പാലക്കാട്: പൊലീസ് സേനയില്‍ വീണ്ടും ജാതീയ അധിക്ഷേപത്തിന്റെയും ആത്മഹത്യയുടേയും വിവരങ്ങള്‍ പുറത്ത്. ആദിവാസിയായതിനാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായാണു പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ കുമാര്‍ ആത്മഹത്യ ചെയ്തതെന്ന പരാതിയുമായി ഭാര്യയും കുടുംബവും രംഗത്ത്. രണ്ടു ദിവസം മുമ്പാണ് പാലക്കാട് ലക്കിടിക്ക് സമീപം ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കുമാറിനെ കണ്ടെത്തുന്നത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്നിരിക്കെ അട്ടപ്പാടി കേന്ദ്രീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് മുഖ്യമന്ത്രിയെ കണ്ട് പൊലീസുകാരന്റെ മരണത്തില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെടാനൊരുങ്ങുകയാണ് കുടുംബം. ആദിവാസിയായതിനാല്‍ പൊലീസ് ക്യാമ്പില്‍ ജാതി വിവേചനം അനുഭവിച്ചിരുന്നു എന്നാണ് മരിച്ച കുമാറിന്റെ ഭാര്യ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ മാനസികമായി ഉപദ്രവിക്കുകയും അധിക ജോലി ചെയ്യിക്കുകയും ചെയ്തിരുന്നു എന്നാണ് ആരോപണം. ക്വാര്‍ട്ടേഴ്‌സികത്തും പീഡനത്തിന് വിധേയനായിരുന്നു എന്ന് കുമാര്‍ പറഞ്ഞിരുന്നു എന്നാണ് ഭാര്യയും ബന്ധുക്കളും പറയുന്നത്.
തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. മാനസികമായ ബുദ്ധിമുട്ടുകള്‍ കുമാറിന് ഉണ്ടായിരുന്നു എന്നും ഏതാനും ദിവസങ്ങളായി കുമാര്‍ അവധിയിലായിരുന്നു എന്നും പൊലീസ് പറയുന്നു. എന്നാല്‍, ജാതിയില്‍ കുറച്ച് കാണിക്കുകയും ആദിവാസിയായതിനാല്‍ ബുദ്ധിയില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്‌തെന്നാണു കുമാറിന്റെ ഭാര്യ പറയുന്നത്. മാസങ്ങളായി മാനസിക ശാരീരിക പീഡനത്തിന് ഇരയായിരുന്നു. ജോലി സ്ഥലത്ത് ഉണ്ടായ മാനസിക പീഡനം കാരണമാണ് ആത്മഹത്യയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
















