രാജ്യാന്തരതലത്തില്‍ നയതന്ത്രബന്ധം എത്രമാത്രം പ്രാധാന്യം ഉള്‍ക്കൊള്ളുന്നതാണെന്നും അതിന്റെ ആത്യന്തിക ഫലമെന്താണെന്നും സാധാരണക്കാര്‍ക്കുകൂടി അനുഭവവേദ്യമാകുന്നതാണ്, പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ തുറന്നുപറച്ചില്‍. പരിശീലനം നേടിയ നാല്പതിനായിരത്തോളം കൊടുംഭീകരര്‍ പാക്കിസ്ഥാനിലുണ്ടെന്നാണ് ഇമ്രാന് പറഞ്ഞത്. ആ രാജ്യത്തിന്റെ കുറ്റസമ്മതമായിരുന്നു അത്. ഇമ്രാന്ഖാന് എന്ന സ്പോര്‍ട്സ്മാന്റെ കളിവികാരമോ രാജ്യത്തിന്റെ ഭരണത്തലവന് എന്ന നിലയ്ക്കുള്ള ആധികാരിക വികാരമോ ഏതെന്ന് അറിയാന്‍ പറ്റാത്ത തരത്തിലുള്ള വിശദീകരണമായിരുന്നു അത്. എങ്ങനെ നോക്കിയാലും ഭാരതത്തിന്റെ നയതന്ത്രവിജയമാണതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വിലയിരുത്താനാവും. അടുത്തിടെ മുന്‍ ഭാരത നാവികോദ്യോഗസ്ഥന് കുല്ഭൂഷണ് ജാതവിനെ രാജ്യാന്തരകോടതി വധശിക്ഷയില്‍നിന്ന് മോചിപ്പിച്ചതിനുശേഷം ഉണ്ടായിരിക്കുന്ന പ്രതീക്ഷാഭരിതമായ സംഭവഗതിയാണിത്. നാളിതുവരെ ലോകത്തിനുമുമ്പില്‍ നല്ലപിള്ള ചമയാന്‍ പാക്കിസ്ഥാന് കാണിച്ച നെറികേടുകളുടെ നേര്‍ക്കാഴ്ചയായിരിക്കുന്നു എല്ലാം.
ഭാരതത്തെ നിരന്തരം മുള്‍മുനയില്‍ നിര്‍ത്താനുള്ള ആയുധമെന്ന നിലയിലാണ് തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും പാക്കിസ്ഥാന് ഒത്താശ നല്‍കിയിരുന്നത്. ചെല്ലുംചെലവും കൊടുത്ത് വിദ്രോഹ ശക്തികളെ വളര്‍ത്തുമ്പോള്‍ ജമ്മുകശ്മീര്‍ എന്ന മുന്തിരിയായിരുന്നു അവരുടെയുള്ളില്‍. അത് ലഭിക്കാന്‍വേണ്ടി രാജ്യാന്തരതലങ്ങളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുകയും തങ്ങള്‍ നിരപരാധികളാണെന്ന് നെഞ്ചത്തടിച്ച് നിലവിളിക്കുകയുമായിരുന്നു അവര്‍. ഒരുവിധപ്പെട്ട രാജ്യങ്ങളൊന്നും പാക്കിസ്ഥാന്റെ കള്ളക്കളിയെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരുന്നില്ല. ജമ്മുകശ്മീരില്‍ മൂന്നാംകക്ഷിയുടെ ഇടപെടലാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. അതിന് ഏത് നീചമാര്‍ഗവും ഉപയോഗിച്ചുപോന്നു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറിയതോടെ പാക്കിസ്ഥാന്റെ മുഖംമൂടികള്‍ ഒന്നൊന്നായി അഴിഞ്ഞുവീണു. തങ്ങളുടെ താളത്തിനുതുള്ളിയ കക്ഷികളായിരുന്നു ഇന്ത്യ ഭരിച്ചത് എന്നതിനാല്‍ നിര്‍ബാധം അവര്‍ക്ക് ഇവിടെ എന്തും നടത്താമായിരുന്നു. എന്‍ഡിഎ ഭരണത്തിലേറിയതോടെ സ്ഥിതി മാറി. അതോടെ നരേന്ദ്രമോദി സര്‍ക്കാരിനെ എങ്ങനെയും ഭരണത്തില്‍നിന്ന് അകറ്റേണ്ടത് അവരുടെ ജീവന്മരണ ലക്ഷ്യമായി. ആ ലക്ഷ്യത്തന് ഗതിവേഗംകൂട്ടുന്ന പ്രവര്‍ത്തനങ്ങളാണ് പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളില്നിന്നുണ്ടായത്. ലോകസഭാ തെരഞ്ഞെടുപ്പുവേളയില്‍ ഇതൊക്കെ പകല്‍വെളിച്ചംപോലെ വ്യക്തമാവുകയും ചെയ്തു. അതിന്റെ ഫലം നാമിന്നനുഭവിക്കുയും ചെയ്യുകയാണ്.
ഭാരതത്തിനെതിരെ പോരാടാന്‍ തീവ്രവാദികളെ പരിശീലിപ്പിച്ചെടുക്കുന്ന പാക്കിസ്ഥാന് രാജ്യാന്തര തലത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞ് നല്ലപിള്ള ചമയാനുള്ള ശ്രമമാണിപ്പോള്‍ നടത്തുന്നത്. സായുധപരിശീലനം നേടി കശ്മീരിലും അഫ്ഗാനിസ്ഥാനിലും പ്രവര്‍ത്തിച്ച 40,000 വരുന്ന ഭീകരര്‍ തന്റെ രാജ്യത്തുണ്ടെന്ന് ഇമ്രാന്ഖാന് വ്യക്തമാക്കുമ്പോള്‍ ഭാരതം എന്നെന്നും ചൂണ്ടിക്കാട്ടിയിരുന്ന സത്യമാണ് വെളിപ്പെടുന്നത്. അമേരിക്കയില്‍നിന്നുള്‍പ്പെടെ ലഭിക്കേണ്ട സഹായസഹകരണങ്ങളില്‍ വിള്ളല്‍ വീണാലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇമ്രാനെ ആരും ബോദ്ധ്യപ്പെടുത്തേണ്ടതില്ല. അതിനൊപ്പം ഭാരതനയതന്ത്രം രാജ്യാന്തരതലത്തില്‍ തഴച്ചുവളരുകയുമാണ്. അഫ്ഗാനുമായുള്ള ഭാരതത്തിന്റെ ബന്ധത്തില്‍ വന്പുരോഗതിയാണുണ്ടാവുന്നത്. പാക്കിസ്ഥാന്‍സൈന്യം അഫ്ഗാനും ഭാരതത്തിനുമിടയില്കിടന്ന് വീര്‍പ്പുമുട്ടുന്ന സ്ഥിതിവന്നാല്‍ എല്ലാം അവതാളത്തിലാവും. അതിനൊപ്പം നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകവ്യാപകമായി അംഗീകാരവും സ്വീകാര്യതയും കിട്ടുന്നത് അവരെ ഞെട്ടിക്കുകയും ചെയ്യുന്നുണ്ട്.
ഇതൊക്കെ മനസ്സില്‍വെച്ചുകൊണ്ടാണ് തങ്ങളുടെ രാജ്യത്തെ സ്ഥിതിഗതികള്‍ ഇമ്രാന് തുറന്നുപറഞ്ഞിരിക്കുന്നത്. ഇതോടെ ഭാരതത്തിന്റെ ഓരോനീക്കത്തിനും പിന്നിലെ ആത്മാര്‍ഥത ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. തങ്ങള്‍ കുറ്റവാളി രാജ്യമാണെന്ന് തുറന്നുസമ്മതിക്കേണ്ടിവന്നതിന്റെ നാണക്കേടില്‍നിന്ന് പാക്കിസ്ഥാന് അടുത്തൊന്നും പുറത്തുവരാനാവില്ല. ഒരു ഭരണാധികാരിയുടെ നിസ്തന്ദ്രമായ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് രാജ്യാന്തരതലത്തില്‍ ചലനമുണ്ടാക്കുന്നതെന്നതിന്റെ ഒടുവിലുത്തെ ഉദാഹരണമാണിത്. നരേന്ദ്രമോദിയെ, ലോകം ചുറ്റുന്നയാളായി ചിത്രീകരിച്ച് അപഹസിക്കുന്നവര്‍ ഇതൊക്കെ കണ്ണുതുറന്ന് കാണണമെന്നേ പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: