കണ്ണൂര്‍: ധീരബലിദാനി വിശാലിന്റെ അനുസ്മരണത്തോടനുബന്ധിച്ച് തലശേരി ബ്രണ്ണന്‍ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരം പിഴുതുമാറ്റി പ്രിന്‍സിപ്പല്‍. വിശാല അനുസ്മരണത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ താല്‍ക്കാലിക കൊടിമരം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം പോലീസിനെ വിളിച്ച് വരുത്തിയ പ്രിന്‍സിപ്പാള്‍ കൊടി പിഴുത് ധര്‍മ്മടം എസ്ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. പ്രിന്‍സിപ്പാള്‍ തന്നെയാണ് കൊടിമരം പൊക്കിയെടുത്ത് പോലീസ് വാഹനം വരെ നടന്ന് ചെന്ന് പോലീസിന് കൈമാറിയത്.
പ്രിന്‍സിപ്പാളിന്റെ അനുമതിയോടെയാണ് പതാക ഉയര്‍ത്തിയതെന്ന് എബിവിപി നേതൃത്വം വ്യക്തമാക്കി. എന്നാല്‍ എസ്എഫ്ഐ നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ പ്രിന്‍സിപ്പാള്‍ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു.
എസ്എഫ്ഐയുടെ ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിച്ച് ബ്രണ്ണന്‍ കോളേജില്‍ എബിവിപിയുടെ പ്രവര്‍ത്തനം സജീവമാണ്. എബിവിപി പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തിയാലും ഇരുട്ടിന്റെ മറവില്‍ സിപിഎം സംഘം പിഴുത് കൊണ്ട് പോവുകയാണ് പതിവ്. എസ്എഫ്ഐയുടെ പതാക കോളേജില്‍ സ്ഥിരമായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കോളേജ് അധികൃതരോ പോലീസോ ഇടപെടാറില്ല. എന്നാല്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് താല്‍ക്കാലികമായി പോലും ഇവിടെ പതാക ഉയര്‍ത്താന്‍ സാധിക്കുന്നില്ല.
സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ബ്രണ്ണന്‍ കോളേജില്‍ പോലീസ് എബിവിപിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നത്. സിപിഎം ഇരുട്ടിന്റെ മറവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പോലീസും പ്രിന്‍സിപ്പാളും പകല്‍ വെളിച്ചത്തില്‍ തന്നെ എബിവിപിക്ക് എതിരെ പ്രവര്‍ത്തിക്കുന്നു എന്നതാണ് വസ്തുത. ധര്‍മ്മടം സ്റ്റേഷനില്‍ സിപിഎം സെല്ലായി പ്രവര്‍ത്തിക്കുന്ന പോലീസ് സംഘമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
















