കൊച്ചി : ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് ലാത്തിച്ചാര്‍ജ് വിവാദത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ചയെന്ന് സംസ്ഥാന നേതൃത്വം. സമാധാനപരമായുള്ള പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നല്‍കിയതെന്നാണ് വിശദീകരണം. അക്രമ സംഭവങ്ങള്‍ പാടില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം എറണാകുളം ജില്ലാ കമ്മിറ്റി അട്ടിമറിച്ചെന്നും ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാര്‍ജ് വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന കര്‍ശ്ശന നിലപാടില്‍ തന്നെ സംസ്ഥാന നേതൃത്വം ഉറച്ചു നില്‍ക്കുകയാണ് ചെയ്തത്.
പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ജില്ലാ നേതൃത്വം സ്വന്തം നിലയില്‍ ഡിഐജി ഓഫീസ് മാര്‍ച്ചാക്കി മാറ്റിയെന്നും മാര്‍ച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഏറെ വൈകി ആക്രമം നടന്നത് ജില്ലാ കമ്മിറ്റിയുടെ വീഴ്ചയായി തന്നെയാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്. കൂടാതെ ഇത് പാര്‍ട്ടി തലത്തില്‍ തെറ്റിദ്ധരിപ്പിക്കലുണ്ടായെന്നും സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പാര്‍ട്ടിക്കുള്ളില്‍ അന്വേഷണവും നടപടികളും ഉണ്ടായേക്കും.
അതിനിടെ കൊച്ചിയില്‍ എത്തിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജില്ലാ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കാതെ മടങ്ങി. പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എംഎല്‍എ എല്‍ദോ എബ്രഹാമുമായി കാനം സമവായ ചര്‍ച്ച നടത്തിയെങ്കിലും ഇത് പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് കാനം യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങിയത്.
അതേസമയം ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് കാനത്തിന്റെ നിലപാടിനിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. കാനത്തിനെതിരെ ആലപ്പുഴ സിപിഐ ഓഫീസിന്റെ മതിലില്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
















