കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ കെ.വി. സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സിപിഎം ഗൂണ്ടകള്‍ക്ക് പൊലീസിന്റെ ഒത്താശയോടെ മദ്യസത്കാരം. തലശ്ശേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് ഇന്നലെയാണ് അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. എ.എന്‍.ഷംസീര്‍ എംഎല്‍എ ഉള്‍പ്പെടെ തലശ്ശേരിയിലെ പ്രമുഖ സിപിഎം നേതാക്കള്‍ കേസിലെ വിധി കേള്‍ക്കാന്‍ എത്തിയിരുന്നു.
2008 മാര്‍ച്ച് ഏഴിന് 8.30 നാണ് കൊലപാതകം നടന്നത്. വീട്ടിനകത്ത് മാരകായുധങ്ങളുമായി ഇരച്ചെത്തിയ പ്രതികള്‍ സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഊരാങ്കോട് സ്വദേശി പുലപ്പാടി വീട്ടില്‍ എം.അഖിലേഷ് (35), മാണിക്കോത്ത് വീട്ടില്‍ എം.ലിജേഷ് (32), മുണ്ടോത്ത് കണ്ടിയില്‍ എം.കലേഷ് (36), വാഴയില്‍ കെ.വിനീഷ് (25), പി.കെ.ഷൈജേഷ് (28) എന്നിവര്‍ക്ക് കോടതിയില്‍ നിന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള യാത്രയ്‌ക്കിടെ പൊലീസിന്റെ ഒത്താശയോടെ മദ്യസല്‍ക്കാരം നടത്തുകയായിരുന്നു. പ്രതികള്‍ മദ്യലഹരിയിലായതിനാല്‍ വീണ്ടും വൈദ്യപരിശോധന നടത്തണമെന്നാവശ്യപ്പെട്ടു ജയില്‍ അധികൃതര്‍ മടക്കിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. പ്രതികളില്‍ പലരും കുടിച്ചു ബോധമില്ലാത്ത തരത്തിലാണ് ജയില്‍ അധികൃതരോടു സംസാരിച്ചത്. കോടതിയില്‍ നിന്നു ജയിലിലേക്കുള്ള യാത്രാമധ്യേ തലശേരിയ്‌ക്കു സമീപമുള്ള ഹോട്ടല്‍ മുറിയിലാണ് പ്രതികള്‍ക്ക് പൊലീസും സിപിഎം പ്രാദേശിക നേതാക്കളും ചേർന്നാണ് മദ്യസത്കാരം നടത്തിയത്. ശിക്ഷ വിധിച്ച ശേഷം 5 പ്രതികളെയും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയിരുന്നു. പ്രതികള്‍ മദ്യപിച്ചതായി ആ പരിശോധനയില്‍ രേഖപ്പെടുത്തിയിട്ടില്ല. പരിശോധനയ്‌ക്കു ശേഷം 4.45നു തലശ്ശേരിയില്‍ നിന്നു പുറപ്പെട്ടെങ്കിലും 22 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വൈകിട്ട് 6.45നാണു പ്രതികളുമായി പൊലീസ് എത്തിയത്.
തലശ്ശേരി സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരാണു പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. പ്രതികള്‍ക്കു ഭക്ഷണം കഴിക്കാന്‍ ഇടയ്‌ക്കു തലശ്ശേരിയിലെ ഹോട്ടലില്‍ കയറിയിരുന്നു എന്നാണു പൊലീസ് നല്‍കുന്ന വിശദീകരണം. സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പു ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണു പ്രതികള്‍ മദ്യപിച്ചതായി കണ്ടെത്തിയത്. അതോടെ, മദ്യപിച്ചതായി രേഖപ്പെടുത്തി വീണ്ടും വൈദ്യപരിശോധന നടത്തണമെന്നാവശ്യപ്പെട്ടു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മടക്കുകയായിരുന്നു. പിന്നീടു വൈദ്യപരിശോധനയ്‌ക്കു ശേഷം രാത്രിയോടെയാണു പ്രതികളെ ജയിലില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ എനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റു ചെയ്തതെന്നും കൊലക്കേസ്സില്‍ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകള്‍ക്ക് മദ്യസല്‍ക്കാരം നടത്തിയ പൊലീസുകാര്‍ക്ക് വിശിഷ്ട സേവാ മെഡല്‍ കൊടുക്കുമായിരിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.
















