തിരുവനന്തപുരം: ഒരിടവേളയ്‌ക്കു ശേഷം കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. സ്ഥാപനത്തിന്റെ പുരോഗതിക്കായി സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ പുനക്രമീകരിച്ചതും എംപാനലുകാരെ പിരിച്ചുവിട്ടതും ഉള്‍പ്പടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം വിഫലമെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നച്. അടിയന്തരമായി നൂറുകോടി രൂപ അനുവദിച്ചില്ലെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി എം.പി ദിനേശ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുടിശിക ഇനങ്ങള്‍ ഇങ്ങനെ: സ്പെയര്‍ പാട്സ് കുടിശ്ശിക- 21.50 കോടി, ബസ് വാങ്ങിയ വകയില്‍- 18.50 കോടി, അപകടനഷ്ടപരിഹാരമായി കൊടുക്കാനുള്ളത-് 25.60 കോടി, ജി.പി.എസും ജി.എസ്.ടിക്കുമായി- 17 കോടി, നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കുടിശിക- 13 കോടി, വായ്‌പയ്‌ക്കായി കണ്‍സോര്‍ഷ്യം രൂപീകരിച്ച വകയില്‍ ബാങ്ക് ഫീസ് കുടിശിക- 4.50 കോടി, നിലവിലെ ബാധ്യത തീര്‍ക്കാന്‍ 100 കോടി രൂപ വേണം. കുടിശിക അടച്ചുതീക്കാത്തതിനാല്‍ സ്വകാര്യ കമ്പനി സ്‌കാനിയ വോള്‍വോ ബസുകളുടെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ചിരിക്കുന്നു. ഇതിനു പുറമെ ഒരോ ദിവസവും ആയിരത്തോളം ബസുകളാണ് സര്‍വീസ് നടത്താന്‍ സാധിക്കാതെ കട്ടപുറത്തിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ പലപ്പോഴും റദ്ദാക്കുകയാണ്.
ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് ഈ സാമ്പത്തിക വര്‍ഷത്തെ നഷ്ടം 234 കോടിയാണ്. വരവ് ചെലവ് ഇനത്തില്‍ പ്രതിദിനം 79 ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. നിലവില്‍ പെന്‍ഷനായി ട്രഷറിയിലേക്ക് അടച്ച 47 കോടി രൂപ തിരികെ നല്‍കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്റ കാര്യത്തില്‍ പുനര്‍ചിന്ത വേണമെന്നും എം.ഡി നല്‍ക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം രണ്ടുലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് സൗജന്യമായി യാത്ര ചെയ്യുന്നത്. ഇത് വഴി വന്‍സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും എം.ഡി വ്യക്തമാക്കി.
















