തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥി അഖിലിനെ എസ്എഫ്‌ഐ നേതാക്കള്‍ കുത്തി വീഴ്‌ത്തിയ ശേഷം നടത്തിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമിച്ച് അവശനാക്കിയിട്ടും പരിക്കേറ്റയാളെ ചികിത്സയ്‌ക്കെത്തിക്കാന്‍ ശ്രമമുണ്ടായില്ലെന്ന് സൂചിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഈ മാസം 12നാണു കോളേജില്‍ അക്രമങ്ങളുണ്ടായത്. അഖിലിനെ കുത്തിവീഴ്‌ത്തിയ ശേഷം മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇയാളേയും കൊണ്ട് നീങ്ങുന്ന എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ ദൃശ്യമാണു പുറത്തുവന്നത്. ക്യാമ്പസ്സിനുള്ളില്‍ എസ്എഫ്‌ഐ നേതാക്കള്‍ ക്രൂരമായാണ് വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നതെന്നത് ശരിവെയ്‌ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇത്. കേസന്വേഷണത്തില്‍ ഇത് നിര്‍ണ്ണായകമാകും.
അഖിലിനെ കുത്തി വീഴ്‌ത്തിയ കേസില്‍ ശിവരഞ്ജിത്തും എ.എന്‍. നസീമും ഉള്‍പ്പെടെ ആറ് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൂടുതല്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു പോലീസ് പറയുന്നുണ്ടെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. കൂടുതല്‍ പ്രതികളുടെ ചിത്രങ്ങളുമായി രണ്ടാമതൊരു ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കുമെന്നു പോലീസ് വെളിപ്പെടുത്തിയെങ്കിലും നടപടിയൊന്നും ആയിട്ടില്ല.
അതിനിടെ കേസിലെ ഒന്നാം പ്രതി ആര്‍. ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസുകള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയയ്‌ക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. പരീക്ഷ എഴുതിയത് ശിവരഞ്ജിത്ത് തന്നെയാണോയെന്ന് ഉറപ്പിക്കുന്നതിനാണിത്.
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ പരീക്ഷാക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണു ഫോറന്‍സിക് പരിശോധന. ഉത്തരക്കടലാസ് കോളേജില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഇയാള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ശിവരഞ്ജിത്തിനെ കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
















