കേരളത്തിന്റെയല്ല രാജ്യത്തിന്റെതന്നെ അഭിമാനമാണ് അടൂര്‍ ഗോപാലകൃഷ്ണന്. സിനിമ സംബന്ധിയായ രാജ്യത്തിന്റെ എല്ലാ അവാര്‍ഡുകള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. സങ്കുചിതമായ രാഷ്ട്രീയ കണ്ണില്‍ അദ്ദേഹത്തെ ആരും കാണുന്നില്ല. രാഷ്ട്രീയത്തിന് അതീതമായ അദ്ദേഹത്തെ എല്ലാവരും അംഗീകരിക്കുന്നു. ആദരിക്കുന്നു. അദ്ദേഹം രാഷ്ട്രീയക്കാരുടെ ചട്ടുകമാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. അദ്ദേഹം അന്തമായ രാഷ്ട്രീയം കയ്യാളുന്ന ചിലരുടെ കയ്യിലെ കരുവാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ അത് സംഭവിച്ചു. നരേന്ദ്രമോദി സര്‍ക്കാരിനെയും ഹിന്ദുത്വ പ്രസ്ഥാനങ്ങളെയും കരിവാരിതേയ്ക്കാന്‍ കച്ചകെട്ടി ഉറഞ്ഞുതുള്ളുന്ന ചിലരുടെ താളത്തിന് ചലിക്കാന്‍ അദ്ദേഹം തയ്യാറായി. അതിന്റെ ഭാഗമാണ് 49 പേരില്‍ ഒരാളായി ഹിന്ദുത്വത്തെ പരിഹസിക്കാന്‍ തയ്യാറായത്.
ജയ് ശ്രീറാം വിളിച്ച് കൊലപാതകം നടത്തുന്നു എന്നാണ് ഈ 49 പേരുടെ ആക്ഷേപം. അങ്ങിനെ എത്രപേരെ കശാപ്പ് ചെയ്തു ? ജയ്ശ്രീറാം വിളിക്കുന്നവരെല്ലാം വര്‍ഗ്ഗീയവാദികളാണോ ? കശാപ്പുകാരാണോ ? ഒറ്റപ്പെട്ട അക്രമസംഭവങ്ങളും ശ്രീരാമ ജയ് വിളിയും എന്തിന് കൂട്ടിക്കെട്ടുന്നു ? ഹിന്ദുത്വത്തെ താറടിച്ചുകാണിക്കാനുള്ള തല്പരകക്ഷികളുടെ ഹീനപ്രവര്ത്തനത്തിന് അടൂര്‍ കൂട്ടുനില്‍ക്കണമായിരുന്നോ ? അടൂരിന് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണനും സിപിഎം സംഘടനകളും മുന്നോട്ടുവരുമ്പോള്‍ അടൂര്‍ സന്തോഷിക്കുന്നത് കാണുന്നുണ്ട്. അതേസമയം അടൂര്‍ വിമര്‍ശനത്തിന് അതീതനാണെന്ന് വാദം അംഗീകരിക്കാനാവുമോ ? അടൂരിനെ പിന്തുണക്കുന്ന അതേ ആവേശത്തിലാണ് സിപിഎം ആര്‍എസ്എസിനെ വിമര്‍ശിക്കുന്നത് ആര്‍എസ്എസ് സൈനികപരിശീലന സ്കൂളുകള്‍ നടത്തുന്നു എന്നാണ് പുതിയ ആരോപണം. അത് പക്ഷെ ആര്‍എസ്എസിന് അംഗീകാരമാവുകയാണ്. രാജ്യം ഒന്നാമത് ബാക്കിയെല്ലാം പിന്നാലെ എന്ന്, വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. എന്നും സൈന്യത്തെ മര്ദ്ദകഉപകരണമായി കാണുന്ന സിപിഎമ്മിന്റെ വെപ്രാളത്തില്‍ ആശ്ചര്യമൊന്നും കാണാനില്ല. ആര്‍എസ്എസിനെതിരായ സിപിഎം പാര്‍ട്ടിപത്രത്തിന്റെ വാര്‍ത്ത ഇങ്ങനെ.
”രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് ‘സൈനിക സ്കൂളു’കള്‍ തുടങ്ങുന്നു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സൈനിക് സ്കൂളുകളുടെ മാതൃകയിലാകും ആരംഭിക്കുക. സൈന്യത്തെക്കൂടി കാവിവല്‍ക്കരിക്കുന്നതിനാണ് സൈനികസ്കൂള്‍ ആരംഭിക്കുന്നത്.
ആര്‍എസ്എസിന്റെ സ്കൂളുകള്‍ കൈകാര്യംചെയ്യുന്ന വിദ്യാഭാരതിക്കാണ് മേല്‍നോട്ടച്ചുമതല. ആദ്യ സ്കൂള്‍ അടുത്തവര്‍ഷം യുപിയിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ശികര്‍പ്പുരില്‍ തുടങ്ങും. ‘രജ്ജു ഭയ്യ സൈനിക് വിദ്യാമന്ദിര്‍’ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നാണ് പേര്. മുന്‍ ആര്‍എസ്എസ് തലവന്‍ ‘രജ്ജു ഭയ്യ’ എന്നറിയപ്പെടുന്ന രാജേന്ദ്രസിങ്ങിന്റെ ജന്മസ്ഥലമാണിത്. ആണ്‍കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനം. സിബിഎസ്ഇ സിലബസില്‍ ആറുമുതല്‍ 12 വരെ ക്ലാസുകളുണ്ടാവും. അടുത്ത ഏപ്രിലില്‍ അധ്യയനം ആരംഭിക്കും. പ്രോസ്പെക്ടസും മറ്റും തയ്യാറായി. ആറാം ക്ലാസിലേക്ക് 160 വിദ്യാര്‍ഥികള്‍ക്കാകും പ്രവേശനം. കൊല്ലപ്പെട്ട സൈനികരുടെ മക്കള്‍ക്ക് 56 സീറ്റ് നീക്കിവയ്ക്കും. ആര്‍എസ്എസുമായി ബന്ധമുള്ള മുന്‍ സൈനികോദ്യോഗസ്ഥരാകും ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുക.
സ്കൂള്‍തലത്തില്‍ സൈനികവിദ്യാഭ്യാസവും പരിശീലനവുമെന്നത് ആര്‍എസ്എസ് ദീര്‍ഘനാളായി ആവശ്യപ്പെടുന്നതാണെന്നും ഇതിന്റെ ഭാഗമായാണ് ആദ്യ സ്കൂളെന്നും വിദ്യാഭാരതിയുടെ യുപി–ഉത്തരാഖണ്ഡ് മേഖലാകണ്‍വീനര്‍ അജയ് ഗോയല്‍ പറഞ്ഞതായാണ് ദേശാഭിമാനി വാര്‍ത്ത. വൈകാതെ മറ്റ് മേഖലകളിലും സ്കൂളുകള്‍ ആരംഭിക്കും. കര, നാവിക, വ്യോമസേനകള്‍ക്ക് ആവശ്യമായ ഓഫീസര്‍മാരെ ലഭിക്കാത്ത സാഹചര്യമുണ്ട്. സൈന്യത്തില്‍ യോഗ്യതയുള്ളവരായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.”
പട്ടാളത്തിലേക്ക് ആളെ ചേര്‍ക്കാനുള്ള പരിശീലനം കണ്ണൂരില്‍ പി .ജയരാജന് തുടങ്ങിയതായി കേട്ടിരുന്നു. പാര്‍ട്ടിയില്‍ അനഭിമതനായ ജയരാജന് പാര്‍ട്ടിയിലുണ്ടാകുമോ? പട്ടാളത്തിലുണ്ടാകുമോ എന്ന അനിശ്ചിതത്വം തുടരുമ്പോള്‍ സംശയം ഒന്നുമാത്രം- എന്തരു മഹാനുഭാവലു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: