നൂറ്റാണ്ടുകളായി ഇന്ത്യയിലെ മുസ്ലിംസ്ത്രീകള്‍ അനുഭവിക്കുന്ന കൊടിയ നീതിനിഷേധത്തിനാണ്, മുത്തലാഖ് ബില്ലുവഴി നരേന്ദ്രമോദിസര്‍ക്കാര്‍ അറുതിവരുത്തിയിരിക്കുന്നത്. മുസ്ലിം പണ്ഡിതന്മാരെന്ന് സ്വയം വിശേഷിപ്പിച്ച് നാളിതുവരെ സമുദായത്തെ കബളിപ്പിച്ച അനധികൃത സംഘങ്ങള്‍ക്കുള്ള ചുട്ട മറുപടിയാണ് ഈ ബില്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ഷാബാനു കേസിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിക്കുള്ള പ്രഹരവുമാണിത്.
അന്നത്തെ രാജീവ്ഗാന്ധി സര്‍ക്കാരില്‍ മുസ്ലിം സംഘടനകള്‍ സ്വാധീനം ചെലുത്തിയതിന്റെ ഫലമായി മുസ്ലിം വുമണ്‍സ് പ്രൊട്ടക്ഷന്‍ ആക്ട് (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഓണ്‍ ഡിവോഴ്സ് ആക്ട് 1986) എന്ന പേരില്‍ നിയമം പാസാക്കപ്പെട്ടു. ഈ പുതിയ നിയമം ക്രിമിനല്‍ കോഡിലെ 125-ാം വകുപ്പിന്റെ പരിധിയില്‍നിന്ന് മുസ്ലീം പുരുഷന്മാരെ ഒഴിവാക്കി. ഇന്നകാലയളവുവരെ മാത്രം ജീവനാംശം നല്കിയാല് മതിയെന്നും അതിനുശേഷം സ്ത്രീ പുനര്‍വിവാഹിതയാകുന്നില്ലെങ്കില്‍ ആ സ്ത്രീയുടെ മറ്റുബന്ധുക്കള്‍ക്കാണ് അവരെ സംരക്ഷിക്കാനുള്ള പൂര്‍ണ്ണ ബാദ്ധ്യതയെന്നും ബന്ധുക്കള്‍ക്ക് അതിന് കഴിവില്ലാത്ത അവസ്ഥയില്‍ വഖഫ് സംവിധാനംവഴി അവരെ പുനരധിവസിപ്പിക്കണമെന്നും ഈ നിയമം അനുശാസിക്കുന്നു.
ക്രിമിനല്‍കോഡ് സെക്ഷന്‍ 125ല്‍ നിന്ന് മുസ്ലീം പുരുഷനെ ഒഴിവാക്കിനിര്‍ത്തുകവഴി താത്കാലികമായി മുസ്ലീം വ്യക്തിനിയമത്തെ സംരക്ഷിക്കുകയെന്ന ദൗത്യമാണ് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ മറവില്‍ ആ വ്യവസ്ഥയുണ്ടാക്കിയ കോണ്‍ഗ്രസിന് ഇന്ന് സ്ത്രീയെ കേവലം ഉപഭോഗവസ്തുവാക്കി വലിച്ചെറിയുന്ന പുരുഷന് ലഭിക്കുന്ന തടവുശിക്ഷ സംബമ്പന്ധിച്ചാണു ദുഃഖം. നവോത്ഥാനനായകരെന്ന് സ്വയം വാഴ്ത്തുന്നവരുടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ആ ദുഃഖത്തോട് തോളോട് തോള് ചേര്‍ന്ന് ലജ്ജയില്ലാതെ നിലകൊള്ളുന്ന വിപ്ലവകരമായ കാഴ്ചയും നാം കണ്ടു.
ഒരു പുരുഷന് തന്റെ ഭാര്യയോട്, നിന്നെ ഞാന്‍ ഉപേക്ഷിക്കുന്നു എന്ന് മൂന്നുപ്രാവശ്യം പറഞ്ഞാല്‍ വിവാഹം അസാധുവാകുന്ന കാടന്‍ പ്രക്രിയയാണ് മുത്തലാഖ്. ഇത് ശരീയത്ത് നിയമത്തിന്റെ ഭാഗമാണ്, അഥവാ ഖുര്‍ആന്‍ വിവക്ഷിക്കുന്നു എന്നാണ് പണ്ഡിതപക്ഷം. അത് പച്ചനുണയാണെന്ന് ഖുര്‍ആനില്‍ കണ്ണോടിച്ച ഏത് സാധാരണക്കാരനും വ്യക്തമാവും. മൂന്നുപ്രാവശ്യം ഒരുമിച്ച് തലാഖ് ചൊല്ലുന്നതിനു ഖുര്‍ആനോ പ്രവാചകനോ കൂട്ടുനില്‍ക്കുന്നില്ല എന്നതാണ് സത്യം. മൂന്നു തലാഖ് എന്നത് കോടതി വ്യവഹാരത്തിന് തുല്യമായ വ്യവസ്ഥയാണ് ഇസ്ലാമില്‍. 1937ല്‍ ശരിയത്ത് നിയമങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ് ഇന്ന് നിലവിലുള്ള മുസ്ലീം വ്യക്തിനിയമങ്ങള്‍. ഇതിലെ, വിവാഹബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 1937ന് ശേഷം യാതൊരുമാറ്റത്തിനും വിധേയമായിട്ടില്ല. ഈ മുത്തലാഖ് ബില്‍ ആണ് ആദ്യമാറ്റം.
ബില്ലിനെതിരെ ഇടതും കോണ്‍ഗ്രസും പ്രചരിപ്പിക്കുന്നത് ഈ ബില്ല് വിവാഹമോചനം നടത്താനുള്ള മുസ്ലിം പുരുഷന്റെ അവകാശം അയാളെ ജയിലിലെത്തിക്കും എന്നാണ്. എന്നാല്‍, ഒറ്റയടിക്ക് മൂന്നു തലാഖ് എന്ന കാടന്‍ പ്രവൃത്തി മാത്രമാണ് ശിക്ഷാര്‍ഹമായി മാറുന്നത്. സ്വാഭാവിക വിവാഹമോചനം അതിന്റെ നിയമപരമായ വഴിക്ക് സാധ്യമാവും.
ഇന്ത്യയിലെ മുസ്ലിങ്ങള്‍ യഥാര്‍ത്ഥ ഇസ്ലാമിക നിയമമല്ല പിന്തുടരുന്നത്. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക നിയമപ്രകാരം ഒരു വന്‍തുക (മഹര്‍) വധുവിന്റെ പിതാവിന് നല്‍കിയാണ് വിവാഹം നടത്തേണ്ടത്. അതിനാല്‍ത്തന്നെ കുടുംബസ്വത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപദവി ഇസ്ലാമില്‍ ഇല്ല. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും സ്ത്രീധന സമ്പ്രദായം നിലനില്ക്കുന്നുവെന്ന യാഥാര്‍ഥ്യത്തില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ ശരീയത്ത് നിയമപ്രകാരമുള്ള സ്വത്ത് ഭാഗംവയ്ക്കലില്‍ പോലും സ്ത്രീ അവഗണിക്കപ്പെടുന്നു. ഇനി കോടതിയില്‍ അത്തരം പരാതികളും എത്തിച്ചേരും എന്നുള്ളതില്‍ സംശയം വേണ്ട. ചുരുക്കത്തില്‍ മുത്തലാഖ് ബില്‍ ഒരു തുടക്കംമാത്രമാണ്. ഇസ്ലാമിക നിയമങ്ങളില്‍ ഒരുപാട് പൊളിച്ചെഴുത്ത് ഇനിയും വേണ്ടിവരും. അതല്ല എങ്കില്‍ ഏകീകൃത സിവില്‍കോഡെന്ന നമ്മുടെ സ്വപ്നം യാഥാര്‍ഥ്യമാവണം.
ഇസ്ലാം സമൂഹത്തെ നയിക്കാനോ നിയന്ത്രിക്കാനോ ഒരു ഏജന്‍സിക്കും നിയമപരമായി അവകാശമില്ലെന്നിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇസ്ലാമിന്റെ നേതൃത്വം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ടുവരുന്ന ചില മുല്ലമാരും മതനേതാക്കളും എന്നും ഇസ്ലാമിനെ പ്രാകൃതമായി നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. അവരെ താങ്ങി മുസ്ലീങ്ങളെ തങ്ങളുടെ വോട്ടുബാങ്ക് ആക്കി എന്നും നിലനിര്‍ത്താമെന്ന കോണ്‍ഗ്രസ്സ്, ഇടതുപക്ഷ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വലിയൊരു മറുപടി മോദിജി നല്‍കിക്കഴിഞ്ഞു.
ഭാരതത്തിന്റെ ഹൃദയധാരയില്‍നിന്ന് മുസ്ലീങ്ങളെ വേര്‍പെടുത്തി വിഘടനത്തിന്റെ രാഷ്ട്രീയം ഇനിയും തുടരാന്‍ കൂട്ടുനില്‍ക്കാത്ത രാഷ്ട്ര സ്നേഹികളായ ഒട്ടേറ മുസ്ലീം സഹോദരീ സഹോദരന്മാരുടെ പിന്തുണ ഇന്ന് ബിജെപിക്കുണ്ട് എന്ന തിരിച്ചറിവാണ് സമീപകാലത്ത് ഇടതുപക്ഷ കലാകാരന്മാരുടെ കത്ത് എന്ന രാഷ്ട്രീയ ആയുധം പ്രയോഗിക്കാന്‍ ഇടതു വലതു സഖ്യത്തെ പ്രേരിപ്പിച്ചത്. അതും രാജ്യസ്നേഹികളുടെ കൂട്ടായ്മയില്‍ ഒലിച്ചുപോയി എന്നതാണ് രാഷ്ട്രത്തിന്റെ ശക്തിഭാവം.
ഇസ്ലാമിലെ ബഹുഭൂരിപക്ഷവും കാലാകാലങ്ങളില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഇടതു വലത് ചതിക്കുഴിയില്‍ വീണ ജനതയാണ്. ആ തെറ്റിദ്ധാരണകള്‍ മാറിവരുമ്പോള്‍ അലോസരമുണ്ടാവുന്നത് ഭരണം കൈവിട്ടുപോയവര്‍ക്കാണെന്നതിന് സംശയം വേണ്ടല്ലോ… അതുകൊണ്ട് തന്നെ വിഭജനത്തിന്റെ അടവുകള്‍ക്ക് ആക്കംകൂടും. അത് വ്യക്തമാക്കുന്നതായിരുന്നു രാജ്യസഭയിലെ ചര്‍ച്ചകള്‍. ന്യൂനപക്ഷങ്ങള്‍ക്കിടയിലും, അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്കിടയിലും വിദ്വേഷം വിതയ്ക്കാനുള്ള ശ്രമം കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് കൂട്ടായ്മ തുടരും. രാഷ്ട്രവിരുദ്ധ ശക്തികള്‍ തലപൊക്കുമ്പോള്‍ കരുതിയിരിക്കുകതന്നെ വേണം.
ഇനി വരാനുള്ളത് രാഷ്ട്ര വിഭജന കള്ളക്കഥകളുടെ കാലമായിരിക്കും. അതിനെ അതിജീവിക്കുന്നത് മോദിജിയുടെ സകലരോടുമൊപ്പമുള്ള സര്‍വ്വത്ര വികസനമെന്ന മുദ്രാവാക്യം തന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: