തിരുവനന്തപുരം: അടിമുടി അഴിമതിയില്‍ മുങ്ങിയിരിക്കുന്ന ഇടത് സര്‍ക്കാര്‍ അപമാണെണെന്നും ഇത് ബോദ്ധ്യമായിട്ടും കാഴ്ചക്കാരായി മാറിയ പ്രതിപക്ഷം ദയനീയമായി പരാജയപ്പെട്ടെന്നും ബിഡിജെസ് വൈസ് പ്രസിഡന്റ് ടിവി ബാബു.
കേരളത്തിലെ ഇടതുപക്ഷ കക്ഷികളും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും പ്രതിസ്ഥാനത്താണ്. പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ നിയമസഭക്കകത്തും പുറത്തും ദയനീയ പരാജയമായി മാറിയ പ്രതിപക്ഷ നേതാവും അവരുടെ എംഎല്‍എമാരും യു ഡി എഫും നിസ്സഹായരാണ്. പ്രശ്‌നങ്ങളെ വാക്‌പോരിലൊതുക്കി അടുത്ത ഭരണം സ്വപ്നം കണ്ട് കാലം കഴിക്കയാണവര്‍. എല്ലാതരം കൃത്യവിലോപങ്ങളുടെയും കൂട്ടുകച്ചവടക്കാരാണെന്ന് ഇരു മുന്നണികളും തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ശിവരജ്ഞിത്തിന്റെ സ്‌പോര്‍ട്ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച പരിശോധന നടക്കാനിരിക്കെ അവ നിയമാനുസൃതമാണെന്ന് മുന്‍കൂര്‍ വ്യക്തമാക്കുവാന്‍ ലജ്ജയില്ലാത്ത കേരള പി.എസ്.സി യുടെ ചെയര്‍മാന്റെ നടപടി അഴിമതിയിലെ കൂട്ടുത്തരവാദിത്വത്തിന്റെ തെളിവാണ്. ലക്ഷക്കണക്കിന് തൊഴിലന്വേഷകരോടു ചെയ്ത അപരാധത്തിന് നിലവിലെ പി.എസ്.സി ബോര്‍ഡ് പിരിച്ചുവിടണം. ഇവര്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റുകള്‍ സംബന്ധിച്ചും യൂണിവേഴ്‌സിറ്റികള്‍ നടത്തി വരുന്ന പരീക്ഷാ നടത്തിപ്പുകളും സമഗ്രമായ അന്വേഷണത്തിനു വിധേയമാക്കണം. ചാന്‍സിലറായ കേരള ഗവര്‍ണറിലാണ് നീതി ആഗ്രഹിക്കുന്നവര്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളതെന്നും ടിവി ബാബു കൂട്ടിച്ചേര്‍ത്തു.
സമ്പത്തും രാഷ്‌ട്രീയ സ്വാധീനവും സാധാരണക്കാരായ വിദ്യാര്‍ത്ഥികളേയും തൊഴിലന്വേഷകരേയും തകര്‍ക്കുന്നുവെന്ന് ബോദ്ധ്യപ്പെടുത്തിയ വര്‍ത്തമാനകാല സംഭവങ്ങള്‍ ഗവര്‍ണര്‍ക്ക് പരിഗണിക്കേണ്ടി വരും. വിവിധവകുപ്പുകള്‍ നേരിട്ടു നടത്തി വരുന്ന എല്ലാതരം നിയമനങ്ങളെപ്പറ്റിയും സോഷ്യല്‍ ആഡിറ്റു നടത്തി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാവണം. ഇപ്പോള്‍ നടന്നുവരുന്ന നിയമനങ്ങളില്‍ പാര്‍ട്ടി സഖാക്കളെ കുത്തിനിറച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് പാലക്കാട് മെഡിക്കല്‍ കോളേജിലും കീര്‍ത്താഡ്‌സിലും നടന്നതു പോലുള്ള സ്ഥിരപ്പെടുത്തല്‍ നാടകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഴിമതിയുടെയും കൊലപാതക രാഷ്‌ട്രീയത്തിന്റെയും ആള്‍കൂട്ടകൊലകള്‍, കസ്റ്റഡി മരണങ്ങള്‍, തുടങ്ങിയവയുടെ പേരില്‍ മലീമസമായ കേരളം ലോകത്തിനു മുന്നില്‍ അപമാനിക്കപ്പെട്ടതില്‍ കേരളത്തിലെ പ്രതിപക്ഷം ലജ്ജിക്കണം. തിരുത്തിക്കുവാന്‍ ആളും സംവിധാനങ്ങളുമില്ലാത്ത സംസ്ഥാനമായി. വിദ്യാര്‍ത്ഥികള്‍ ഭീകര വാഴ്ചയിലേക്ക് അധ:പതിച്ചു. കലാലയങ്ങളിലെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളെ നിരോധിക്കയാണ് വേണ്ടതെന്നും ടിവി ബാബു വ്യക്തമാക്കി.
















