അന്തമില്ലാത്തതാണ് പ്രകൃതിയുടെ വികൃതികള്‍. ചിലപ്പോള്‍ അവ നമ്മെ ചിരിപ്പിക്കും. മറ്റു ചിലപ്പോള്‍ ചിന്തിപ്പിക്കും. ഇതുരണ്ടുമല്ലെങ്കില്‍ ഉത്തരം കിട്ടാതെ കുഴയ്ക്കുകയും ചെയ്യും. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് എപ്പോഴും വിശദീകരണം ലഭിക്കണമെന്നുമില്ല. അത്തരമൊരു പ്രതിഭാസമാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കാട്ടുമൃഗങ്ങള്‍ നടത്തുന്ന ‘കൂട്ടയോട്ടം.’ ഓരോ വര്‍ഷവും നിശ്ചിത കാലയളവില്‍ കാട്ടുമൃഗങ്ങള്‍ നടത്തുന്ന കൂട്ടയോട്ടത്തില്‍ പത്തും ഇരുപതും ലക്ഷം മൃഗങ്ങളാണ് പങ്കെടുക്കുന്നത്.
ലോകത്തിലെ ഏഴ് അദ്ഭുതങ്ങളിലൊന്നായി വനശാസ്ത്രജ്ഞരും വന്യമൃഗസ്നേഹികളും ചിത്രീകരിക്കുന്ന ഈ ഓട്ടത്തില്‍ സീബ്ര, കാട്ടുപശു, മാന്‍ തുടങ്ങി വിവിധയിനം മൃഗങ്ങള്‍ പങ്കെടുക്കും. ടാന്‍സാനിയയിലെ സെറിന്‍ഗതി നാഷണല്‍ പാര്‍ക്കില്‍ നിന്നും കെനിയയിലെ മസായ്മാര നാഷണല്‍ പാര്‍ക്കിലേക്കാണ് കൂട്ടയോട്ടം നടക്കുക. സമയം ജൂലൈ-ഒക്ടോബര്‍ മാസങ്ങള്‍. ആദിയും അന്തവുമില്ലാതെ കാലവും സമയവും കണക്കാക്കാതെ വീണ്ടുവിചാരമില്ലാതെ ഉന്മാദാവസ്ഥയില് മൃഗങ്ങള്‍ കുതിച്ചോടുമ്പോള്‍ അവയ്ക്കു മുന്നില്‍ പ്രതിബന്ധങ്ങളില്ല. മുന്നില്‍ കാണുന്നതൊക്കെ തട്ടിത്തകര്‍ത്ത് മഹാപ്രവാഹമായി അവ കുതിക്കുമ്പോള്‍ ലോകത്തെമ്പാടുമുള്ള വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ മസായ്മരയില്‍ തമ്പടിക്കും.
അരലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള സെറിന്‍ഗതി ജൈവമണ്ഡലം അദ്ഭുതങ്ങളുടെ ഒരു മായാലോകമാണ്. അവിടത്തെ ഏറ്റവും വലിയ അദ്ഭുതമാണീ കൂട്ടയോട്ടം. തങ്ങളുടെ പാതയില്‍ കാണപ്പെടുന്ന അഗാധമായ ജലാശയങ്ങളും കുലംകുത്തിയൊഴുകുന്ന മഹാനദികളുമൊന്നും ഈ ഓട്ടക്കാര്‍ക്ക് പ്രശ്നമേയല്ല. തങ്ങള്‍ക്കൊപ്പമുള്ളവര്‍ കയങ്ങളില്‍ മുങ്ങിച്ചാവുന്നതും മുതലയുടെ വായില്‍പ്പെടുന്നതും അവര്‍ കാണാറില്ല. ഇരയെ കാത്ത് നദിക്കരയില്‍ പതിയിരിക്കുന്ന സിംഹം, കടുവ, കരടി, പുലി എന്നിവയുടെ ആക്രമണങ്ങളും അവ വകവയ്ക്കാറില്ല. ഒരുതരം ഉന്മാദാവസ്ഥയിലാണ് ഓട്ടക്കാരായ ഓരോ മൃഗങ്ങളും മുന്നോട്ടുപോവുക.
പ്രസവത്തിന് മാസം തികഞ്ഞവയും തൊട്ടടുത്ത നാള് പെറ്റുവീണ മൃഗങ്ങളും മുലകുടി മാറാത്ത കുഞ്ഞുങ്ങളും ഈ മഹാപ്രവാഹത്തില്‍ കണ്ണികളാവുന്നു. അജ്ഞാത നാടുകളിലേക്കുള്ള പ്രയാണത്തില്‍നിന്ന് ഒഴിഞ്ഞുനില്ക്കാന് ഏതോ ഒരു ശക്തി അവരെ അനുവദിക്കുന്നില്ലന്നതാണ് സത്യം. ഈ ഓട്ടത്തില്‍ മൃഗങ്ങള്‍ക്ക് തങ്ങളുടെ കുട്ടികളെ നഷ്ടപ്പെടുക ഒരു സാധാരണ സംഭവം മാത്രം. മിക്ക മൃഗങ്ങളും അത് ഗൗനിക്കാറുമില്ല. എന്നാല്‍ തന്റെ പൈതലിനെ മരാ നദി നീന്തി അക്കരെയെത്തിയപ്പോള് കാണാതെവന്ന ഒരു കാട്ടുപശുവിന്റെ ദൈന്യത പ്രസിദ്ധ വന്യജീവി ഫോട്ടോഗ്രാഫര്‍ അലന്റൂട്ട് അനുസ്മരിക്കുന്നുണ്ട്-ഏഴു പ്രാവശ്യമാണ് ആ മൃഗം മുന്നോട്ടും പിന്നോട്ടും നീന്തി തന്റെ പൊന്‍കുഞ്ഞിനെ കണ്ടെത്താന്‍ ശ്രമിച്ചത്. പക്ഷേ ലക്ഷ്യം നടന്നില്ല. ഒടുവില്‍ നിരാശയോടെ അവള് മഹാപ്രവാഹത്തില്‍ അലിഞ്ഞുചേര്‍ന്നു…
ഈ മഹാപ്രവാഹത്തിന്റെ കാലത്ത് കാട്ടുപശുക്കള്‍ ചുരുങ്ങിയത് മൂന്നുലക്ഷം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതായി ഗവേഷകര്‍ കണക്കുകൂട്ടുന്നു.
കൊടുംവേനലില്‍ പുല്ലുകള്‍ വാടിയുണങ്ങുകയും മസായ്മാരയില് പുല്ലുകള്‍ കിളുര്‍ത്ത് പൊങ്ങുകയും ചെയ്യുമ്പോഴാണ് ഓട്ടത്തിന് കളമൊരുങ്ങുക. ‘അക്കരെ’ നാട്ടിലെ സസ്യസമൃദ്ധി അവയ്ക്ക് ഏതോ ജൈവചോദനകൊണ്ട് അറിയാന്‍ കഴിയുന്നതാവുമെന്ന് ഗവേഷകര്‍ കരുതുന്നു. മാര്‍ച്ചിലെ ചൂടില്‍ സെറിന്‍ ഗതിയിലെ പുല്‍മേടുകളിലെ പച്ചപ്പ് കരിഞ്ഞുണങ്ങുമ്പോഴാണ് നൂറ് കണക്കിന് കിലോമീറ്റര്‍ അകലെയുള്ള മസായ്മരയിലേക്ക് അവ ഓടിത്തുടങ്ങുക. അവയുടെ ജീവകോശങ്ങളുടെ ഉള്ളില്‍ത്തുടിക്കുന്ന ജനിതക ഘടകങ്ങളാണ് അതിനവയെ പ്രേരിപ്പിക്കുന്നതെന്ന് കരുതുന്നു. കാലാവസ്ഥയിലുണ്ടാകുന്ന വന്യമായ മാറ്റത്തോടുള്ള പ്രതികരണമാണ് ഊ കൂട്ടയോട്ടമെന്ന് വാദിക്കുന്ന ഗവേഷകരുമുണ്ട്.
യാത്രയില്‍ വഴിതെറ്റുക അപൂര്‍വം. തെറ്റിയാല്‍ കാത്തിരിക്കുന്നത് വിശപ്പും ദാഹവും മരണവും. വഴിയിലെ ജലസമൃദ്ധമായ തടാകങ്ങളുടെ- നുകു, മാസ്ക്, ലഗര്‍ജാ എന്നിവ-ചുറ്റിനുമുള്ള പുല്‍ക്കാടുകളും ക്രൂരമൃഗങ്ങളുടെ സങ്കേതമാണ്. ജലത്തില്‍ ഇരപിടിയന്മാരായ മുതലകളും ചുറ്റും കടുവ, പുലി തുടങ്ങിയ ക്രൂരജന്തുക്കളും-വന്യമൃഗങ്ങള്‍ക്ക് ഈ യാത്ര മുറതെറ്റാത്ത ഒരു മഹാദൗത്യമാണ്. ജനനവും മരണവും മാത്രമല്ല, ഇണചേരലും ഗര്‍ഭധാരണവും പ്രസവവുമൊക്കെ ഇതിനിടയില്‍ മുറതെറ്റാതെ നടക്കും. അപകടം മൂലം അംഗസംഖ്യയിലുണ്ടാവുന്ന കുറവുകള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. പുല്ലുതിന്ന് പശിയടങ്ങി ക്ഷീണമകലുമ്പോള്‍ അവ ജന്മനാടുകളെ ഓര്‍ക്കും. അപ്പോഴേക്കും, പുല്‍നാമ്പുകള്‍ മുളയ്ക്കുമ്പോഴേക്കും അവ മടങ്ങിയെത്തും. ഉത്തരം കിട്ടാത്ത ഈ മഹായാത്ര അനന്തമായി തുടരുന്നു; നൂറ്റാണ്ടുകളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: