പാശുപതന്‍മാരുടെ മതത്തെ നിഷേധിക്കുന്ന
പത്യധികരണം തുടരുന്നു.
സൂത്രം അധിഷ്ഠാനാനുപപത്തേശ്ച
അധിഷ്ഠാനമാക്കുക എന്നതും ഉപപന്നമല്ലാത്തതിനാല്‍ ഈ മതം സ്വീകാര്യമല്ല.
കുംഭാരന്‍ മണ്ണിന്റെ അധിഷ്ഠാതാവായിരുന്നാണ് മണ്‍പാത്രങ്ങള്‍ ഉണ്ടാക്കുന്നത്. അത് പോലെ ഈശ്വരനും പ്രധാനത്തിന്റെ അധിഷ്ഠാതാവായി ജഗത്ത് സൃഷ്ടിയെ ചെയ്യാമെന്ന് പാശുപത മതക്കാര്‍ പറയുന്നു. രൂപമില്ലാത്ത ഈശ്വരന്‍ പ്രധാനത്തില്‍ അധിഷ്ഠാതാവായിരുന്ന് എങ്ങനെ ജഗത് സൃഷ്ടി നടത്തുന്നുവെന്ന് ഇവര്‍ പറയുന്നില്ല.
അവ്യക്തവും രൂപമില്ലാത്തതുമായ പ്രധാനം എങ്ങനെ അധിഷ്ഠാനമാകും എന്നത് അവര്‍ക്ക് പറഞ്ഞു തരാനാകുന്നില്ല. അവയവങ്ങളില്ലാത്തതും രൂപമില്ലാത്തതുമായ പ്രധാനം അധിഷ്ഠാനമായിത്തീരുക എന്നത് ഒരിക്കലും ചേരാത്ത സംഗതിയാണ്. അതിനാല്‍ തന്നെ പ്രധാനമാണ് ഉപാദാന കാരണം എന്ന വാദം ശരിയല്ല.
നിമിത്ത കാരണവും ഉപാദാനകാരണവും ബ്രഹ്മം തന്നെയാണ്.
സൂത്രം കരണവച്ചേന്ന ഭോഗാദിഭ്യ:
ജീവന്‍ കണ്ണ് മുതലായ ഇന്ദ്രിയങ്ങളില്‍ കടന്ന് കാര്യങ്ങള്‍ നടത്തുന്നതു പോലെ ഈശ്വരന് പ്രധാനത്തെ അധിഷ്ഠാനമാക്കി സൃഷ്ടിചെയ്യാമല്ലോ എന്നാണെങ്കില്‍ അത് ശരിയല്ല. സുഖദുഃഖാദി അനുഭവങ്ങള്‍ ഉണ്ടാകുന്നതിനാലിണിത്.
കര്‍മ്മഫലങ്ങളോട് സംബന്ധം മുതലായവയുണ്ടാകുമെന്നതിനാല്‍ ഈ വാദം ശരിയല്ല.
കണ്ണ് മുതലായവയുടെ ഇന്ദ്രിയ ശക്തിരൂപമില്ലാത്തതും കാണാനാകത്തതുമാണ്. ജീവന്‍ ഇവയില്‍ പ്രവേശിച്ച് ലോക വ്യവഹാരങ്ങള്‍ ചെയ്യുന്നുണ്ട്. ഈശ്വരനും ഇതേപോലെ അദൃശ്യവും അരൂപവുമായ പ്രധാനത്തില്‍ പ്രവേശിച്ച് നടത്തുന്നത് എന്നാണ് പൂര്‍വപക്ഷം വാദിക്കുന്നത്.
എന്നാല്‍ അത് ശരിയല്ല.
സുഖം, ദുഃഖം തുടങ്ങിയ അനുഭവങ്ങളില്‍ നിന്നാണ് ജീവന്‍ ഇന്ദ്രിയങ്ങളില്‍ പ്രവേശിക്കുന്നുവെന്ന് അറിയുന്നത്. ഈശ്വരന് ആ അനുഭവങ്ങളൊന്നുമില്ല.
പ്രധാനത്തില്‍ ഈശ്വരന്‍ പ്രവേശിച്ചുവെന്ന് വന്നാല്‍ ഈശ്വരനും സംസാരിത്വം ഉണ്ടാകും. സംസാരിയായാല്‍ ഈശ്വരത്വം പോകും. അതിനാല്‍ പ്രധാനം ജഗത് കാരണമെന്ന വാദം ശരിയാകില്ല.
സൂത്രം അന്തവത്ത്വമസര്‍വ്വജ്ഞതാ ച
അവസാനമുണ്ട് എന്ന ഭാവവും സര്‍വ്വജ്ഞത്വമില്ലായ്മയും ഇതുമൂലം ഈശ്വരന് ഉണ്ടാകും. അതിനാല്‍ പാശുപത മതം സ്വീകരിക്കാനാവില്ല.
പാശുപത മതത്തില്‍ ഈശ്വരന്‍ നിത്യനും അനന്തനുമാണ്. അത് പോലെ പ്രധാനവും ജീവന്‍മാരും നാശമില്ലാത്തവരും അനന്തന്‍മാരുമാണ്.
ഇത് യുക്തിയ്‌ക്ക് ചേരുന്നതല്ല.കാരണം മൂന്നെണ്ണമുണ്ടെങ്കില്‍ അവ പരിച്ഛിന്നങ്ങളാകും. പരിച്ഛിന്നമായവയ്‌ക്ക് നാശമുണ്ടാകും. ഇത് ജീവനും ഈശ്വരനും തമ്മില്‍ വ്യത്യാസമില്ല എന്ന അവസ്ഥയ്‌ക്ക് കാരണമാകും.
പ്രധാനവും ജീവന്‍മാരും നിത്യന്‍മാരായാല്‍ പിന്നെ ആര്‍ക്കാണ് മോക്ഷം? എങ്ങനെയാണ് മോക്ഷമുണ്ടാവുക.
ഈശ്വരന് പരിച്ഛിന്നാവസ്ഥ വന്നാല്‍ നിത്യത്വം ഇല്ലാതാകും, നശിക്കും.
ഇനി ജീവന്‍മാര്‍ നാശമില്ലാത്തവരെന്ന് പറഞ്ഞാലും കുഴപ്പമാണ്. അങ്ങനെ കോടി ജീവന്‍മാര്‍ നാശമില്ലാതെ നിലനില്‍ക്കുന്നുവെന്ന് പറഞ്ഞാലും വിഷമമാണ്.
പ്രധാനത്തേയും ഈശ്വരനേയും ജീവന്‍മാരേയും ഒരുപോലെ പറഞ്ഞാല്‍ മറ്റുള്ളവര്‍ക്കില്ലാത്ത സര്‍വജ്ഞത്വം ഈശ്വരനും ഉണ്ടാകില്ല. ഇതെല്ലാം പാശുപത മതത്തിന്റെ ദോഷങ്ങളാണ്.ഇവരുടെ സിദ്ധാന്തം വേദ വിരുദ്ധവും യുക്തിക്ക് നിരക്കാത്തതുമാണ്. അതുകൊണ്ട് തന്നെ തള്ളിക്കളയേണ്ടവയുമാണ്. ജഗത്തിന് കാരണമായത് ബ്രഹ്മം മാത്രമെന്ന് വീണ്ടും ഉറപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: