കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷികദിനമായിരുന്നു ജൂലൈ 26. രാജ്യമെമ്പാടും യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയുണ്ടായി. 20 വര്‍ഷം മുന്‍പ് ഇന്ത്യയും പാക്കിസ്ഥാനും സൗഹൃദം സ്ഥാപിക്കാനുള്ള പ്രയത്നങ്ങള്‍ നടത്തവെയാണ് പാക് സൈന്യം കാര്‍ഗില്‍ മലനിരകളിലേക്ക് കടന്നുകയറിയത്. ഓര്‍ക്കാപ്പുറത്താണ് നുഴഞ്ഞുകയറ്റമെങ്കിലും ശക്തമായി മുന്നേറാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചു. രണ്ടുലക്ഷം സൈനികരെ സജ്ജമാക്കി നിര്‍ത്തിയിരുന്നെങ്കിലും മുപ്പതിനായിരം പേര് മാത്രമാണ് യുദ്ധത്തില്‍ നേരിട്ട് പങ്കാളികളായത്. അതില്‍ 527 സൈനികര്‍ക്ക് ജീവഹാനിയുണ്ടായി. പാക്കിസ്ഥാന്റെ ആള്‍നാശം അതിന്റെ എത്രയോ ഇരട്ടിയാണ്. കാര്‍ഗിലില്‍ യുദ്ധമാണ് നടക്കുന്നതെന്ന് ആദ്യം പാക്കിസ്ഥാന് സമ്മതിച്ചിരുന്നില്ല. കൊല്ലപ്പെട്ട പാക് സൈനികരെ ഏറ്റെടുക്കാന്‍പോലും അവര്‍ തയ്യാറായില്ല. മതാചാര പ്രകാരം പല മൃതദേഹങ്ങളും സംസ്കരിച്ചത് ഇന്ത്യയുടെ ധാര്‍മിക വിജയമാവുകയും ചെയ്തു. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവും സൈന്യവും രണ്ടുതട്ടിലായതാണ് യുദ്ധത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. ഏതായാലും കനത്ത തിരിച്ചടി പാക്കിസ്ഥാന് നല്‍കാനായി. ഇനിയൊരിക്കലും യുദ്ധജ്വരം വരാത്തവിധം അടിയേറ്റ പാക്കിസ്ഥാന് ഇപ്പോള്‍ നിഴല്‍യുദ്ധം നടത്തുകയാണ്.
പാക്കിസ്ഥാന് സൈന്യവും ഭീകരരും അതിര്‍ത്തിയില്‍ അലോസരമുണ്ടാക്കുന്ന പണി തുടരുകയാണ്. അതിനെതിരെ കനത്ത പ്രഹരംതന്നെ സുരക്ഷാസേന നല്‍കുന്നതിന്റെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നതെങ്കിലും ഇന്ത്യയ്ക്ക് തലവേദന ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് അതൊക്കെ. അതിനെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ്സിംഗും താക്കീത് നല്‍കിയിട്ടുള്ളത്. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് ഭാരതത്തെ ചതിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മിപ്പിച്ചു. സ്വാതന്ത്ര്യത്തിനുശേഷം 1947ലും 65ലും 71ലും 99ലും അവര്‍ അത് തുടര്‍ന്നെങ്കിലും ശക്തമായ തിരിച്ചടിയാണ് ഓരോ തവണയും പാക്കിസ്ഥാന് ലഭിച്ചത്. പാക്കിസ്ഥാന് ആദ്യംമുതല്‍ കശ്മീര്‍ ലക്ഷ്യമിട്ട് യുദ്ധം ചെയ്തു. എന്നാല്‍ ഓരോതവണയും അവരുടെ പരാജയം ദയനീയമായിരുന്നു. കാര്‍ഗിലില്‍ അവര്‍ക്ക് യോജിച്ച മറുപടിയാണ് നമ്മുടെ സൈന്യം നല്‍കിയത്. യുദ്ധം സര്‍ക്കാരല്ല നയിക്കുന്നതെന്നും മുഴുവന്‍ രാജ്യവുമാണ് യുദ്ധം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാരുകള്‍ വരും പോകും. എന്നാല്‍ ദേശത്തിനായി വീരമൃത്യു വരിക്കുന്നവര്‍ എക്കാലവും അമരന്മാരായി സ്മരിക്കപ്പെടും. ഭരിക്കുന്നത് ആരുമായിക്കോട്ടെ, എല്ലാ പൗരന്മാരുടെയും അഭിമാനസംരക്ഷണമാണ് പ്രധാനമന്ത്രി മോദി അനുസ്മരിച്ചത് എന്നത് ശ്രദ്ധേയമാണ്.
എല്ലാ ഇന്ത്യക്കാരും നമ്മുടെ സൈനികരെ നമിക്കുകയാണ്. 20 വര്‍ഷം മുന്‍പ് അവര്‍ നമ്മുടെ അഭിമാനം സംരക്ഷിച്ചു. അതിനായി നല്കിയ ജീവത്യാഗം എത്രയോ മഹത്വപൂര്‍ണമാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഓരോ സൈനികനുമാണ് നായകന്മാര്. കാര്‍ഗില്‍ യുദ്ധവിജയം നമ്മുടെ വരാനിരിക്കുന്ന പരമ്പരകളെവരെ അഭിമാനിപ്പിക്കുന്നു. ജീവത്യാഗം ചെയ്ത വീരസൈനികരുടെ അമ്മമാരെ ആദരവോടെ പ്രധാനമന്ത്രി അനുസ്മരിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യം ഒരിക്കലും തോറ്റിട്ടില്ല. പോരാട്ടത്തില്‍ സൈന്യം നേടിയ വിജയം വട്ടമേശകളില്‍ കാണാനായിരുന്നില്ല. എതിര് സൈന്യത്തെ തുരത്തി നേടിയതെല്ലാം രാഷ്ട്രീയ നേതൃത്വത്തിന്റെ കൊള്ളരുതായ്മ മൂലം നഷ്ടപ്പെടുകയായിരുന്നു. പക്ഷേ കാര്‍ഗില്‍ ചരിത്രം തിരുത്തിക്കുറിച്ചു.
കാര്‍ഗില്‍ വിജയം ഭാരതത്തിലെ യുവജനതയുടെയും സൈനിക മികവിന്റെയും മികച്ച ഭരണത്തിന്റെയും ഫലമാണ്. കാര്‍ഗില്‍ യുദ്ധസ്മാരകം തനിക്ക് തീര്‍ത്ഥാടക കേന്ദ്രമായാണ് അനുഭവപ്പെടുന്നതെന്നും മോദി പറഞ്ഞത് ഓരോ ഇന്ത്യക്കാരനും അഭിമാനമുണ്ടാക്കുന്നു. വിജയദിനത്തിലും അതിന്റെ പിറ്റേന്നും പാക്കിസ്ഥാന് സൈന്യം നുഴഞ്ഞുകയറി അതിക്രമം നടത്തി എന്നത് ഏറെ ആശങ്ക ഉളവാക്കുന്നതാണ്. ജമ്മു-കശ്മീര്‍ സ്വന്തമാക്കലാണ് പാക് മോഹമെങ്കില്‍ അത് നടക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കാന്‍ ഒരിക്കലും അവര്‍ക്കാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: