ഇടുക്കി: നെടുങ്കണ്ടം പോലീസിന്റെ ക്രൂരമര്‍ദനമേറ്റ് രാജ്കുമാര് കൊല്ലപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും അന്വേഷണം നാലു കീഴുദ്യോഗസ്ഥരില്‍ ഒതുങ്ങുന്നു. ഉത്തരം കിട്ടാതെ ഉയരുന്നത് നിരവധി ചോദ്യങ്ങള്‍. രാജ്കുമാര് തട്ടിയെടുത്തെന്ന് പറയുന്ന കോടികള്‍ എവിടെ, സാമ്പത്തിക കുറ്റവാളിയെ എന്തിന്, ആരുടെ അനുവാദത്തോടെ ദിവസങ്ങളോളം കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ചു. പോലീസ്, ഡോക്ടര്‍മാര്‍, ജഡ്ജി, ജയില്‍, പോസ്റ്റുമോര്‍ട്ടം നടപടി എന്നിവര്‍ക്കെല്ലാം വീഴ്ച വന്നതെങ്ങനെ.
ജില്ലാ പോലീസ് മേധാവിയിലേക്ക് അന്വേഷണം എത്തിയതോടെയാണ് കേസ് വഴി മുട്ടിയത്. ക്രൈംബ്രാഞ്ചും ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും ഇതില്‍ രാജ്കുമാറിന്റെ കുടുംബവും തൃപ്തരല്ല. കഴിഞ്ഞ ദിവസം കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസിന്റെ ക്രൂരമര്‍ദനമേറ്റാണ് രാജ്കുമാര് മരിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിക്കുമ്പോഴും അന്വേഷണം വഴി മുട്ടുന്നതിനെ കുറിച്ച് പ്രതികരണമില്ല.
സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ബി. വേണുഗോപാലിനെ സംരക്ഷിക്കുന്നതിന് എം.എം. മണി ഇടപെട്ടതായുള്ള ആക്ഷേപവും ഉയര്‍ന്നിരുന്നു. കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തി മാറ്റിയ ഈ ഉദ്യോഗസ്ഥനെ കുറച്ച് കൂടി മികച്ച സ്ഥാനത്തേക്ക് മാറ്റി നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത കാര്യം എസ്പിക്കും കട്ടപ്പന ഡിവൈഎസ്പിക്കും അറിയാമായിരുന്നെന്ന് റിമാന്‍ഡില്‍ കഴിയുന്ന എസ്ഐ സാബു പല തവണ മൊഴി നല്‍കിയെങ്കിലും ഇവരെ ചോദ്യം ചെയ്യാന്‍ പോലും ക്രൈംബ്രാഞ്ചിന് ആയിട്ടില്ല.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. കഴിഞ്ഞ മാസം 12ന് കസ്റ്റഡിയില്‍ എടുത്ത രാജ്കുമാറിനെ 16 വരെ പോലീസ് അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ച ശേഷം റിമാന്‍ഡ് ചെയ്ത് 17ന് പുലര്‍ച്ചെ ജയിലില്‍ എത്തിക്കുകയായിരുന്നു. 21ന് രാവിലെ 10.30യോടെയാണ് മരണം. ശരീരത്തില്‍ അരക്ക് താഴെ 22 ചതവുകളും മുറിവുകളും ഉണ്ടായിരുന്നതായും, ഇത് മൂലമുണ്ടായ ന്യുമോണിയയാണ് മരണകാരണമായതെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
പ്രാകൃതരീതിയിലുള്ള മര്‍ദനം നടത്തിയ ശേഷം ഇതറിയാതിരിക്കാന്‍ വൈദ്യനെ എത്തിച്ച് തിരുമ്മലും നടത്തി. രഹസ്യഭാഗങ്ങളില്‍ മുളകരച്ച് തേയ്ക്കുകയും ഈര്‍ക്കില്‍ പ്രയോഗം നടത്തുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്രയെല്ലാം ചെയ്തിട്ടും വെറും രണ്ടാം ക്ലാസ് വിദ്യാഭാസവും തമിഴ്മാത്രം കൈകാര്യം ചെയ്യാനറിയുന്ന രാജ്കുമാര് തട്ടിപ്പ് സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെന്ന പോലീസ് വാദവും വിശ്വസിക്കാനാവാത്തതാണ്. കേസില്‍ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും നടപടി നാലുപേരില്‍ ഒതുക്കി കൈകഴുകുകയാണ് അന്വേഷണ സംഘം. ജുഡീഷ്യല്‍ സംഘമാകട്ടെ കേസിന്റെ പ്രാരംഭ ഘട്ടത്തിലാണ് നിലവില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: