ഒരു നാള്‍ കുബേരന്‍ പിതാവായ വിശ്രവസ്സിനെ സന്ദര്‍ശിക്കാനായി പുഷ്പകവിമാനത്തില്‍ അനുയായികളോടൊപ്പം ആകാശമാര്‍ഗ്ഗേണ പോകുന്നത് സുമാലി കണ്ടു. ഇതു കണ്ട് സുമാലി പുത്രിയായ കൈകസിയോട് പറഞ്ഞു. ‘‘ എന്റെ മകളായ നിനക്ക് ഇപ്പോള്‍ യൗവ്വനമായിരിക്കുന്നു. നിന്നെ വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ പറ്റിയ ഒരാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നമ്മുടെ ബന്ധുക്കളാരും ദേവന്മാരെ ഭയന്ന് നിന്നെ വിവാഹം കഴിക്കുകയില്ല. നിന്നെ വിവാഹിതയായി ഭര്‍ത്താവിനോടും പുത്രന്മാരോടുമൊപ്പം സുഖമായി വസിക്കുന്നതുകാണാന്‍ എനിക്കു വലിയ ഗ്രഹമുണ്ട്. ഇതാ നോക്ക് ആകാശത്തിലൂടെ പുഷ്പകവിമാനത്തില്‍ പോകുന്നത് പുലസ്ത്യമുനിയുടെ പുത്രനായ വിശ്രവസ്സിന്റെ മകന്‍ വൈശ്രവണനാണ്. പിതാവിനെ കണ്ടു വന്ദിക്കാന്‍ പോകുകയാണ്. നീ ഉത്സാഹിച്ചാല്‍ വിശ്രവസ്സില്‍ നിന്നും ഇവനെപ്പോലെ പ്രതാപിയായ ഒരു പുത്രനെ ലഭിക്കും. അതിനാല്‍ ആ മുനിയുടെ അടുത്ത് ചെന്ന് നിന്നെ ദാസിയായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുക.’’ അതുകേട്ട് കൈകസി നേരെ വിശ്രവസ്സിനെ സമീപിച്ച് മഹര്‍ഷിയെ ശുശ്രൂഷിച്ചുകഴിയാന്‍ അനുവദിക്കണമെന്നപേക്ഷിച്ചു. മുനി അനുവദിച്ചു. ഒരുദിനം സന്ധ്യാസമയത്ത് മുനി സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കൈകസി അടുത്തെത്തി തനിക്ക് സന്താനം തന്ന് അനുഗ്രഹിക്കണമെന്നു പ്രാര്‍ത്ഥിച്ചു. അവളുടെ നിര്‍ബന്ധത്താല്‍ മുനി അവള്‍ക്കു വഴങ്ങി സന്താനോല്പാദനം നടത്തി. എന്നിട്ടുപറഞ്ഞു ‘‘അശുഭസമയത്ത് നീ എന്നോടു വേഴ്ചയിലേര്‍പ്പെട്ടതിനാല്‍ നിനക്കുണ്ടാകുന്ന സന്താനങ്ങള്‍ ക്രൂരന്മാരും ദുഷ്ടബുദ്ധികളുമായിത്തീരും. അവരെ വിഷ്ണു വധിക്കും.’’ ഇതുകേട്ട് ഭയന്ന കൈകസി മഹര്‍ഷിയുടെ തപശ്ശക്തിയുപയോഗിച്ച് ദോഷം മാറ്റിത്തരണമെന്ന് അപേക്ഷിച്ചു. ‘‘നിനക്കു മൂന്നു പുത്രന്മാരുണ്ടാകും. അവരില്‍ ഏറ്റവും ഇളയവന്‍ വിഷ്ണുഭക്തനായിത്തീരും. അവന്‍ സദ്ഗുണസമ്പന്നനും സത്ത്വഗുണിയുമായിരിക്കും. വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ ദീര്‍ഘകാലം ജീവിച്ചിരിക്കും.’’ ഇതുകേട്ട് കൈകസി സമാധാനമായി പിതാവിനടുത്തേക്കു തിരിച്ചുപോയി.
കൈകസിയുടെ ഗര്‍ഭം പൂര്‍ണ്ണമായി. അവള്‍ മൂന്നുപുത്രന്മാരെയും ഒരു പുത്രിയേയും പ്രസവിച്ചു. അതില്‍ ആദ്യമുണ്ടായവന് പത്തുതലയും ഇരുപതു കൈകളുമുണ്ടായിരുന്നു. നീലപര്‍വ്വതം പോലെ ഭീഷ
ണമായ ശരീരവും ഉണ്ടായിരുന്നു. അവനാണ് രാവണന്‍. രണ്ടാമത് പ്രസവിച്ചത് അതിഭീകരമായ ശരീരവും കുടംപോലെ ചെവികളുമുള്ള കുംഭകര്‍ണ്ണനെയായിരുന്നു. മൂന്നാമതു പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണ്. അവളുടെ നഖങ്ങള്‍ ശൂര്‍പ്പം(മുറം) പോലെയിരുന്നതിനാല്‍ അവളെ ശൂര്‍പ്പണഖയെന്നു വിളിച്ചു. നാലാമത്തേത് ശാന്തനും സത്ത്വഗുണിയും ആരെയും ഭയപ്പെടുത്താത്തവനുമായ വിഭീഷണനായിരുന്നു. സുമാലി പാതാളത്തിലേക്കു മടങ്ങിപ്പോയപ്പോള്‍ കൈകസി മക്കളോടൊപ്പം ശ്ലേഷ്‌മോദകം എന്ന വനത്തില്‍ ചെന്നു താമസമാക്കി. അങ്ങനെ കഴിയുന്ന കാലത്ത് കൈകസി തങ്ങളുടെ വംശമഹത്വത്തെപ്പറ്റിയും മുത്തച്ഛന്മാര്‍ നടത്തിയയുദ്ധങ്ങളെപ്പറ്റിയും ലങ്കവിട്ടോടിപ്പോകേണ്ടിവന്ന കഥയുമൊക്കെ പറഞ്ഞുകൊടുത്തു. ഒരു ദിവസം കുബേരന്‍ ആകാശമാര്‍ഗ്ഗേണ പുഷ്പകവിമാനത്തില്‍ പോകുന്നതുകണ്ട് കൈകസി പുത്രന്മാരെ അതുകാണിച്ചുകൊടുത്തിട്ട് പറഞ്ഞു. ‘‘നോക്കൂ മക്കളേ, ആ പോകുന്നത് നിങ്ങളുടെ ജ്യേഷ്ഠനായ വൈശ്രവണനാണ്. നിങ്ങളുടെയും അവന്റേയും പിതാവ് ഒരാള്‍ തന്നെ. എന്നിട്ടെന്തുഫലം അവന്‍ തപസ്സുചെയ്ത് ഈ ഐശ്വര്യമൊക്കെ സമ്പാദിച്ചു. നമ്മുടെ വകയായ ലങ്കയില്‍ സുഖമായി വാഴുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നു. നമ്മള്‍ ഈ കാട്ടില്‍ കിടന്നു കഷ്ടപ്പെടുന്നു.’’
ഇതുകേട്ട് രാവണന്‍ കുബേരനെക്കാള്‍ വലിയ ഐശ്വര്യം സമ്പാദിക്കുമെന്ന് അമ്മയ്‌ക്കു വാക്കുകൊടുത്തിട്ട് കുംഭകര്‍ണ്ണനോടും വിഭീഷണനോടും കൂടി ഗോകര്‍ണ്ണത്തിലേക്കുപോയി. ബ്രഹ്മാവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസ്സുതുടങ്ങി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക