മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കോടതി ആവശ്യപ്പെട്ടിട്ടും ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്‌ക്ക് തയ്യാറാകുന്നില്ലെന്ന് പരാതി. ഡിഎന്‍എ പരിശോധനയ്‌ക്കായി രക്തത്തിന്റെ സാംപിള്‍ നല്‍കാന്‍ മടിക്കുന്നത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി അഭിഭാഷകന്‍ മുഖേന അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടും പല ന്യായം പറഞ്ഞ് ബിനോയ് രക്ത സാമ്പിള്‍ നല്‍കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘമാണെന്നും യുവതിക്ക് നിയമസഹായം നല്‍കുന്ന മുബൈയിലെ അഭിഭാഷകന്‍ അബ്ബാസ് മുഖ്ത്യാര്‍ പറഞ്ഞു.
കുട്ടിയുടെ പിതൃത്വം ഉള്‍പ്പടെയുള്ള വിഷയത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 53 എ പ്രകാരം പ്രതിയുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കണം. യുവതി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ബിനോയിയുമൊന്നിച്ചുള്ള ഫോട്ടാകള്‍ വിഷയത്തില്‍ ബിനോയിയുടെ വാദങ്ങള്‍ കളവെന്നതിന് തെളിവാണ്.
ബിനോയിയും യുവതിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് കൈമാറിക്കഴിഞ്ഞു. യുവതിയില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും മുഖ്ത്യാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ തിങ്കളാഴ്ചയും ബിനോയ് ഡിഎന്‍എ പരിശോധയ്‌ക്കായി രക്തസാംപിള്‍ നല്‍കില്ലെന്നാണ് സൂചന.
















