കുബേരനെക്കാള്‍ വലിയ ഐശ്വര്യം സമ്പാദിക്കുമെന്ന് അമ്മയ്ക്കു വാക്കുകൊടുത്തിട്ട് കുംഭകര്ണനോടും വിഭീഷണനോടും കൂടി രാവണന് ഗോകര്‍ണ്ണത്തിലേക്കുപോയി. ബ്രഹ്മാവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസ്സുതുടങ്ങി. ആഹാരനീഹാരാദികള്‍ ഉപേക്ഷിച്ച് സമുദ്രത്തിലും കൊടും വനത്തിലും പഞ്ചാഗ്നി മധ്യത്തിലും, സ്ഥിരബുദ്ധിയോടെ ഘോരതപസ്സ്. പതിനായിരം വര്‍ഷമായിട്ടും ബ്രഹ്മാവ് പ്രത്യക്ഷനായില്ല. രാവണന് നിശ്ചയബുദ്ധിയുള്ളവനായിരുന്നു.
അഗ്നികുണ്ഡം തീര്‍ത്ത് തന്റെ ഓരോ തലയായി ഛേദിച്ചു അതില്‍ ഹോമിച്ച് പതിനായിരം വര്‍ഷം തപസ്സുചെയ്തു. എന്നിട്ടും ബ്രഹ്മാവ് കനിയാത്തതിനാല്‍ അടുത്ത തല ഹോമിച്ച് തപസ്സ്. ഇങ്ങനെ ഒമ്പതുതലയും ഹോമിച്ചു. അവസാനം പത്താമത്തെതലയും മുറിച്ച് ഹോമിക്കാന്‍ തുടങ്ങിയപ്പോള്‍ ബ്രഹ്മാവ് പ്രത്യക്ഷനായി. എന്തുവരം വേണമെന്നു ചോദിച്ചു. മരിക്കാതിരിക്കാന്‍ വരമാണ് രാവണന് ചോദിച്ചത്. ജനിച്ചാല്‍ മരിക്കുമെന്നും അതിനാല്‍ മരിക്കാതിരിക്കാനുള്ള വരം തരാന്‍ പറ്റില്ലെന്നും ബ്രഹ്മാവ് അറിയിച്ചു. എങ്കില്‍ ദേവന്മാര്, യക്ഷന്മാര്, ഉരഗങ്ങള്‍ എന്നിവയില്‍ നിന്നൊന്നും മരണമുണ്ടാകരുതെന്നും മനുഷ്യനില്‍ നിന്നു മാത്രമേ മരണം സംഭവിക്കാവൂ എന്നും രാവണന് ആവശ്യപ്പെട്ടു. അങ്ങനെതന്നെയെന്ന് ബ്രഹ്മാവ് അനുഗ്രഹിച്ചു.
അടുത്തത് കുംഭകര്‍ണന്റെ ഊഴമായിരുന്നു. ഇവന് ജന്മനാ ഭീമാകാരനും ശക്തനുമാണ്. ദേവന്മാരെ ജയിക്കണമെന്ന നിര്‍ദ്ദേവത്വം വേണമെന്നായിരുന്നു അവന് ചോദിക്കാന്‍ നിശ്ചയിച്ചിരുന്നത്. ഇതറിഞ്ഞ് ഭയന്നുപോയ ദേവന്മാര് സരസ്വതീദേവിയുടെ സഹായം തേടി. ദേവി വികടസരസ്വതിയായി കുംഭകര്‍ണന്റെ നാവില്‍ ചെന്നിരുന്നു. കുംഭകര്ണന് നിര്‍ദ്ദേവത്വം ചോദിച്ചു. പക്ഷേ നാവുപിഴച്ച് നിദ്രാവത്വം ( ഉറക്കം) എന്നായിപ്പോയി. അങ്ങനെതന്നെയെന്ന് ഉറക്കം നല്കി ബ്രഹ്മാവ് അനുഗ്രഹിച്ചു.
വിഭീഷണന് ചോദിച്ചത്
ഇന്നുമൊരുവരം നല്‍കമമാദരാലെന്നുമേ ധര്‍മ്മസ്ഥിതി പിഴയായ്കയും
ശ്രീപാദഭക്തിക്കിളക്കമില്ലായ്കയും പാപകര്‍മന്മങ്ങളില്‍ വൈമുഖ്യഭാവവും
ഏവം ഭവിപ്പാനനുഗ്രഹം നല്‍കണം ദേവദേവേശ നമസ്കാരമെപ്പൊഴും.
എന്നാണ്. അതായത് തന്നില്‍ ധര്‍മ്മചിന്ത സദാ ഉണ്ടായിരിക്കണമെന്നും വിഷ്ണുഭക്തിഒരിക്കലും കുറയരുതെന്നും പാപകര്‍മ്മങ്ങള്‍ ചെയ്യാന്‍ മടിയുണ്ടാകണമെന്നുമാണ്. അപ്പോള്‍ ബ്രഹ്മാവ് അനുഗ്രഹിച്ചു. ഭാഗവതോത്തമനായ് ധരാമണ്ഡലേ വാഴ്ക നീ കല്പാന്ത കാലത്തോളം.
വരം കിട്ടിയ രാവണാദികള് മടങ്ങിപ്പോയി. അന്നുമുതല്‍ കുംഭകര്ണ്ണന് ഉറക്കും തുടങ്ങി. കൈകസി തന്റെ പിതാവായ സുമാലിയോടും പുത്രന്മാരോടും സഹോദരന്മരോടും ബന്ധുജനങ്ങളോടുമൊപ്പം സുഖമായി വസിച്ചു. രാവണന് തന്റെ വീരപരാക്രമങ്ങള് കൊണ്ട് ലോകത്തെ വിറപ്പിക്കാനും തുടങ്ങി.
രാവണന് എന്നപേരുകിട്ടാന്‍ കാരണം
മഹാപരാക്രമിയായ രാവണന് മൂന്നുലോകത്തിലുള്ളവരെയെല്ലാം ആക്രമിച്ച് ഉപദ്രവിച്ചു. അവരുടെ വിലപ്പെട്ടതെല്ലാം അപഹരിച്ചു. ഇഷ്ടപ്പെടുന്ന രൂപം സ്വീകരിച്ച് ആകാശത്തിലൂടെ സഞ്ചരിച്ചാണ് ഉപദ്രവം. ഇങ്ങനെ ലോകങ്ങള്‍ക്കെല്ലാം രാവം (കരച്ചില്) ഉണ്ടാക്കിയതിനാല്‍ രാവണന് എന്നുവിളിച്ചുതുടങ്ങി. രാവയാമാസലോകാന്‍ യത് തസ്മാദ് രാവണ ഉച്യതേ യെന്ന് മഹാഭാരതം വനപര്‍വ്വത്തില്‍ പറയുന്നു. ശിവനാണ് രാവണന് എന്നു പേരു നല്‍കിയതെന്ന് ഉത്തരരാമായണത്തില്‍ പറയുന്നു.
പ്രഹസ്തന്റെ ദൗത്യം
ഒരുദിവസം കൈകസിയുടെ സഹോദരനായ പ്രഹസ്തന്‍ രാവണനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു. ‘‘കശ്യപന് അദിതിയെന്നും ദിതിയെന്നും രണ്ടു ഭാര്യമാരുണ്ടായിരുന്നു. അവരില്‍ അദിതിയുടെ പുത്രന്മാരാണ് ആദിത്യന്മാര്( ദേവന്മാര്). ദിതിയുടെ പുത്രന്മാരാണ് ദൈത്യന്മാര്(അസുരന്മാര്). രാക്ഷസന്മാരായ നമ്മുടെ തറവാടാണ് ലങ്കാപുരം. മാലിയും സുമാലിയും മാല്യവാനുമെല്ലാം ചേര്‍ന്ന നാം ലങ്കയിലാണു വസിച്ചിരുന്നത്. മൂന്നുലോകവും ഭരിക്കണമെന്ന് ആഗ്രഹമുണ്ടായപ്പോള്‍ ദേവന്മാരും അസുരന്മാരും പരസ്പരം ശത്രുക്കളായി. അതിനാല്‍ ഗംഭീരമായ യുദ്ധവുമുണ്ടായി. മഹാവിഷ്ണു ദേവന്മാരുടെ പക്ഷത്തു ചേര്‍ന്ന് ദേവാരികളായ രാക്ഷസന്മാരെ വധിച്ചു. നമ്മെ ലങ്കാപുരത്തില്‍ നിന്ന് ഓടിച്ചുവിട്ടു. അങ്ങനെയാണ് നാം പാതാളത്തില്‍ പോയി ഒളിച്ചു താമസിക്കേണ്ടിവന്നത്. ഇപ്പോള്‍ നിന്റെ ജ്യേഷ്ഠനായ വൈശ്രവണനാണ് ലങ്കയില്‍ വസിക്കുന്നത്. അതു നമ്മുടെ കുലത്തിന് അവകാശപ്പെട്ടതാണ്.’’
( തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: