ജ്ഞാത്വാ സുഷുമ്നാ സദ്ഭേദം
കൃത്വാ വായും ച മദ്ധ്യഗം
സ്ഥിത്വാ സദൈവ സുസ്ഥാനേ
ബ്രഹ്മരന്ധ്രേ നിരോധയേത്-4
ശുഭമായ സ്ഥലത്തിരുന്ന് സുഷുമ്നയെ തുറക്കാനുള്ള മാര്‍ഗം അറിഞ്ഞ് പ്രാണനെ അതിലൂടെ നയിച്ച് ബ്രഹ്മരന്ധ്രത്തിലെത്തിച്ച് അവിടെത്തന്നെ തടഞ്ഞു നിറുത്തണം.
കഴിഞ്ഞ ശ്ലോകത്തില്‍ പ്രാണനെയും മനസ്സിനെയും ‘കൊല്ലണം’ എന്നു പറഞ്ഞു. എങ്ങനെ? അതാണ് ഇനി പറയാന്‍ പോകുന്നത്. എങ്ങനെയുള്ള സ്ഥാനത്താണ് യോഗി ജീവിക്കേണ്ടത് എന്ന് ഒന്നാമദ്ധ്യായത്തില്‍ നമ്മള് കണ്ടു.’സുരാജ്യേ (നല്ല ഭരണമുള്ള ) ധാര്‍മികേ ദേശേ ‘ (ധര്‍മ്മമുള്ള ദേശത്ത് ) എന്നൊക്കെ അവിടെ പറഞ്ഞു വെച്ചിട്ടുണ്ട്. അവിടെയാണ് യോഗി വസിക്കേണ്ടത്. അടഞ്ഞുകിടക്കുന്ന സുഷുമ്നയെ എങ്ങിനെ നല്ല രീതിയില്‍ തുറക്കാമെന്ന് ഗുരുമുഖത്തു നിന്നറിയണം.
അങ്ങനെ പ്രാണനെ സുഷുമ്നയിലൂടെ (മദ്ധ്യഗം) നയിക്കണം. അതിനെ മൂര്ധാവിലേക്ക്, ബ്രഹ്മരന്ധ്രത്തിലേക്ക് എത്തിച്ച് അവിടെ നിര്‍ത്തണം. ഇതാണ് പ്രാണന്റെ ലയം. ‘പ്രാണാനാം ക്ഷയമാഗതേ മന: പ്രശമമായാതി’. പ്രാണന് ക്ഷയിച്ചാല്‍ മനസ്സും ലയിക്കും. അപ്പോഴാണ് ആത്മസാക്ഷാത്കാരം, ജീവന്മുക്തി ലഭിക്കുന്നത്. ജീവിച്ചിരിക്കേ തന്നെ മോക്ഷാനുഭവമുണ്ടാകും.
ശരീരത്തില്‍ 9 ദ്വാരങ്ങള്‍ (രന്ധ്രങ്ങള്‍)ഉണ്ട്. എന്നാല്‍ യോഗിമാര്‍ക്ക് മാത്രം തുറന്നു കിട്ടുന്ന ഒരു പത്താമത്തെ വാതിലുണ്ട് (ദശമ ദ്വാരം ). അതാണ് തലയോട്ടിയില്‍ ഉള്ള ദ്വാരം, ബ്രഹ്മരന്ധ്രം. ചെറിയ കുട്ടികളുടെ തലയില്‍ ഇത് വ്യക്തമായി കാണാം. ‘പതപ്പ് ‘ എന്നൊക്കെ ഇതിനു പറയും. അവിടം അതീവ മൃദുവായിരിക്കും. പ്രായമാവുമ്പോള്‍ അത് ഉറക്കും, ബലപ്പെടും. യോഗി മരിക്കുമ്പോള്‍ പ്രാണന് ഈ ബ്രഹ്മരന്ധ്രം ഭേദിച്ച് ബഹിര്‍ഗമിക്കും. ഇതിനെയാണ് ‘ കപാല ( തലയോട്) മോക്ഷ’ മെന്നറിയപ്പെടുന്നത്.
കഠ ഉപനിഷത്തില്‍ (3 16) പറയുന്നു.
‘ശതം ച ഏകാ ച (നൂറ്റൊന്ന്) ഹൃദയസ്യ നാഡ്യ:( ഹൃദയ നാഡികള്‍). താസാം ഏകാ (അവയിലൊന്ന് സുഷുമ്നാ ) മൂര്‍ധാനം അഭിനിസ്സൃതാ ( മൂര്‍ധാവില്‍ നിന്ന് പുറത്തു പോകുന്നു.) തയാ ഉര്‍ധ്വമായന്‍ (അതിലൂടെ ഊര്‍ധ്വഗമനം ചെയ്യുന്നവന്) അമൃതത്വമേതി (അമരനായിത്തീരുന്നു).
ഇപ്രകാരം സഹസ്രാരത്തിലെത്തിയ കുണ്ഡലിനി ആജ്ഞാ ചക്രത്തിലൂടെ തിരിച്ചിറങ്ങി മൂലാധാരത്തില്‍ വന്നാല്‍ ജീവിതത്തിലേക്കു തിരിച്ചു വരുന്നു. പക്ഷെ അയാള്‍ ആന്തരികമായി പരിവര്‍ത്തനത്തിനു വിധേയമായിരിക്കും. പുറത്തു സാധാരണ മനുഷ്യന് തന്നെ. ഒരു ധന്യമായ ജീവിതം.
സൂര്യാ ചന്ദ്രമസൗ ധത്ത:
കാലം രാത്രിം ദിവാത്മകം
ഭോക്ത്രീ സുഷുമ്നാ കാലസ്യ
ഗുഹ്യമേതദുദാഹൃതം. 4 17
സൂര്യ ചന്ദ്രന്മാര് രാപകലുകളാകുന്ന കാലത്തെയുണ്ടാക്കുന്നു. എന്നാല്‍ സുഷുമ്ന കാലത്തെ വിഴുങ്ങിക്കളയുന്നു. ഇത് ഒരു ഗുപ്ത ജ്ഞാനമാണ്.
സൂര്യന് പകലും ചന്ദ്രന് രാത്രിയിലുമാണ് നമുക്ക് പ്രത്യക്ഷമായി അനുഭവമാകുന്നത്.
ഇതു പുറത്തെ കാര്യം. അകത്തും ഇവ രണ്ടുമുണ്ട്. ഇഡാനാഡി (ചന്ദ്രനാഡി) രാത്രിയിലും പിംഗളാ നാഡി (സൂര്യ നാഡി) പകലും ഊര്‍ജിതമായിരിക്കും. രാത്രിയില്‍ ഉറക്കവും പകല്‍ കര്‍മ്മവും നടക്കുന്നത് ഇവയുടെ സ്വാധീനം കൊണ്ടാണ്. നമ്മുടെ ബോധതലത്തെ ഇവ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് വലിച്ചുകൊണ്ടു പോകുന്നു. ഇവയ്ക്കിടയിലുള്ള സമയമാണ് സന്ധ്യ. ഇതാണ് ഇഡാ പിംഗളകളുടെ മധ്യത്തിലുള്ള സ്ഥാനം സുഷുമ്നാനാഡിയുടെ സ്ഥാനം. അപ്പോള്‍ രാപകലില്ല.
‘സ്വര യോഗ’ ത്തില്‍ (138)പറയുന്നു: ന സന്ധ്യാ സന്ധിരിത്യാഹു: ( പുറത്തെ സന്ധ്യയല്ല യഥാര്‍ഥ സന്ധി.) വിഷമ: സന്ധിഗ: പ്രാണ:( വിഷമമായ, സമമല്ലാത്ത പ്രാണന് സന്ധിയില്‍, സുഷുമ്നയില്‍ ചേരുന്ന ) സ സന്ധി: സന്ധിരുച്യതേ (ആ സന്ധിയാണ് യഥാര്‍ഥ സന്ധ്യ).
മനസ്സിനെ മൂടി നില്ക്കുന്ന അഞ്ചു പുതപ്പുകളില്‍ ( പഞ്ച കഞ്ചുകങ്ങള്‍) ഏറ്റവും പുറത്തേതാണ് കാലം. ആ കാലത്തെയാണ് സുഷുമ്ന വിഴുങ്ങിക്കളയുന്നത്.
ബ്രഹ്മാനന്ദന് ഇതിനെ മറ്റൊരു തരത്തില്‍ കാണുന്നു. ഒരു ദിവസത്തില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ (രണ്ടര നാഴിക) സൂര്യന്റെ താണ് (പകല്‍). രണ്ടാമത്തെ മണിക്കൂര്‍ ചന്ദ്രന് (രാത്രി) ഒഴുകും. ഇങ്ങനെ രണ്ടു മണിക്കൂര്‍ കൊണ്ട് (5 നാഴിക) ഒരു രാപകല്‍ കാലം കടന്നു പോവും. അപ്പോള്‍ സാധാരണക്കാരുടെ ഒരു ദിവസം യോഗിയുടെ 12 ദിവസങ്ങളാണ്. സുഷുമ്നാ മാര്‍ഗത്തിലൂടെ പ്രാണന് ബ്രഹ്മരന്ധ്രത്തില്‍ ലയിച്ചാല്‍ പിന്നെ കാലബോധമില്ല. ഇതാണ് സുഷുമ്നയെ കാലത്തിന്റെ ഭക്ഷകനെന്നു വിളിക്കാന്‍ കാരണം. ബ്രഹ്മരന്ധ്രത്തില്‍ ലയിക്കുന്നത്രയും യോഗിയുടെ ആയുസ്സ് വര്‍ധിക്കുന്നു. ഏറെ കാലം സമാധി പരിശീലിക്കുന്ന യോഗി മരണ കാലം മുന്‍കൂട്ടി അറിഞ്ഞ് പ്രാണനെ ബ്രഹ്മരന്ധ്രത്തിലേറ്റിയാല്‍ മരണത്തെ നിവാരണം ചെയ്യാം. തന്റെ ഇഷ്ടമനുസരിച്ച് ദേഹത്തെ ഉപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: