ആലപ്പുഴ: സിപിഐയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച കേസില്‍ എഐവൈഎഫ് നേതാക്കള്‍ പിടിയില്‍. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം കെ.യു. ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോസ്റ്റര്‍ ഒട്ടിക്കാന്‍ പ്രവര്‍ത്തകരെത്തിയ വാഹനം ഓടിച്ച കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ റെഡ്യാര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി.
മൂന്നുപേരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയാണ് പോസ്റ്ററിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് പോലീസ് ചുമത്തിയുട്ടുള്ളത്. അതിനിടെ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി അറിയിച്ചു.
സിപിഐയില്‍ ജില്ലയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയാണ് പോസ്റ്റര്‍ പതിപ്പിക്കലിന് പിന്നിലെന്നാണ് വിവരം. സിസി ടിവി ക്യാമറയില്‍ പ്രതികളുടെയും ഇവര്‍ വന്ന വാഹനത്തിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞതാണ് കുടുങ്ങാന്‍ കാരണം. പോസ്റ്റര്‍ പതിച്ചത് മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരുടെ ഗൂഢാലോചനയാണെന്നും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെന്നും പ്രസ്താവിച്ച ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ അറസ്റ്റ് തിരിച്ചടിയായി.
















