ന്യൂദല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ രാജ്യസഭയിലും പാസായി. കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികല്‍ 61നെതിരെ 106 വോട്ടുകള്‍ക്ക് സഭ തള്ളി. മെഡിക്കല്‍ കൗണ്‍സിലിന് പകരം കൂടുതല്‍ സുതാര്യമായ മെഡിക്കല്‍ കമ്മീഷന് രൂപീകരിക്കാനാണ് ബില്‍ ലക്ഷ്യമിടുന്നത്. എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ അഖിലേന്ത്യാ തലത്തില്‍ ഒറ്റ പരീക്ഷയായി നടത്തണമെന്നടക്കം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
ലോക്സഭ പാസാക്കിയ മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ അമ്പതു ശതമാനം സീറ്റിലെ ഫീസിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം കൊണ്ടുവരുമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എംബിബിഎസ് അവസാന വര്‍ഷ പരീക്ഷയെ പി.ജി പ്രവേശന പരീക്ഷയായി കണക്കാക്കും.
എംബിബിഎസ് പഠനത്തിന് നീറ്റ് അടിസ്ഥാനമാക്കിയാകും എയിംസിലേക്കടക്കം പ്രവേശനം. 25 അംഗ മെഡിക്കല്‍ കമ്മീഷനെ മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റിയായി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം മെഡിക്കല്‍ കമ്മീഷന് കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും. സംസ്ഥാനങ്ങളിലും സമാനമായി മെഡിക്കല്‍ കൗണ്‍സിലുകള്‍ സ്ഥാപിക്കണം. പ്രാഥമിക ശുശ്രൂഷ, പ്രതിരോധ കുത്തിവെയ്പ്പുകള്‍ എന്നിവയ്ക്കായി മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്തവര്‍ക്ക് നിയന്ത്രിത ലൈസന്‍സ് നല്‍കുമെന്നും ബില്ലില്‍ പറയുന്നു.
ദേശീയ മെഡിക്കല്‍ കമ്മീഷന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന ഭേദഗതിയോടെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ രാജ്യസഭ പാസാക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി കൊണ്ടുവന്ന ഭേദഗതി പാസായതോടെ ലോക്സഭ വീണ്ടും ബില്‍ പരിഗണിച്ച് പാസാക്കണം. ഇതിന് ശേഷം മാത്രമേ ബില്‍ നിയമമാകൂ. ആയൂര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ ബ്രിഡ്ജ് കോഴ്സ് പാസായി അലോപ്പതി ചികിത്സ നടത്താമെന്ന വ്യവസ്ഥ ബില്ലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതല്ല ബില്ലെന്നും മെഡിക്കല്‍ കോളേജുകളുമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫീസിന്റെ കാര്യത്തില്‍ ധാരണയിലെത്താവുന്നതാണെന്നും ഡോ. ഹര്ഷവര്ധന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: