ആധുനിക കവിതയുടെ മുഖപ്രസാദവും പഴമയിലെ പുതുമുഖ പാരമ്പര്യം കൂടിക്കുഴഞ്ഞ ആറ്റൂര്‍ രവിവര്‍മ്മ യാത്രയാകുമ്പോള്‍ അവശേഷിക്കുന്നത് ഭാഷയുടേയും കവിതയുടേയും നിഷ്ക്കളങ്ക സൗന്ദര്യത്തിന്റെ സൗരഭ്യമാണ്. വെറുതെ വായ്ത്താരിയായി പറഞ്ഞുപോകുന്ന ഇന്നത്തെ ചില കവിതകള്‍ക്കുമപ്പുറം പ്രശോഭമാര്‍ന്ന കവിതാ രചനയിലെ ഒരാശ്വാസമാണ് ഇല്ലാതാകുന്നത്. ആരുടേയും നിഴലോ നിരയോ ആകാതെ രവിവര്‍മമാത്രമായി തനിച്ചുനിന്ന രചനയും രസവിചാരവുമായിരുന്നു ആ കവിതകള്‍ക്ക്.
കുറച്ചു പറഞ്ഞ് കൂടുതല്‍ അനുഭവിപ്പിക്കുന്ന നിശബ്ദതയിലെ ശബ്ദമാണ് ആറ്റൂര്‍ കവിത. നിഗൂഢ സൗന്ദര്യം പിഴിഞ്ഞൊഴിച്ച് കുറുക്കിയെടുത്ത കവിത. കവിയും വിവര്‍ത്തകനുമായി എഴുതിയതത്രയും കാതല്‍കൊണ്ട് വലിയ വടവൃക്ഷമായിരുന്ന കവി. പുതുവായനക്കാര്‍ക്കുപോലും നവ ഭാഷയായും ഭാവമായും തോന്നിയിരുന്ന ആറ്റൂര്‍ കവിതകള്‍ക്ക് എന്തെന്നില്ലാത്തൊരു നൈതികാംശമുണ്ട്. സര്‍വസാധാരണക്കാര്‍ക്ക് കവിതയിലേക്കു കുടിയേറാനുള്ള വാസനാ വികൃതിയുണ്ട് ആ കവിതകള്‍ക്ക്. ആനയുടെ കൊമ്പോ തുമ്പിക്കൈയോ തൊട്ട് അന്ധര്‍ തൃപ്തരാകുമ്പോള് വാലിന് രോമംകൊണ്ടൊരു മോതിരം തനിക്കുമതിയെന്നു പറയുന്ന കവിയുടെ ലാളിത്യസുഭഗമാര്‍ന്ന ഭാവനാശില്പം ഗംഭീരം. ഇങ്ങനെ ഏതിലും മുദ്രപതിപ്പിച്ച രവിവര്‍മ എഴുപതു വര്‍ഷത്തെ രചനാ ജീവിതത്തില്‍ ആകെ പ്രസിദ്ധീകരിച്ചത് നൂറില്‍താഴെ കവിതകള്‍. ആഴ്ചകള്‍തോറും വിവിധ വാരികകളില്‍ കവിത എഴുതുന്ന ഇന്നത്തെ കവിതാ പ്രദര്‍ശനക്കാരില്‍നിന്നും വ്യത്യസ്തനായി പേനകുറിക്കുന്നതില്‍ കാമ്പുണ്ടാകണമെന്ന നിര്‍ബന്ധത്താല്‍ വല്ലപ്പോഴും മാത്രമേ ആറ്റൂരിന്റെ കവിത പ്രത്യക്ഷപ്പെടാറുള്ളൂ. അതാകട്ടെ അനുവാചകരില്‍ ഉത്സവമാകുന്നവയും.
ഗുരുതുല്യനായ എം.ഗോവിന്ദന്, സൗഹൃദ നിലാവായ ആര്.രാമചന്ദ്രന്, നിരീക്ഷണ പടുവായ കുട്ടികൃഷ്ണ മാരാര്‍, പിയുമായുള്ള അടുപ്പം എന്നിങ്ങനെ നിതാന്ത ബന്ധം ആറ്റൂരിലെ കാവ്യവ്യക്തിത്വത്തേയും വ്യക്തി വൈശിഷ്ട്യത്തേയും പുനസൃഷ്ടിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ലക്ഷ്യം എന്തെന്നറിയാതെ എങ്ങോട്ടാണാവോ, നിശ്ചയമില്ല എന്നു പറഞ്ഞ, മലയാള കവിതയെന്ന നിത്യകാമുകിയെത്തേടി അനന്താന്വേഷിയായിരുന്ന പി എന്ന മേഘരൂപനെ ആറ്റൂര്‍ സ്വ സത്വമായും കുടിയേറ്റിയിട്ടുണ്ട്. നാസ്തികനാണെങ്കിലും സാംസ്ക്കാരികമായി താന്‍ നാസ്തികനല്ലെന്നും ആറ്റൂര്‍ പറഞ്ഞിട്ടുണ്ട്. ഭാരതിയതയിലുള്ള മമതയും അതന്വേഷിച്ചുള്ള യാത്രയും പതിവായിരുന്നു. ഹിമാലയം ചവിട്ടിയത് ആ തുടര്‍ സഞ്ചാരത്തിന്റെ ഭാഗമായിരുന്നു.
വിവര്‍ത്തനത്തില്‍ ചോര്‍ന്നു പോകുന്നതാണ് കവിതയും കലയുമെന്നൊക്ക പറയുമ്പോഴും വിവര്‍ത്തനം തന്നെ കലയായി മാറുന്ന ഇന്ദ്രജാലത്തിന്റെ കൈത്തഴക്കമാണ് സുന്ദര രാമസ്വാമിയുടെ രണ്ടു നോവലുകള്‍ തമിഴില്‍നിന്നും മൊഴിമാറ്റി ആറ്റൂര്‍ നിര്‍വഹിച്ചത്. ആധുനിക തമിഴ് നോവലിന്റെ തലതൊട്ടപ്പനായ സുന്ദരരാമസ്വാമിയുടെ നോവലുകളായ ജെ ജെ ചില കുറിപ്പുകള്‍, പുളിമരത്തിന്റെ കഥ എന്നിവയുടെ ആത്മാവിലിറങ്ങി തര്‍ജമ ചെയ്തതാണ്.ആറ്റൂരിന്റെ രചന തന്നെയോ എന്നു കരുതുംപോലെയായിരുന്നു അവയുടെ ഉള്ളടക്ക ഗൗരവംവിടാതെയുള്ള മൊഴിമാറ്റം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രമുഖ വാരികയില്‍വന്ന ഈ മൊഴിമാറ്റത്തിന് വമ്പിച്ച സ്വീകാര്യതയായിരുന്നു. അന്നു വായിച്ചവര്‍ക്ക് ആ കുറിപ്പിന്റെ പുളിരസം ഇന്നുമുണ്ടാകും. തമിഴിന്റെ പ്രൗഢിയോട് കമ്പംതോന്നി ആ ഭാഷപഠിച്ചതിനുശേഷമായിരുന്നു വിവര്‍ത്തന സാഹിത്യമെന്നു ഇന്നുകൊണ്ടാടുന്നതിന്റെ നല്ല പൂര്‍വമുഖമായ ഈ മൊഴിമാറ്റം നടന്നത്.
ആറ്റൂര്‍ കവിതകള്‍, ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍, ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍, സെല്‍മ, ജി.നാഗരാജന് എന്നിവരുടെ നോവല്‍ വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി രചനകള്‍ നടത്തിയ ആറ്റൂരിന് അനവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: