Categories: Article

ആറ്റിക്കുറുക്കിയ ആറ്റൂര്‍

മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കവിതകളോടും ആ മഹാകവിയോടുമുള്ള ആരാധനയില്‍ നിന്നാണ് ആറ്റൂരിന്റെ ഏറെ പ്രശസ്തമായ മേഘരൂപന്‍ എന്ന കവിതയുടെ പിറവി.

ആറ്റിക്കുറുക്കിയ കവിതകള്‍കൊണ്ട് മലയാള സാഹിത്യലോകത്ത് തന്റേതായ ഇടം നേടിയ കവിയാണ് ആറ്റൂര്‍ രവിവര്‍മ്മ. ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന കാവ്യസപര്യയ്‌ക്കിടയില്‍ എഴുതിയത് നൂറില്‍ താഴെ കവിതകള്‍!. കവിതയുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ അതിന്റെ ഗുണത്തില്‍ വിശ്വസിച്ച കവി. മൗനസാന്ദ്രമായ അര്‍ത്ഥങ്ങളിലൂടെ മൗനത്തിന്റെ ഉപാസകനായ ആറ്റൂര്‍. 

മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കവിതകളോടും ആ മഹാകവിയോടുമുള്ള ആരാധനയില്‍ നിന്നാണ് ആറ്റൂരിന്റെ ഏറെ പ്രശസ്തമായ മേഘരൂപന്‍ എന്ന കവിതയുടെ പിറവി. എങ്ങോട്ടെന്ന് ചോദിക്കുമ്പോള്‍ എങ്ങോട്ടാണാവോ നിശ്ചയമില്ലെന്ന് മറുപടി പറയുന്ന, പി.യെ 

‘സഹ്യനെക്കാള്‍ തലപ്പൊക്കം

നിളയേക്കാളുമാര്‍ദ്രത

ഇണങ്ങി നിന്നില്‍; സല്‍പ്പുത്ര

ന്മാരില്‍ പൈതൃകമങ്ങനെ

നിനക്കെഴുതുവാന്‍ പൂഴിവിരിപ്പു ഭാരതപ്പുഴ’ 

എന്ന് അടയാളപ്പെടുത്തുകയാണ് മേഘരൂപനില്‍ ആറ്റൂര്‍. കാളിദാസന്റെ കവിത പഠിച്ചതും കുട്ടികൃഷ്ണമാരാരുടെ നിരൂപണവുമാണ് പിയെക്കുറിച്ച് അത്തരത്തിലൊരു കവിതയെഴുതാന്‍ ആറ്റൂരിനെ പ്രേരിപ്പിച്ചത്. 

സാധാരണ സംഭാഷണ പദങ്ങള്‍ക്കൊണ്ട് രൂപപ്പെടുത്തിയിട്ടുള്ളതാണ് ആറ്റൂരിന്റെ കാവ്യശില്‍പങ്ങള്‍ ഓരോന്നും. വാക്കുകളുടെ അര്‍ത്ഥം തേടി അലയേണ്ട അവസ്ഥ അദ്ദേഹത്തിന്റെ കവിത വായിക്കുന്നവര്‍ക്ക് ഉണ്ടാകാന്‍ ഇടവരില്ല. താനൊരു നാസ്തികന്‍ എന്ന് അവകാശപ്പെടുമ്പോഴും ഭാരതീയ സംസ്‌കൃതിയെ അടുത്തറിയാന്‍ ഹിമാലയത്തിലേക്ക് യാത്ര പോയ സഞ്ചാരി. ഉപനിഷത്തുകളിലും ഇതിഹാസങ്ങളിലും പൈതൃകത്തിന്റെ മഹത്വം തിരഞ്ഞ ദാര്‍ശനികന്‍. അതായിരുന്നു ആറ്റൂര്‍ രവിവര്‍മ.

ആറ്റൂര്‍ എന്ന ഗ്രാമമാണ് കവിത എഴുതാന്‍ ആദ്യ ചോദനയായതും. വായിക്കാനുള്ള അന്തരീക്ഷം അവിടെയുണ്ടായിരുന്നു.  ലളിതമായ നോവലുകളിലൂടെ, ഗദ്യങ്ങളിലൂടെ വായന വളര്‍ന്നു. ഒപ്പം ആറ്റൂരിലെ കവിഭാവനയും. 

ഹൈസ്‌കൂള്‍ പഠനകാലത്ത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോടായിരുന്നു അടുപ്പം. അന്നത്തെ സാഹചര്യം അതായിരുന്നു.  1947-48ല്‍ കോഴിക്കോട് സാമൂതിരി കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്ന്. അവിടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 

ചെറുതുരുത്തിയിലെ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ കവിത രചന. എന്നാല്‍ അത് പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചൊന്നും വേണ്ട അറിവില്ലായിരുന്നു. കോഴിക്കോട് പഠിക്കുന്ന കാലത്താണ് കോരുപണിക്കര്‍ എന്ന മലയാള അധ്യാപകനെ പരിചയപ്പെടുന്നത്.  അദ്ദേഹം എഡിറ്റ് ചെയ്യുന്ന യുവശക്തി എന്ന പത്രത്തിലൂടെയാണ് ആറ്റൂരിന്റെ ആദ്യ കവിത അച്ചടിച്ചുവന്നത്. പിന്നീട് കോഴിക്കോട്ടുനിന്നിറങ്ങുന്ന പുരോഗമന സാഹിത്യ പ്രസിദ്ധീകരണങ്ങളിലും എഴുതിത്തുടങ്ങി. 

സമരങ്ങളില്‍ സജീവമായതോടെ സാമൂതിരി കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് ക്രിസ്ത്യന്‍ കോളേജില്‍ രാഘവപ്പണിക്കര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍വഴി പ്രവേശനം നേടി. അവിടുത്തെ അധ്യാപകനും കവിയും നിരൂപകനും വാഗ്മിയുമായ ആര്‍. രാമചന്ദ്രനുമായി അടുത്തു. അത് ആറ്റൂരിന്റെ കാവ്യസപര്യയ്‌ക്ക് ഏറെ സഹായകമായി. പഠനശേഷം മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ ലക്ചററായി. എം. ഗോവിന്ദനെ അടുത്തറിയുന്നത് ആ കാലത്താണ്. ആറ്റൂരിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റിയത് ഗുരുതുല്യനായ ഗോവിന്ദനായിരുന്നു. അത്ര വലുതായിരുന്നു ആ സ്വാധീനം. തമിഴ് സാഹിത്യവുമായി ആറ്റൂര്‍ രവിവര്‍മ്മയെ അടുപ്പിച്ചതും എം.ഗോവിന്ദനാണ്. തമിഴ് പഠിച്ചു, തമിഴ് സാഹിത്യം വായിക്കാന്‍ തുടങ്ങി. തമിഴിലെ പ്രശസ്ത നോവലിസ്റ്റായ സുന്ദരരാമസ്വാമിയുടെ നോവലുകള്‍ വായിക്കാന്‍ പ്രേരണയും ഗോവിന്ദനായിരുന്നു. അങ്ങനെയാണ് സുന്ദരരാമസ്വാമിയുടെ ‘ജെ.ജെ. സിലകുറിപ്പുകള്‍’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. അതിനുശേഷമാണ് അദ്ദേഹത്തിന്റെ തന്നെ ഒരു പുളിമരത്തിന്‍ കഥയും മലയാളത്തിലേക്കാക്കുന്നത്. 

ആറ്റൂരിന്റെ ആദ്യ കവിതാസമാഹാരമായ ‘കവിത’  കവിതാഗ്രന്ഥാവരിയിലൂടെ പുറത്തുവന്നത് 1977 ലാണ്. മേഘരൂപന്‍, സംക്രമണം തുടങ്ങിയ പ്രധാന കവിതകള്‍ ഈ കവിതാസമാഹാരത്തിലേതാണ്. മലയാളത്തില്‍ കവിയരങ്ങുകളുടെ പൂക്കാലത്ത് ഏറ്റവുംകൂടുതല്‍ ആസ്വദിക്കപ്പെട്ട ആറ്റൂരിന്റെ കവിതയാണ് സംക്രമണം.തമിഴില്‍നിന്നും സുന്ദരരാമസ്വാമിയുടേതിന് പുറമെ സെല്‍മയുടേയും ജി. നാഗരാജന്റേയും നോവലുകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. രണ്ടാം യാമങ്ങളുടെ കഥ (സെല്‍മ), നാളെ മറ്റൊരു നാള്‍മാത്രം (ജി. നാഗരാജന്‍), പുതു നാന്നൂറ് (59 ആധുനിക കവിതകള്‍), ഭക്തികാവ്യം (നായനാര്‍മാരുടേയും ആഴ്‌വാര്‍മാരുടേയും വിവര്‍ത്തനങ്ങള്‍) എന്നിവ പ്രധാന കൃതികളാണ്. 2012 ല്‍ സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 

 1996 കേരള സാഹിത്യഅക്കാദമി അവാര്‍ഡ് (ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍) 1997 ആശാന്‍ പുരസ്‌കാരം,  2001 കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍), 2005 പി. കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ് (ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍ ഭാഗം രണ്ട്), വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാഡ് ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായി. 

മനസ്സില്‍ നിറയുന്ന കവിതയെ പ്രായാധിക്യത്താല്‍ ഭാഷയിലൂടെ പ്രകാശനം ചെയ്യാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ കവിയാണ് ആറ്റൂര്‍. അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തതൊക്കെയും ഭാഷയോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തിക്കൊണ്ടുള്ള കാവ്യസുഗന്ധം നിറഞ്ഞ സൃഷ്ടികളായിരുന്നു എന്നതാണ് ആറ്റൂരിന്റെ മേന്മ.

ആറ്റിക്കുറുക്കിയ കവിതകള്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക