കൊച്ചി: മാര്‍ അത്തനേഷ്യസ് (എം.എ) കോളേജിലെ മാഗസിനില്‍ വന്ന ലേഖനങ്ങള്‍ വിശ്വാസത്തെ നവോത്ഥാനത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതെന്ന് ഹിന്ദു ഹൈക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു. ഹിന്ദു മത വിശ്വാസങ്ങള്‍ക്കു നേരെയാണ് ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ എപ്പോഴും ഉണ്ടാകാറുള്ളതെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വിവാദമായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും തങ്ങളുടെ നിലപാട് അതല്ലെന്ന് കര്‍ശ്ശനമായി അറിയിക്കുകയും ചെയ്ത സര്‍ക്കാര്‍ അക്കാദമി നല്കിയ അവാര്‍ഡ് തിരിച്ചു വാങ്ങാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ക്ഷേത്ര വിശ്വാസങ്ങള്‍ക്കെതിരെയും, ശബരിമല അയ്യപ്പനേയും അധിക്ഷേപിക്കുന്ന വിധത്തില്‍ ഒരു കോളേജ് മാഗസിന് പുറത്തിറക്കുമ്പോള്‍ സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കുന്നു എന്നത് അറിയാന്‍ ഇവിടുത്തെ ഹൈന്ദവര്‍ക്ക് താല്പര്യമുണ്ട്.
ഹിന്ദു വിശ്വാസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് എപ്പോഴും ഇരട്ടത്താപ്പാണ്. ന്യൂനപക്ഷ മത സമൂഹങ്ങളോടുള്ള അതേ നിലപാടല്ല വിശ്വാസത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷ സമുദായത്തോട് സര്‍ക്കാര്‍ എടുക്കുന്നത്. ശബരിമല വിഷയത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഗൃഹ സമ്പര്‍ക്കത്തിലൂടെ തിരിച്ചറിഞ്ഞ തെറ്റുകളെങ്കിലും തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോളേജ് മാനേജ്മെന്റ് ഈ മാഗസിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. മാഗസിന് പിന്‍വലിക്കണം.
ഇതില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, മാഗസീന് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി നാളെ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാഷ്രീയം സ്വഭാവങ്ങളൊന്നും പ്രത്യേകിച്ചില്ലാത്ത കോളേജ് ആയിട്ടുകൂടി ഇവിടെ എത്രമാത്രം ഹിന്ദു വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഓര്‍ക്കണം.
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളേജിലും, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ കോളേജുകളിലും ഇത്തരത്തില്‍ ഹിന്ദു വിരുദ്ധ മനോഭാവത്തിലുള്ള പല സംഭവങ്ങളും അരങ്ങേറിയിരുന്നു. പ്രിന്‍സിപ്പാളിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ഈ മാഗസീന് പുറത്തിറങ്ങിയിട്ടുള്ളതെങ്കില് അദ്ദേഹം ഈ നാട്ടില്‍ മതസ്പര്‍ദ്ദ ഉണ്ടാക്കാനും ഹിന്ദു സമൂഹത്തെ ആക്ഷേപിക്കാനും മനപ്പൂര്‍വ്വം ശ്രമിക്കുകയായിരുന്നു. ഈ വിഷയത്തില്‍ പ്രിന്‍സിപ്പള്‍ തെറ്റു തിരുത്തുമോ എന്നും അ്ദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും അതല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി ഹിന്ദു ഐക്യവേദി മുന്നോട്ടുപോകുമെന്നും ആര്.വി. ബാബു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: