കൊച്ചി: ഫ്‌ളക്‌സ് ബോര്‍ഡ് നിരോധനം നടപ്പിലാക്കാത്ത പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഫ്‌ളക്‌സ് ബോര്‍ഡ് നിരോധനം നടപ്പിലാക്കാതെ സര്‍ക്കാര്‍ കോടതിയെ വെല്ലുവിളിക്കുകയാണ്. നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യം വേണം. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഉണ്ട്. ഇങ്ങനെ പോയാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്നും ഹൈക്കോടതി താക്കീത് ചെയ്തു.
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കണമെന്ന് ഉത്തരവിട്ടിട്ടും അത് നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതെന്തുകൊണ്ടാണ്. ഈ കേസ് സംബന്ധിച്ചുള്ള എല്ലാ ഹര്‍ജികളും തള്ളിയിട്ടും സര്‍ക്കാരിന് മാത്രം എന്താണ് സംശയമെന്നും കോടതി ചോദിച്ചു. ഉത്തരവുകള്‍ പുറപ്പെടുവിച്ച് മടുത്തു. വെറുതെ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ഇനിയാകില്ല. സര്‍ക്കാരിന് വേണമെങ്കില്‍ ഒരു മിനിറ്റ് കൊണ്ട് ഉത്തരവ് നടപ്പാക്കാന്‍ കഴിയും. എന്തുകൊണ്ട് റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കുന്നില്ല എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
എന്നാല്‍, മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തിനാണ് ഇനിയും മറുപടി എന്നായിരുന്നു കോടതിയുടെ പ്രതികരണം. നിരോധന ഉത്തരവുണ്ടായിട്ടും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ആളുകള്‍ക്ക് എന്തും ചെയ്യാം എന്ന സ്ഥിതിയാണിപ്പോള്‍. സര്‍ക്കാര്‍ അതിനു കൂട്ടുനില്‍ക്കുകയാണ്. കോടതി ചെയ്യുന്നത് തെറ്റാണ് എന്ന് പറയാന്‍ സാധിക്കുമോയെന്നും ഹൈക്കോടതി ചോദിച്ചു.
അനധികൃത ഫ്‌ലെക്‌സ് സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കാന്‍ സര്‍ക്കാരിന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ നടപടി സ്വീകരിക്കണം. ഫ്‌ലെക്‌സ് സ്ഥാപിക്കുന്നവരില്‍ നിന്ന് 5000 രൂപ മുതല്‍ 10000 രൂപ വരെ സര്‍ക്കാരിന് ഫൈന്‍ ഈടാക്കാം. ഫൈന്‍ അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടണം. ഫ്‌ലെക്‌സ് സ്ഥാപിച്ച കമ്പനികളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന കര്‍ശന താക്കീതും കോടതി നല്‍കി.
















