കണ്ണൂര്‍: ക്യാമ്പസുകളിലും പുറത്തും എസ്എഫ്‌ഐ രക്തരക്ഷസിന്റെ സ്വഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് സിപിഐ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ്. ശ്‌നിയാഴ്ച ആരംഭിച്ച സംഘടനയുടെ കണ്ണൂര്‍ ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലാണ് എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനം.
ശുഭ്രപതാകയിലെഴുതിയിട്ടുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യങ്ങള്‍ക്ക് വിരുദ്ധമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തിക്കുന്നത്. എഐഎസ്എഫ് ഉള്‍പ്പെടെയുള്ള മറ്റു വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ തങ്ങളുടെ ഏകാധിപത്യമാണ് ക്യാമ്പസുകളില്‍ അവര്‍ നടപ്പാക്കുന്നത്. തങ്ങളുടെ ആധിപത്യം ഉറപ്പാക്കാന്‍ മറ്റുള്ളവരെ കായികമായി നേരിടുന്നതിനൊപ്പം വധഭീഷണിയും മുഴക്കുന്നു.
തലശേരി ബ്രണ്ണന്‍ കോളജ്, പയ്യന്നൂര്‍ കോളജ്, കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനമെന്ന പേരില്‍ ഗുണ്ടായിസമാണ് നടത്തുന്നത്. കണ്ണൂര്‍ പോളി ടെക്‌നിക്ക്, ഐടിഐ എന്നിവ എസ്എഫ്‌ഐ തങ്ങളുടെ ആയുധപ്പുരകളാക്കി മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
എല്ലായിടത്തും എഐഎസ്എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്എഫ്‌ഐ ഭീഷണി ഉയര്‍ത്തുന്നു. ഭീഷണിപ്പെടുത്തിയും മറ്റും എഐഎസ്എഫുകാരെ എസ്എഫ്‌ഐ അംഗത്വമെടുപ്പിക്കുകയാണ്. അംഗത്വമെടുത്തില്ലെങ്കില്‍ കൊന്നുകളയുമെന്നുള്ള പരസ്യഭീഷണി പോലും മുഴക്കുന്നു. എഐഎസ്എഫ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ച സെമിനാര്‍ പോലും എസ്എഫ്‌ഐയുടെ ഭീഷണി കാരണം റദ്ദാക്കേണ്ടി വന്നു. ക്യാമ്പസുകളിലെ സംഘടനാ സ്വാതന്ത്ര്യമെന്ന പേരില്‍ നടത്താനിരുന്ന സെമിനാറാണ് മുടങ്ങിയത്. സെമിനാര്‍ നടത്തിയാല്‍ കൊന്നുകളയുമെന്നായിരുന്നു എഐഎസ്എഫ് ജില്ലാ നേതാവിനെ എസ്എഫ്‌ഐ നേതാവ് ഫോണില്‍ വിളിച്ചു പറഞ്ഞത്.
സിപിഐ നേതൃത്വത്തിനെതിരെയും റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമുണ്ട്. എഐഎസ്എഫ് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐയില്‍ നിന്ന് നേരിടുന്ന ഭീഷണികള്‍ നേതൃത്വത്തെ അറിയിച്ചിട്ടും ഗൗരവമായി എടുക്കുന്നില്ല. പാര്‍ട്ടിയില്‍ നിന്നു പോലും വേണ്ടത്ര പിന്തുണ ലഭിക്കാത്ത അവസ്ഥയാണെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തുന്നു.
















