‘സഹ്യനേക്കാള്‍ തലപ്പൊക്കം നിളയെക്കാളുമാര്‍ദ്രത’ പി. കുഞ്ഞിരാമന്‍ നായരുടെ കാവ്യവ്യക്തിത്വത്തെ അടയാളപ്പെടുത്താനായി ആറ്റൂരെഴുതിയ വരികളാണിതെങ്കിലും ആറ്റൂരിനും ഇത് ചേരുന്നതുതന്നെ. 1930ല്‍ തുടങ്ങി 2019ല്‍ അവസാനിക്കുന്ന നവതിയോളം എത്തിനില്‍ക്കുന്ന ജീവിത മാത്രയില്‍ ആറ്റൂര്‍ എന്നും ഒറ്റയാനായിരുന്നു. ഈ ഏകാന്ത പഥികത്വം അദ്ദേഹത്തിന്റെ കവിതകള്‍ക്കുമുണ്ടായിരുന്നു. എം. ഗോവിന്ദനും, എന്‍.വി. കൃഷ്ണവാര്യരും കക്കാടും തുറന്നുകൊടുത്ത ആധുനികമെങ്കിലും റിയലിസ്റ്റിക്കായി വരികളിലൂടെയാണ് ആറ്റൂരിന്റെ കവിത സഞ്ചരിച്ചത്. പരുക്കനാണ് എന്നാല്‍ ജീവിതത്തെ സമഗ്രമായും സൂക്ഷ്മമായും പ്രതിഫലിപ്പിക്കുന്നവയാണ്.
‘കുറേ നാളായുള്ളില്‍ ഒരുത്തിതന്‍ ജഡം അളിഞ്ഞുനാറുന്ന’ എന്ന് സംക്രമണത്തില്‍ ആറ്റൂര്‍ പറഞ്ഞുതുടങ്ങിയപ്പോള്‍തന്നെ സമകാല കേരളത്തിലെ കാവ്യാസ്വാദകര്‍ ആറ്റൂര്‍ ഗ്രന്ധത്തിലേക്ക് അവരറിയാതെ അടുത്തുപോവുകയായിരുന്നു. എന്തെഴുതിയാലും ജീവിതത്തിന്റെ ഇരുണ്ടയിടങ്ങളില്‍ ചെന്നുമുട്ടണമെന്ന് ആറ്റൂരിന് നിര്‍ബന്ധമായിരുന്നു. കോളേജിനെക്കുറിച്ചെഴുതിയപ്പോള്‍ ‘കോളേജിലേക്ക് രണ്ടുവഴികള്‍ വായയും മലദ്വാരവും പോലെ’ എന്നാണ് അദ്ദേഹം കുറിച്ചത്. വാകകള്‍ പൂത്ത ഇടവഴികളിലൂടെയല്ല ആറ്റൂരിന്റെ കവിതകലാശാലകളിലേക്കെത്തുന്നത്. ജീവിതത്തിന്റെ അവഗണിക്കപ്പെട്ട ഇടങ്ങളിലൂടെ സഞ്ചരിച്ചാണ് അത് നമ്മുടെ മനസ്സിലേക്ക് ചേക്കേറിയത്.
‘നിരത്തില്‍ കാക്കകൊത്തുന്ന ചന്തപെണ്ണിന്റെ കണ്ണുകള്‍ മുലചപ്പിചലിക്കുന്ന നരവര്‍ഗ്ഗ വനാതിഥി’ എന്ന് അക്കിത്തം പാടുമ്പോളും’ എലികളെക്കുറിച്ച് എന്‍.വി. പാടുമ്പോഴും ‘അരിയില്ല തിരിയില്ല ദുരിതമാണെന്നാലും നരിതിന്നാല്‍ നന്നോ മനുഷ്യന്മാരേ’ എന്ന് ഇടശ്ശേരി ചോദിക്കുമ്പോഴുള്ള ദുരിത ജീവിതത്തിന്റെ മുഴക്കം അതേ യാഥാര്‍ഥ്യബോധത്തോടെ ആറ്റൂരിലും നമുക്കുകാണാം. ‘പഴയൊരില്ലം പൊളിച്ചുവിറ്റ് പുതിയൊരോട്ടോറിക്ഷ വാങ്ങി പുളിമനക്കല്‍ കുഞ്ഞിക്കുട്ടന്‍ എന്ന് തകര്‍ന്ന സവര്‍ണ്യത്തെ അവതരിപ്പിക്കുമ്പോള്‍ കവിയുടെ നിര്‍ഭയത്വത്തെ നമുക്ക് വായിച്ചെടുക്കാനാകും. ഭൂ പരിഷ്‌ക്കരണംകൊണ്ടു ആഹ്ലാദത്തോടെ പലരും പാടിയപ്പോള്‍ ഒരു നിമിഷംകൊണ്ടു ദാരിദ്രത്തിലേക്ക് എടുത്തെറിയപ്പെട്ടവരെ കുറിച്ചുപാടാന്‍ ആരും ധൈര്യംകാണിച്ചില്ല. എന്നാല്‍ ആറ്റൂര്‍ തന്റെ ധ്വന്യസമ്പൂര്‍ണ്ണമായ വരികളിലൂടെയാണ് അതൊന്ന് പറഞ്ഞുവക്കുന്നത്. പഴമയില്‍നിന്നും പെട്ടെന്ന് പടിയിറക്കപ്പെട്ടപ്പോള്‍ പുതുമയിലേക്ക് കുതിച്ചുകയറാനാവാതെ ദാര്‍ഷ്ട്യത്തിലേക്ക് കൂപ്പുകുത്തിയ ഒരു വലിയ വിഭാകത്തെ കാണാന്‍ ആറ്റൂരിനായി.
അത്യന്തം ദുര്‍ബ്ബലമായ ഗാനാത്മകതയിലേക്കും ഗദ്യവൈകല്യങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഉത്തരാധുനിക കവിതക്ക് അസ്ഥിബലമുള്ള കവിതയെക്കുറിച്ച് അന്വേഷിക്കാനോ അതു തിരിച്ചറിയാനോ കഴിയുന്നില്ല. ആ കഴിവില്ലായ്മയാണ് എം.വി. അയ്യപ്പപണിക്കര്‍ തുടങ്ങിയവരെ മാറ്റിവയ്‌ക്കാന്‍ പുതിയ കാവ്യാസ്വാദകരെ പ്രേരിപ്പിക്കുന്നത.് തന്റെ ഒറ്റയാന്‍ സഞ്ചാരത്തിനിടയിലും നല്ല കവിതയുടെ കരുത്ത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മലയാളത്തില്‍ മെച്ചപ്പെട്ട ഇടം നിലനിര്‍ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കടമ്മനിട്ട സച്ചിദാനന്ദന്‍, ചുള്ളിക്കാട്, ഡി. വിനയചന്ദ്രന്‍ തുടങ്ങിയവര്‍ എഴുപതുകളിലും എണ്‍പതുകളിലും നടത്തിയ ആധുനികതയുടെ ഉന്നത ഉന്മത്തസഞ്ചാരത്തോടൊപ്പം ആറ്റൂരും നടന്നുകയറിയെങ്കിലും അവര്‍ സ്വീകരിച്ച ബിംബങ്ങളല്ല ആറ്റൂര്‍ തന്റെ രചനക്ക് പ്രയോജനപ്പെടുത്തിയത്. ആറ്റൂരിന്റേത് ഒട്ടാകെ പ്രൗഡമെന്ന് വിശേഷിപ്പിക്കുന്ന ബിംബകല്‍പ്പനകളാണ്. അവ ആറ്റൂരിന്റെ വ്യക്തിത്വംപോലെതന്നെ ഒതുക്കമുള്ളവയായത്. കവിയുടെ പ്രതിഭാശേഷിയെ വിലയിരുത്തുന്നതില്‍ അവാര്‍ഡിന് പങ്കൊന്നുമില്ല. എങ്കിലും എന്തെങ്കിലും ഒന്ന് കിട്ടുമ്പോഴാണ് ആസ്വാദക ശ്രദ്ധ കവിയിലേക്ക് തിരിയുന്നത്. ജ്ഞാനപീഠമൊഴികെ നിരവധി അംഗീകാരങ്ങള്‍ സമൃദ്ധമായിതന്നെ അദ്ദേഹത്തെ അനുഗ്രഹിച്ചിട്ടുണ്ട്. ആറ്റൂരിലെ പ്രതിഭയ്‌ക്ക് അടിവരയിടാന്‍ ഈ അംഗീകാരങ്ങളുടെ സാക്ഷ്യം വേണ്ട. എങ്കിലും ഒരെഴുത്തുകാരന്റെ സര്‍ഗ്ഗശക്തിക്ക് ചിലപ്പോഴൊക്കെ അവ ഊര്‍ജ്ജമായിക്കൂടായെന്ന് പറയാനാവില്ല. അതൊന്നും അദ്ദേഹം നിരസിക്കയുമുണ്ടായില്ല.
വിദേശ ഭാഷകളില്‍നിന്നുള്ള തര്‍ജിമകള്‍ക്കുമാത്രം പ്രാധാന്യം കൊടുക്കുന്ന മലയാളത്തിന്റെ വായന സമൂഹം ബംഗാളിയൊഴിച്ചാല്‍ മറ്റിന്ത്യന്‍ ഭാഷകളിലേക്ക് നോക്കുന്നത് അപൂര്‍വമാണ്. ഇന്ത്യന്‍ ഭാഷകളില്‍തന്നെ ലോകോത്തരമായ അനേകം കൃതികളുണ്ടെങ്കിലും കേരള മനസ്സുപലപ്പോഴും ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലുമാണ് ആദരിക്കുന്നത്. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാകാം തമിഴില്‍നിന്ന് ഭാഷാന്തരങ്ങള്‍ക്ക് അദ്ദേഹം പ്രാധാന്യം കൊടുത്തത്. സുന്ദര രാമസ്വാമിയുടെ ‘ ജെ.ജെ. ചിലക്കുറിപ്പുകളും’ പുളിമരത്തിന്റെ കഥയും മലയാളികള്‍ക്ക് അദ്ദേഹം പരിചയപ്പെടുത്തികൊടുത്തു. സെല്‍മ, നാഗരാജന്‍ എന്നിവരുടെ കൃതികളും അദ്ദേഹത്തിന്റെ തര്‍ജിമയില്‍പ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും കനപ്പെട്ട വിവര്‍ത്തന സംഭാവന നായനാരുമാരുടെയും ആഴ്‌വാര്‍മാരുടെയും ഭക്തികാവ്യങ്ങളുടെ വിവര്‍ത്തനമാണ്.
1930 ഡിസംബര്‍ 27ന് തൃശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും ആയാത്തിയമ്മയുടെയും മകനായി ജനിച്ച ആറ്റൂര്‍ വിവിധ കോളേജുകളില്‍ മലയാളം അദ്ധ്യാപകനായി. മലയാളത്തിന്റെ അദ്ധ്യാപനം അദ്ദേഹത്തിന്റെ പ്രതിഭയെ പാകപ്പെടുത്തുന്നതില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. വലിയ ശിഷ്യസമ്പത്ത് അദ്ദേഹത്തിന്റെ വമ്പാദ്യങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. കക്കാട്ട് സൂചിപ്പിച്ചതുപോലെ അടുത്ത തലമുറയിലേക്ക് സഞ്ചരിക്കുന്നതാണ് ആറ്റൂരിന്റെ കവിതകള്‍. നവ്യമായ ഭാവുകത്വ പരിസരം സ്വയംസൃഷ്ടിച്ചുകൊണ്ട് അവനിലനില്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: