ന്യൂദല്‍ഹി: ജപ്പാനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ പത്തുവര്‍ഷത്തിനിടെ ഇതാദ്യമായി ഏറ്റവും വലിയ നഷ്ടത്തില്‍. കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ ആഗോള വ്യാപകമായി 10,000 ജീവനക്കാരെ പിരിച്ചുവിടും. ഇന്ത്യയില്‍ മാത്രം 1700 പേര്‍ക്ക് ജോലി നഷ്ടമാക്കും. പത്തുവര്‍ഷത്തിനിടെ ഇതാദ്യമായി ഏറ്റവും കുറഞ്ഞ ലാഭം നേടിയതാണ് ആഗോള വ്യാപകമായി ജീവനക്കാരെ കുറയ്‌ക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.
അടുത്ത മൂന്നുവര്‍ഷംകൊണ്ട് ആഗോളതലത്തില്‍ 12,500 പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. 6,400 പേര്‍ക്ക് ഇതിനകം പിരിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കി. ഇന്ത്യയിലെ ജീവനക്കാരില്‍ 13.5 ശതമാനം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. യുഎസിലെ 1420 പേര്‍ക്ക് ഇതുസംബന്ധിച്ച് കമ്പനി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മെക്‌സിക്കോയിലെ 1000 പേര്‍ക്കും ഇന്തോനേഷ്യയിലെ 830 പേര്‍ക്കും ജപ്പാനിലെ 880 പേര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തില്‍ 4,800 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് വീണ്ടും ജോലിക്കാരെ കുറയ്‌ക്കുന്നത്. 1,39,000 പേരാണ് കമ്പനിക്ക് ജീവനക്കാരായുണ്ടായിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിസ്സാന്റെ വരുമാനം പത്തുവര്‍ഷത്തില്‍ വച്ച് ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. ചെലവ് കുറച്ച് വരുമാനം കൂട്ടാന്‍ കമ്പനി കടുത്ത നിലപാടെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തിലേക്കുള്ള നിസാന്റെ വരവും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
ചെന്നൈയെ മറികടന്നാണ് കേരളത്തില്‍ പദ്ധതിയ്‌ക്ക് കളമൊരുങ്ങിയത്. ഇത് സംബന്ധിച്ച കമ്പനി കേരള സര്‍ക്കാരുമായി ധാരണ പത്രത്തില്‍ ഒപ്പിടുകയും ചെയ്തിരുന്നു. എന്നാല്‍ ധാരണപത്രത്തില്‍ ഒപ്പിടുന്ന സമയത്ത് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെന്ന് കാട്ടി നിസാന്‍ സര്‍ക്കാരിന് കത്തയച്ചു. അതൃപ്തി പ്രകടിപ്പിച്ച് കമ്പനി സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഡിജിറ്റല്‍ ഇന്നോവേഷന്‍ ഹബ് സ്ഥാപിക്കാന്‍ നിസ്സാനുമായി കേരള സര്‍ക്കാര്‍ ധാരണ പത്രത്തില്‍ ഒപ്പുവച്ചത്. 3000 പേര്‍ക്ക് പ്രത്യക്ഷമായും അതിന്റെ ഇരട്ടിയിലധികം ആളുകള്‍ക്ക് പരോക്ഷമായും ഈ പദ്ധതി വഴി തൊഴില്‍ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കമ്പനി വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ കേരളത്തില്‍ പദ്ധതി ആരംഭിക്കുമോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്. അതേസമയം, യുഎസിലും യൂറോപ്പിലും നിസാന്‍ കമ്പനിയുടെ വാഹന വില്പനയില്‍ വന്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
















