ദിങ് എക്സ്പ്രസ് എന്ന് കായിക ലോകം ഓമനപ്പേരിട്ടു വിളിക്കുന്ന ഹിമ ദാസിനിത് ട്രാക്കിലെ സുവര്‍ണ കാലം. അന്താരാഷ്ട്ര മത്സരങ്ങളില്‍ 19 ദിവസങ്ങള്‍ക്കുള്ളില്‍ ഹിമ നേടിയത് അഞ്ച് സ്വര്‍ണം. ഹിമ ദാസ് എന്ന അസംകാരി ഓരോ വട്ടം വിജയത്തിന്റെ സുവര്‍ണ രേഖ തൊടുമ്പോഴും വാനോളമുയരുന്നത് ഇന്ത്യയുടെ യശസ്. ജൂലൈ രണ്ടിന് യൂറോപ്യന്‍ മണ്ണിലെ ആദ്യ മത്സരത്തില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് ഹിമ ഈ സീസണിലെ വിജയഗാഥ തുടങ്ങിയത്. ചെക്ക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റോയില്‍ 400 മീറ്റര്‍ സ്വര്‍ണത്തിലെത്തി നില്‍ക്കുകയാണ് ആ വിജയക്കുതിപ്പ്.
19 കാരിയായ ഈ മിടുക്കിയുടെ യുറോപ്യന്‍ സര്‍ക്യൂട്ട് മത്സരങ്ങളിലെ പ്രകടനത്തെ അഭിനന്ദിച്ചുള്ള സന്ദേശങ്ങള്‍കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങള്‍. വിജയത്തോടുള്ള ഹിമയുടെ അഭിനിവേശവും സ്ഥിരോത്സാഹവും യുവതലമുറയ്ക്ക് പ്രചോദനമാണെന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ വാക്കുകള്‍.
2018 ജൂലൈയില്‍ നടന്ന അണ്ടര്‍ 20 ലോകചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയതോടെയാണ് ഹിമ ദാസിനെ കായിക ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. അതുവരെ ഇന്ത്യയില്‍ ഒരാള്‍ക്കു പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല ഈ നേട്ടം.400 മീറ്റര്‍ തന്നെയാണ് എന്നും ഹിമയുടെ പ്രിയപ്പെട്ട ഇനം. തുടക്കത്തില്‍ വേഗം കുറച്ച് ഓടി, അവസാന 80 മീറ്ററില്‍ പരമാവധി വേഗം പുറത്തെടുക്കുന്ന ഹിമയുടെ ശൈലി അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
കഴിഞ്ഞ നാല് 200 മീറ്റര്‍ മത്സരങ്ങളിലെ ഹിമയുടെ പ്രകടനം വിലയിരുത്തുന്ന കായിക വിദഗ്ധര്‍ പറയുന്നത്, 200 മീറ്ററിലെ ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ 400 മീറ്റര്‍ മത്സരങ്ങളിലെ ആദ്യ പകുതിയിലും വേഗം കൂട്ടിയോടാന് ഹിമയ്ക്ക് സാധിക്കുമെന്നാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് 400 മീറ്റര്‍ ഫൈനലില്‍ 50.79 സെക്കന്‍ഡില്‍ ദേശീയ റെക്കോഡോടെ വെള്ളി നേടിയ പ്രകടനമാണ് ഹിമയുടെ കരിയര്‍ ബെസ്റ്റ്.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള പരിശീലനം നേടിയവരോട് അന്ന് മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ സ്പൈക്ക് അണിഞ്ഞ് ഹിമ ഓടാന്‍ തുടങ്ങിയിട്ട് വെറും പത്തൊമ്പത് മാസങ്ങളേ ആയിരുന്നുള്ളൂ. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തില്‍ ജനിച്ച ഹിമയ്ക്ക് സ്വന്തമായൊരു സ്പൈക്ക് വാങ്ങാനുള്ള പണം കൂടി ഉണ്ടായിരുന്നില്ല. എന്നാല്‍ നേട്ടങ്ങള്‍ ഓരോന്നായി തേടിയെത്തിയപ്പോള്‍ ഹിമയുടെ പേരില്‍ അഡിഡാസ് കസ്റ്റമൈസ്ഡ് സ്പൈക്കുകള്‍ തന്നെ പുറത്തിറക്കി.
അസമിലെ കര്‍ഷക കുടുംബത്തില്‍ ഏറ്റവും ഇളയവളായി ജനിച്ച ഹിമ, അച്ഛന്റെ കൃഷിയിടത്തിനടുത്തുള്ള ചെളി നിറഞ്ഞ മൈതാനത്ത് ഫുട്ബോള്‍ കളിച്ചുകൊണ്ടാണ് കായിക ജീവിതം ആരംഭിച്ചത്. എന്നാല്‍ കളിക്കളത്തിലെ ഹിമയുടെ മിന്നല്‍ വേഗം തിരിച്ചറിഞ്ഞ പരിശീലകന് അത്ലറ്റിക്സിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. പിന്നീടുള്ള വിജയക്കുതിപ്പില്‍ അസം എന്ന നാട് എന്നും ഹിമയ്ക്കൊപ്പമുണ്ടായിരുന്നു.
ഇന്ന് അസം നൂറ്റാണ്ടിലെ തന്നെ മഹാപ്രളയത്തെ നേരിടുന്ന ഈ വേളയില്‍ തന്റെ നാടിന് കൈത്താങ്ങാകാന്‍ കൂടിയാണ് ഹിമയുടെ പോരാട്ടം. വിജയങ്ങളുടെ ഘോഷയാത്രയ്ക്കിടയിലും സ്വന്തം മണ്ണിനെ മറക്കാത്ത ഹിമ പാരിതോഷികത്തിന്റെ വലിയൊരു പങ്ക് ആസാമിലെ ദുരിതാശ്വാസത്തിന് നല്കി മാതൃകയായിരിക്കുകയാണ്.
സപ്തംബറില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുക എന്ന വലിയ കടമ്പയാണ് ഇനി ഹിമയുടെ മുന്നിലുള്ളത്. അതിന് 51.80 സെക്കന്‍ഡില്‍ ഹിമ 400 മീറ്ററില്‍ വിജയരേഖ തൊടണം. വരാനുള്ള മത്സരങ്ങളില്‍ ദിങ് എക്സ്പ്രസ് ഈ കടമ്പയും മറികടക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: