തിരുവനന്തപുരം : ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ പാക്കിസ്ഥാനും, ഐഎസ് പിന്തുണയുള്ള ചില ഭീകര സംഘടനകളെന്ന് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് ഒളിച്ചു കടന്ന ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും അതിര്‍ത്തി പ്രദേശങ്ങളിലെ ചില വിഘടനവാദ ഗ്രൂപ്പുകളും കള്ളക്കടത്തിനു സഹായം നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തെക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നു ശേഖരിക്കുന്ന സ്വര്‍ണം മ്യാന്മര്‍, നേപ്പാള്‍ വഴി റോഡ് മാര്‍ഗമാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത് കൂടാതെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സ്വര്‍ണ്ണം വിമാനമാര്‍ഗവും എത്തിക്കുന്നുണ്ട്. ശ്രീലങ്ക, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍നിന്നു വന്‍തോതില്‍ സ്വര്‍ണം എത്തിച്ചിരുന്നെങ്കിലും ശ്രീലങ്കന്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയതോടെ സ്വര്‍ണക്കടത്ത് കുറഞ്ഞു. മംഗളമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
ഇന്ത്യയില്‍ 900 ടണ്‍ സ്വര്‍ണ്ണത്തോളം പ്രതിവര്‍ഷം വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ മൂന്നിലൊന്നും വാങ്ങുന്നതു മലയാളികളാണ്. കഴിഞ്ഞവര്‍ഷം മാത്രം 95,000 കിലോ സ്വര്‍ണ്ണമാണ് രാജ്യത്തേക്ക് കടത്തിയത്. അതായത് ഒരു ദിവസം ഏകദേശം 700 കിലോ വീതം. ഒരു കിലോ സ്വര്‍ണ്ണം ഇന്ത്യയിലേക്കു കടത്തിയാല്‍ മൂന്നര ലക്ഷം രൂപ വരെയാണ് ലാഭം. മയക്കുമരുന്ന് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും ലാഭകരം സ്വര്‍ണ്ണക്കടത്താണ്. ഐഎസ് പോലുള്ള ഭീകര സംഘടനകളും സ്വര്‍ണ്ണക്കടത്തിലൂടെ ലാഭം നേടി വരുന്നുണ്ട്.
കേരളത്തില്‍ 2017- 18ല്‍ 103.57 കിലോ സ്വര്‍ണ്ണമാണു വിമാനത്താവളങ്ങളില്‍നിന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിനിടെ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാര്‍ ഇന്ത്യയിലേക്ക് 3,300 കിലോ സ്വര്‍ണം കടത്തിയതായി റവന്യു ഇന്റലിജെന്‍സ് വിഭാഗം (ഡിആര്‍ഐ) കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ സ്വര്‍ണ്ണക്കടത്ത് ശൃംഖലയിലെ ഇടത്തരം കണ്ണി മാത്രമാണെന്ന് എഫ്ബിഐ അറിയിച്ചു.
ദുബായ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ മുഖ്യ കാരിയറായ നിസാര്‍ അലിയാര്‍ ലോകത്തിലെ ഏറ്റവും വലിയ 79 സ്വര്‍ണക്കള്ളക്കടത്തുകാരുടെ പട്ടികയില്‍ 51-മതാണ്. ഇരുമ്പ് സ്‌ക്രാപ്പ് എന്ന പേരില്‍ ഇയാള്‍ 1,000 കോടി രൂപ വിലമതിക്കുന്ന 3,300 കിലോ സ്വര്‍ണ്ണമാണ് ഇയാള്‍ കടത്തിയത്. നിലവില്‍ കൊഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലിലാണ്.
















