന്നവര്‍ ഉപവസിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഈ ഹോളിക്കാലത്ത് എന്റെ പ്രിയപ്പെട്ടവര്‍ പട്ടിണി കിടക്കുകയാണെങ്കില്‍ ഞാന്‍ എന്തിനാണ് ഇവിടെ ഇരിക്കുന്നത്?’ തന്റെ സവിധത്തിലേക്ക് ഉപവാസത്തിനായി ഒരാള്‍ വരുന്നത് മുന്‍കൂട്ടി കണ്ടായിരുന്നു ബാബയുടെ വാക്കുകള്‍. പിറ്റേന്ന് ശ്രീമതി ഗോഖലെയെയും കൂട്ടി ദാദാ കേല്‍ക്കര്‍, ബാബയെ കാണാനെത്തി. അവര്‍ ബാബയെ കണ്ടു വന്ദിച്ചു. ബാബയുടെ തൃപ്പാദങ്ങള്‍ക്ക് അരികെയിരുന്ന് ഉപവസിക്കണം; അതിനാണ് താനെത്തിയിരിക്കുന്നതെന്ന് ശ്രീമതി ഗോഖലെ ഭക്ത്യാദരപൂര്‍വം അറിയിച്ചു. ബാബ അവരോടു പറഞ്ഞു. ‘നിങ്ങള്‍ ഉപവസിക്കുന്നത് എന്തിനാണ്? അല്ലെങ്കില്‍ എന്താണ് അതുകൊണ്ട് ലക്ഷ്യമിടുന്നത്? നിങ്ങള്‍ ദാദാകേല്ക്കറോടൊപ്പം അവരുടെ വീട്ടിലേക്ക് പോകുക. അവിടെയെത്തി പൂരന് ബോളിയുണ്ടാക്കണം. കേല്‍ക്കറുടെ കുട്ടികള്‍ക്കു കൊടുക്കുക. നിങ്ങളും കഴിച്ചോളൂ, ഉപവസിക്കേണ്ടതില്ല.’ബാബ പറഞ്ഞതനുസരിച്ച് ശ്രീമതി ഗോഖലെ, കേല്‍ക്കറിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ സുഖമില്ലാതെ ഇരിക്കുകയായിരുന്നു കേല്‍ക്കറുടെ ഭാര്യ. ഹോളിയായിട്ടും കുട്ടികള്‍ക്ക് ഭക്ഷണമൊന്നും ഉണ്ടാക്കികൊടുക്കാനാവാത്ത ശാരീരികാവസ്ഥ. അതുകണ്ട ശ്രീമതി ഗോഖലെ അടുക്കളയില്‍ കയറി പൂരന് ബോളിയുള്പ്പെടെയുള്ള വിഭവങ്ങളുണ്ടാക്കി. എല്ലാവര്ക്കും വിളമ്പി. കേല്‍ക്കറുടെ ഭാര്യ സുഖമില്ലാതിരുന്നതും കുട്ടികള്‍ പൂരന് ബോളിക്കായി കൊതിച്ചിരുന്നതും ബാബ എങ്ങനെയറിഞ്ഞു? ശ്രീമതി ഗോഖലെ ആ സമസ്യയില്‍ മുഴുകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: